Thursday 11 February 2016

അഷ്ടപദി 1 - പ്രളയപയോധിജലേ ( Ashtapadi 1 - Pralayapayodhi Jale )

(രാഗം - മാളവി, (സൗരാഷ്ട്രം) , താളം - ആദി)

പ്രളയ പയോധിജലേ, കൃഷ്ണ! ധൃതവാനസി വേദം
വിഹിതവഹിത്രചരിത്രമഖേദം കേശവധൃത! മീനശരീര
ജയജഗദീശഹരേ! കൃഷ്ണ! കൃഷ്ണ! ജയജഗദീശഹരേ

അല്ലയോ കൃഷ്ണാ, മഹാപ്രളയജലത്തിലൂടെ മത്സ്യശരീരനായി സമുദ്രത്തിൽ നിന്നും വേദങ്ങളെ വീണ്ടെടുക്കാൻ നീ അവതരിച്ചു. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു. വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു. സിന്ധൂനദീതട, ഹുയാംഹോ, നൈൽ , മേഹർഗാവ് , എന്നിങ്ങനെ  ലോകത്തെ എല്ലാ പുരാതനസംസ്ക്കാരങ്ങളിലും, ബൈബിളിൽ നോഹയുടെ പേടകം ഉൾപ്പടെ ഇത്തരം ഒരു കഥ ഉണ്ട്.)

ക്ഷിതിരതി വിപുലതരേ ഹരേകൃഷ്ണ!തവ തിഷ്ഠതിപ്രൃഷ്ഠേ
ധരണിധരണകിണ ചക്രഗരിഷ്ഠേ കേശവധൃത-
കച്ഛപരൂപ!ജയ ജഗദീശഹരേ, ഹരേകൃഷ്ണ! ജയ

ഹരേകൃഷ്ണാ, സമുദ്രത്തിൽ താണുപോകുമായിരുന്ന മാന്ഥരപർവ്വതത്തെ കൂർമ്മമായി അവതരിച്ച് നിന്റെ ശക്തവും വിശാലവുമായ പുറത്താൽ താങ്ങി നിർത്തി പലാഴിമഥനത്തിനു നീ തുണയരുളി. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(ദുർവാസാവ് മഹർഷിയുടെ സമ്മാനമായ കല്പ്പകദൃമഹാരം ദേവേന്ദ്രന്റെ അന്നത്തെ ആനയുടെ പുറത്ത് വയ്ക്കുകയും, പുഷ്പഗന്ധമേറ്റ് വന്ന ഭ്രമരങ്ങളുടെ സല്യത്താൽ അസഹിഷ്ണത പൂണ്ട ആന, അത് വലിച്ച് താഴെയിട്ട് ചവുട്ടിയരയ്ക്കുകയും, ഇത് കണ്ട് കോപിഷ്ടനായ മുനിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവാസുരന്മാർ പാലാഴി കടയാൻ തുടങ്ങി. മന്ദരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കി പാലാഴി മഥനം ആരംഭിച്ചു. ഈ സമയം ആധാരമില്ലാത്തതിനാൽ, സമുദ്രത്തിലാണ്ടു പോയ മന്ഥര പർവതത്തെ പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് വിഷ്ണു ആമയായ് അവതാരമെടുത്തു. തന്റെ പുറത്തുതാങ്ങി പർവതത്തെമേല്പോട്ടുയർത്തി.)

വസതി ദശനശിഖരേ- ഹരേകൃഷ്ണ! ധരണീ തവ ലഗ്നാ
ശശിനി കളങ്കകലേവ നിമഗ്നാ കേശവ ധൃത-
സൂകരരൂപ! ജയ ജഗദീശഹരേ കൃഷ്ണ ജയ ജഗദീശ.

ഹരേകൃഷ്ണാ, വരാഹരൂപത്തിൽ അവതരിച്ച് നിന്റെ ബലമേറിയ തേറ്റയാൽ ഭൂമിയെ നീ ഉയരത്തി സംരക്ഷിച്ചപ്പോൾ ചന്ദ്രക്കലയ്ക്ക് സദൃശമായ മനോഹര ദർശനമായി അത്. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. താപസന്മാരെ ദാനവന്മാരാകട്ടെ എന്ന് ശപിച്ചു. ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു)

തവകരകമലവരേ കൃഷ്ണ! നഖമത്ഭുതശൃംഗം
ദളിത ഹിരണ്യകശിപുതനുഭൃംഗം കേശവ ധൃത-
നരഹരിരൂപ! ജയ ജഗദീശ ഹരേ കൃഷ്ണ ജയ ജഗദീശ.

അല്ലയോ കൃഷ്ണാ, നരസിംഹരൂപമെടുത്ത നീ കരങ്ങളിലെ കരങ്ങളിലെ ഘോരമായ നഖത്താൽ ഹിരണ്യകശ്യപനെന്ന അസുരപ്രമാണിയെ പിച്ചിച്ചീന്തുമ്പോൾ നിനക്ക് മുന്നിൽ അവൻ ഒരു വണ്ടിനോളം നിഷപ്രഭനായിരുന്നു. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(മഹാവിഷ്ണു കൃതയുഗത്തിൽ എടുത്ത അവസാനത്തെ അവതാരമാണ് നരസിംഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്, ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്, രാവോ പകലോ തന്നെ കൊല്ലരുത്, ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത് എന്ന വരം വാങ്ങി. ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയും അനന്തരം തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.)

ഛലയസി വിക്രമണേ കൃഷ്ണ! ബലിമത്ഭുതവാമന
പദനഖനീരജനിത ജനപാവന കേശവ, ധൃത-
വാമനരൂപ, ജയ ജഗദീശ, ഹരേ കൃഷ്ണ! ജയ ജഗദീശ.

അല്ലയോ കൃഷ്ണാ, യുവബ്രഹ്മചാരിയായ വാമന അവതാരത്തിൽ നീ അസുരച്ചക്രവർത്തി മഹാബലിയോട് മൂന്നടി മണ്ണീരന്നു. പിന്നീട് വിക്രമാനായ നീ കൗശലത്താൽ പ്രപഞ്ചത്തെ മൂന്നടിയായളന്നു . നിന്റെ പാദനഖങ്ങളെ തഴുകുന്ന ജലം പുണ്യമുള്ളതായി തീരുന്നു. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. ദേവന്ദ്രന്റെ മിഥ്യാഭയത്തിൽ ഗതികെട്ട് അദിതിയുടേയും കശ്യപന്റെയും പുത്രനായി ഗംഗയുടെ തീരത്തെ ആശ്രമത്തിൽ അവതരിച്ച“വടു” ആയിരുന്നു വാമനൻ. മഹാബലി യാഗം നടത്തിയ നർമ്മദാനദിയുടെ തീരത്തെത്തി മൂന്നടി മണ്ണ് തപസ്സ് ചെയ്യുവാൻ ഭിക്ഷ യാചിച്ച ബാലൻ, ദാനം ലഭിച്ചപ്പോൾ പ്രപഞ്ചം നിറഞ്ഞ രൂപാന്തരം പ്രാപിച്ച്, രണ്ടടിയിൽ തന്നെ പ്രപഞ്ചമളന്ന്, മൂന്നാം കാല്വയ്പ്പിനിടം തേടി. ശിരസ്സ് കുനിച്ച മഹാബലിയെ ഗിരികളും സമതലവും ഉപേക്ഷിച്ച് സമുദ്രതടമായ പാതാളത്തിലേക്കയച്ച് ഇന്ദ്രന്റെ ഭയമാകറ്റി )

ക്ഷത്രിയ രുധിരമയേ കൃഷ്ണ! ജഗദപഗതപാപം
സ്നപയസി പയസി ശമിതഭവതാപം കേശവ ധൃത-
ഭൃഗുപതിരൂപ! ജയ ജഗദീശഹരേ, കൃഷ്ണ! ജയ ജഗദീശ.

ഹേ, കൃഷ്ണാ, പാപികളായ ക്ഷത്രിയരെ നിഗ്രഹിച്ച് സാധുജനസംരക്ഷണാർഥം നീ ഭാർഗ്ഗവരാമാനായി അവതരിച്ചു. രുധിരപ്പുഴകളാൽ നീ ദുരിതങ്ങൾ തുടച്ച് നീക്കി. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(കേരളോല്പത്തി കഥയിൽ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനിയാണ് പരശുരാമൻ. പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദ പുരുഷനായി നിലകൊള്ളുന്നു. ദക്ഷിണ ഭാരതത്തിലേക്കുള്ള ആര്യാവർത്തത്തിന്റെ കൈയേറ്റമായിട്ടാണ്‌ പലരും പരശുരാമൻ ദക്ഷിണഭാരതത്തിൽ ബ്രാഹ്മണക്ഷേത്രങ്ങൾ സ്ഥാപിച്ചതിനെ കാണുന്നത്. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദ പുരുഷനാവുന്നു.)

വിതരസി ദിക്ഷുരണേ കൃഷ്ണ! ദിക്പതി കമനീയം
ദശമുഖമൌലിബലിം രമണീയം കേശവധൃത-
രഘുപതിരൂപ! ജയ ജഗദീശഹരേ കൃഷ്ണ!ജയ ജഗദീശ.

ഹേ, കൃഷ്ണാ, ശ്രീരാമനായി രഘുവംശത്തിൽ അവതരിച്ച നീ, ദശമുഖനായ രാക്ഷസരാജാവ് രാവണനെ നിഗ്രഹിച്ചു. സകല ദിശകളിലും ധർമ്മം പരിപാലിച്ചു. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(ഹിന്ദു ആരാധനാമൂർത്തികളിൽ പ്രധാനിയാണ് രാമൻ. ഏഷ്യയിലും, കിഴക്കേ ഏഷ്യയിലും ഉള്ള പുരാണകാവ്യങ്ങളിൽ രാമൻ പ്രസിദ്ധമാണ്. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. നന്മയുടെ ദൈവമായും ശ്രീരാമനെ കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി. ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ. രാമചരിതവും ജീവനവും ധർമ്മത്തിന് ഉദാഹരണമാണ്. ഉത്തമപുരുഷനും പൂർണ്ണ മനുഷ്യനുമായിരുന്നു രാമൻ. ദശരഥൻ കൊടുത്ത ശപഥം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു.പത്നി സീതക്കും അനുജൻ ലക്ഷ്മണനും രാമനെ പിരിഞ്ഞിരിക്കുവാൻ കഴിയാത്തതുകൊണ്ട് പതിന്നാലു വർഷത്തെ വനവാസത്തിന് രാമനൊപ്പം പോകുകയും ചെയ്തു. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ചെയ്തു. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയിൽ ഉണ്ടെന്ന് ഹനുമാൻ കണ്ടെത്തുകയും. ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു. വനവാസത്തിനു ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവർത്തിയായി, പിന്നീടുള്ള പതിനോരായിരം വർഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ രാമരാജ്യ മായി അറിയപ്പെട്ടു.)

വഹസി വപുഷി വിശദേ കൃഷ്ണ! വസനം ജലദാഭം
ഹലഹതിഭീതിമിളിത യമുനാഭം കേശവ ധൃത-
ഹലധരരൂപ!ജയ ജഗദീശഹരേ കൃഷ്ണ!ജയ ജഗദീശ.

ഹേ കൃഷ്ണാ, ബലരാമനായി അവതരിച്ച നീ വെള്ളിമേഘം പോലെ തിളങ്ങുന്നവനെങ്കിലും കറുത്ത വസ്ത്രങ്ങൾ അണിഞ്ഞിരുന്നു. കറുത്ത നദിയായ കാളിന്ദിയെ കലപ്പയാൽ ഇഷ്ടാനുസരണം യമുനയിൽ ലയിപ്പിച്ചവനാണു നീ. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(ബാലദേവൻ, ബാലഭദ്രൻ, ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ്‌ ബലരാമൻ.അതിയായ ബലത്തോട്‌ കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടു കൂടിയവരുമായതു കൊണ്ട്‌ ബലരാമൻ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായി ത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീ രാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ദ്രനും ബലരാമനും മദ്യപാനികളാണ്‌. ഈ പ്രത്യേകതയാണ്‌ അവരുടെ മൗലികമായ ഏകതയെ സൂചിപ്പിക്കാൻ ചരിത്രകാരന്മാർ ഉപയോഗിക്കുന്നത്. സ്വന്തം കർത്തവ്യം മറന്ന് മദ്യാസക്തനായിരിക്കുന്ന ബലരാമനെ പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. ആധുനിക പുരാണസംഹിതകൾ മഹാവിഷ്ണുവിന്റെ അവതാരമായി പരിഗണിയ്ക്കാതെ ബലരാമനെ അനന്തന്റെ അവതാരമായി കരുതിപോരുന്നു. ത്രേതാ യുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.)

നിന്ദസി യജ്ഞ വിധേ കൃഷ്ണ ! അഹഹ ശ്രുതിജാതം
സദയഹൃദയദർശിതപശുഘാതം കേശവധൃത-
ബുദ്ധശരീര! ജയ ജഗദീശ, ഹരേ കൃഷ്ണ! ജയ ജഗദീശ.

ഹേ കൃഷ്ണാ, നീ അനുപമകൃപാനിധിയായ ബുദ്ധനായി അവതാരമെടുത്തു. യജ്ഞങ്ങളിലെയും ആചാരങ്ങളില്ലേയും മൃഗബലി പോലെയുള്ള അനാചാരങ്ങൾ ഇല്ലാതാക്കി. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(ബുദ്ധൻ എന്നു പിന്നീടു നാമധേയം സിദ്ധിച്ച ഗൗതമസിദ്ധാർത്ഥൻ ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ്‌. ശ്രീബുദ്ധനാണ്‌ ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ബുദ്ധനെന്ന് എല്ലാ ബുദ്ധമതാനുയായികളും വിശ്വസിക്കുന്നു. സിദ്ധാർത്ഥൻ എന്നാണ്‌ അദ്ദേഹത്തിന്റെ യഥാർത്ഥനാമഥേയം. ഗൗതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്നു. ബുദ്ധമതം തകർത്തെറിഞ്ഞ വർണ്ണാശ്രമികൾ തന്നെ പിന്നീട് ശ്രീബുദ്ധനെ വിഷ്ണുവിന്റെ അവതാരമാക്കി.ബുദ്ധമതക്കാർ ഇതംഗീകരിയ്ക്കുന്നില്ല, നാസ്തികതയൊടടുത്ത് നില്ക്കുന്ന ബുദ്ധമതതത്വങ്ങൾ ബഹുദൈവ ഹിന്ദുത്വത്തെ നിഷേധിയ്ക്കുന്നു. എന്നാൽ ഹരിവംശം 1.41, ഭാഗവതപുരാണം 1.3.24., 2.7.37, 11.4.23, ഗരുഢപുരാണം 1.1, 2.30.7, 3.15.26, അഗ്നിപുരാണം 16, നാരദപുരാണം 2.72, ലിംഗപുരാണം 2.71, പദ്മപുരാണം 3.2 എന്നിവിടങ്ങളിലെല്ലാം ബുദ്ധനെ കുറിച്ച് എഴുതിച്ചേർത്ത് എന്നാൽ അസുരനിഷാദ ജന്മങ്ങളെ തെറ്റായ ആത്മീയ മാര്ഗ്ഗം കാട്ടി നിത്യനരകത്തിൽ എത്തിയ്ക്കുവാൻ അവതരിച്ചതാണെന്ന് കൂടി പറഞ്ഞ് വെടക്കാക്കി തനിക്കാക്കി എന്ന പറയുന്നതാവും ഉത്തമം)

മ്ലേച്ഛനിവഹനിധനേ കൃഷ്ണ! കലയസി കരവാളം
ധൂമകേതുമിവ കിമപി കരാളം കേശവ, ധൃത-
ഖൾഗിശരീര! ജയജഗദീശഹരേ കൃഷ്ണ! ജയ ജഗദീശ.

ഹേ കൃഷ്ണാ, ധൂമകേതുവിനെ പോലെയുള്ള കരവാളുമായി നീ ഇനി കല്ക്കിയായി അവതരിയ്ക്കും. കളിയുഗാന്ത്യത്ത്തിൽ മ്ളേച്ഛ ജനതയുടെ ഭീകര അന്ത്യത്തിന് നീ വഴിയൊരുക്കും. പ്രപഞ്ചത്തിനീശ്വരായവനേ കൃഷ്ണാ, നിനക്ക് എന്നും ജയം.


(മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു. ദേവനാഗിരിയിൽ കൽക്കി എന്ന വാക്കിനർത്ഥം 'അനശ്വരത','വെളുത്ത കുതിര' എന്നൊക്കെയാണ്. 'മാലിന്യത്തെ അകറ്റുന്നവൻ' എന്നർത്ഥമുള്ള 'കൽക' എന്ന സംസ്കൃത ധാതുവിൽ നിന്നാണ് കൽക്കി എന്ന വാക്കുണ്ടായതെന്നു കരുതുന്നു. കലിയുഗാന്ത്യത്തിൽ ഭഗവാൻ മഹാവിഷ്ണു കൽക്കിയെന്ന അവതാരമെടുക്കുമെന്ന് പല പുരാണങ്ങളും പ്രവചിക്കുന്നു. വിഷ്ണുവിൻറെ ഒമ്പതാമത്തെ അവതാരമായ ശ്രീ കൃഷ്ണൻ ഇഹലോകവാസം വെടിഞ്ഞതോടെ കലിയുഗം ആരംഭിച്ചു. കലിയുഗത്തിൽ ധർമ്മം ക്ഷയിക്കുകയും അധർമ്മത്തിന് ഉയർച്ചയുണ്ടാകുകയും ചെയ്യും.മനുഷ്യർ സത്യവും ധർമ്മവും ഉപേക്ഷിച്ച് അധാർമ്മികമായ ജീവിതം നയിക്കും. ഭരണാധികാരികളുടെ ലക്ഷ്യം പണം മാത്രമാകും. ക്ഷാമം, സാംക്രമിക രോഗങ്ങൾ, വരൾച്ച, കൊടുങ്കാറ്റ് എന്നിവയാൽ ജനം കഷ്ടപ്പെടും.അങ്ങനെ കാലദോഷത്തിൻറെ പാരമ്യത്തിൽ ധർമ്മം പുനസ്ഥാപിക്കുവാനായി ഭഗവാൻ വിഷ്ണു ശംഭലം എന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ കൽക്കിയായി ജനിക്കും.ദുഷ്ടൻമാരെ നിഗ്രഹിച്ച് വർണ്ണാശ്രമ ധർമ്മങ്ങളും (ബ്രാഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം) പുരുഷാർത്ഥങ്ങളും (ധർമ്മം, അർത്ഥം, കാമം, മോക്ഷം) പുനഃസ്ഥാപിക്കും. അതോടെ കലിയുഗം അവസാനിക്കുകയും ധാർമ്മികതയുടെയും പവിത്രതയുടെയും സത്യയുഗം (കൃതയുഗം) ആരംഭിക്കുകയും ചെയ്യും. ഒടുവിൽ അവതാര ലക്ഷ്യം പൂർത്തിയാക്കി കൽക്കി വിഷ്ണുവിൽ  ലയിക്കും)

ശ്രീജയദേവകവേഃകൃഷ്ണ! ഇദമുദിതമുദാരം
ശൃണു ശുഭദം സുഖദം ഭവസാരം കേശവ, ധൃത
ദശവിധരൂപ ജയ ജഗദീശ ഹരേ കൃഷ്ണ ! ജയ ജഗദീശഹരേ.

ജയദേവനായ കവി ആദിവിഷ്ണുവിന്റെ ദശാവതാരങ്ങൾ ഇവിടെ വിവരിച്ചു. ഭക്തര്ക്ക് ഇത് ഐശ്വര്യവും സന്തോഷവും ഒപ്പം ശരിയായ പ്രാപഞ്ചിക നിലനില്പ്പും സാധ്യമാക്കട്ടേ.

No comments:

Post a Comment