Thursday 11 February 2016

അഷ്ടപദി - ആമുഖം (Preface to Ashtapadi)

അഷ്ടപദി : ഏത് രീതിയിൽ സമീപിച്ചാലും ചില ഭാവനകൾക്ക്, സങ്കൽപ്പങ്ങൾക്ക്, വിഗ്രഹങ്ങൾക്ക് കേട് പറ്റാതിരിയ്ക്കണമെങ്കിൽ നല്ല നയചാതുര്യവും, ഭാഗ്യവും വേണ്ട കൃതി. അഷ്ടശ്ളോകങ്ങളുള്ള അഷ്ടപദങ്ങൾ ചേർന്ന അദ്ധ്യായങ്ങൾ ആയി ഈ 400 വരികൾ ഹൈന്ദവ ക്ഷേത്രങ്ങളിൽ സോപാന സംഗീതമായി ആലപിയ്ക്കുന്ന കാവ്യങ്ങളിൽ പ്രമുഖസ്ഥാനം എന്നും നിലനിർത്തിപ്പോരുന്നു.

അഷ്ടപദിയും ഗീതാഗോവിന്ദവും ചിലപ്പോഴൊക്കെ ജനങ്ങളെ ആശയക്കുഴപ്പത്തിൽ കൊണ്ടെത്തിയ്ക്കാറുണ്ട്. ഇവ രണ്ടും ഒന്നാണോ?

ഓറീസ്സയിൽ ജനിച്ച കവി ജയദേവൻ 12 ആം നൂറ്റാണ്ടിൽ എഴുതിയ കാവ്യമാണ് ഗീതാഗോവിന്ദം.

ഈ കൃതി 12 അദ്ധ്യായങ്ങൾ ആയി തിരിച്ച്ചിരിയ്ക്കുന്നു.

ഈ 12 അദ്ധ്യായങ്ങളിൽ ആയി ആകെ 24 പ്രബന്ധങ്ങളായി അഷ്ടപദികളും ശ്ലോകങ്ങളും ഉപവർഗ്ഗീകരിച്ച്ചിരിയ്ക്കുന്നു. ഓരോ അദ്ധ്യാ യത്ത്തിലും ഒന്നോ അതിൽ കൂടുതലോ പ്രബന്ധങ്ങൾ ഉണ്ട്.

എട്ട് ഈരടികളെ വർഗ്ഗീകരിയ്ക്കുന്നതാണ് ഒരു അഷ്ടപദി. 24 അഷ്ടപദികൾ ആണുള്ളത്. ഓരോ പ്രബന്ധത്തിനും ഉള്ളിൽ ഓരോ അഷ്ടപദിയും ഒന്നോ കൂടുതലോ ശ്ലോകങ്ങളും ആണുള്ളത്. ആദ്യ ഈരടിയ്ക്കൊപ്പം അനുപല്ലവി ആയി വരുന്ന ഈരടി എല്ലാ ഈരടികളുടേയും അവസാനം ചേർത്ത്‌ പാടുന്നു. അങ്ങനെ നോക്കിയാൽ 24 * 8 * 2 = 384 + 8 * 2 = 400 വരികൾ ആകെ അഷ്ടപദികളിൽ ഉണ്ട്.


ഹൈന്ദവമത പുനരുദ്ധാരണത്തിനായി ആദിശങ്കരൻ മുതൽ കരാളമുഖൻവരെ ഏറ്റവുമധികം ഹിംസിച്ച, തകർത്തെറിഞ്ഞ ബുദ്ധസങ്കല്പ്പത്തെ ഇവിടെ വൈഷ്ണവ അവതാരപരിവേഷം നൽകി ആദരിയ്ക്കുന്നു. ബുദ്ധവിഹാരങ്ങൾ ക്ഷേത്രങ്ങളും നമ്പൂകധീരന്മാർ നമ്പൂതിരികളും ആയ അതേ ചുറ്റമ്പലങ്ങളിൽ തർക്കത്തിൽ തോൽപ്പിച്ച് തലയറുത്തവരുടെ ആത്മാക്കളെ സാക്ഷിയാക്കി ഇന്ന് ബുദ്ധനെ വാഴ്ത്താം. തുടർച്ചയായ നാല് നാളുകളെടുത്താൽ ഒരു നേരമെങ്കിലും അഷ്ടപദിയെന്ന ഇഷ്ടസഖിയെ ഊഴമായി ഗുരുവായൂരപ്പനും അമ്പലപ്പുഴയിലെ എന്റെ സ്വന്തം കൃഷ്ണനും കേട്ടാസ്വദിയ്ക്കുന്നു. 

മഹാവിഷ്ണുവിന്റെ ദശാവതാര പരാമർശ്ശങ്ങൾ അടങ്ങിയ "പ്രളയപയോധിജലേ" എന്നാ ആദ്യ പദം, അതിനാമുഖമായുള്ള ശ്ളോകം എന്നിവ വിവർത്തനം ചെയ്ത് ചേർക്കുന്നു. ഇവിടെ പ്രധാനമായും ശ്രദ്ധിയ്ക്കേണ്ട വിഷയം, മഹാവിഷ്ണുവും ശ്രീകൃഷ്ണനും രണ്ടല്ല, ഒന്ന് തന്നെയാണ് എന്നതാണ്. അതിനാൽ തന്നെ "മത്സ്യം തൊട്ട് കൂട്ടിയ"ദശാവതാരങ്ങളിൽ കൃഷ്ണനില്ല, എന്നാൽ ബുദ്ധനുണ്ട്. ഉത്തരേന്ത്യൻ സാഹിത്യകൃതികളിൽ ഇതൊരു പുതിയ കാര്യമല്ല, എന്നാൽ മിക്കവയിലും ബുദ്ധൻ വൈഷ്ണവവതാരം ആവുമ്പോൾ ഇടം നഷ്ടപ്പെടുന്നത് അനന്തന്റെ അവതാരമായി മാറ്റി നിർത്തപ്പെടുന്ന ബലരാമനാണ്. പൂർണ്ണാവതാരമായി കൃഷ്ണനെ സങ്കൽപ്പിയ്ക്കുന്ന രീതി ഭൂരിപക്ഷ കൃതികളിലും കാണാം, അവിടെ ബുദ്ധൻ ബലരാമനെ നിഷ്ക്കാസിതനാക്കി പട്ടികയിൽ സ്ഥാനംപിടിയ്ക്കുന്നു. എന്നാൽ കടുത്ത ഭക്തി മത വർണ്ണ സാഹിത്യഭീകരർ പൊതുവേ ശ്രീരാമനെ പൂർണ്ണാവതാരമാക്കുകയും, ദാത്തത്രയനെ ബലരാമന് പകരക്കാരൻ ആക്കുകയും ചെയ്തു വരുന്നു.

പുരാണങ്ങളിൽ ഏതാണ്ട് 42 അംശാവതാരങ്ങൾ മഹാവിഷ്ണുവിന്റേതായി നമുക്ക് കാണുവാൻ കഴിയും. ദാത്തത്രയനും, മോഹിനിയും, നാരായണൻ, ഹയഗ്രീവൻ, സനൽകുമാരനും ഒക്കെ ഈ പട്ടികയിൽ വരുന്നവരാണ്. വിവാദ വിഷയങ്ങൾക്ക് തല്ക്കാലം വിട, ആദ്യ അഷ്ടപദിയ്ക്ക്   ആമുഖമായി ഗീതഗോവിന്ദത്തിൽ ജയദേവകവി ഒരുക്കുന്ന പശ്ചാത്തലത്തിലൂടെ ....

ശ്ലോകം - ഒന്ന്

മേഘൈർമേദുരമംബരം,വനഭൂവഃ ശ്യാമാസ്തമാലദ്രുമൈഃ
നക്തം ഭീരുരയം, ത്വമേവ തദിമം രാധേ, ഗൃഹം പ്രാപയ
ഇഥം നന്ദനിദേശശ്ചലിതയോഃ പ്രത്യദ്ധ്വകുഞ്ജബ്രുമം
രാധാമാധവയോഃ ജയന്തി യമുനാകൂലേ രഹഃ കേളയഃ

കാർമേഘങ്ങൾ ഉരുണ്ട് കൂടിയ ആകാശവും, അന്തിവെളിച്ചത്തെ കടന്നു വരാനനുവദിയ്ക്കാത്ത ഇലകൾ തിങ്ങിയ ഉയരം കൂടിയ തമലവൃക്ഷങ്ങളും ചേർന്ന് നന്ദനവനത്തിലെ ആ സന്ധ്യയ്ക്ക് കടുത്ത ഇരുൾ പകർന്നു. കൃഷ്ണനു പൊതുവേ രാത്രിയുടെ ഇരുട്ടിനോട് ഭയമാണെന്നറിയാവുന്ന സ്നേഹനിധിയായ പിതാവ് നന്ദഗോപർ കൂട്ടത്തിൽ മുതിർന്നവൾ ആയ രാധയോട് കൃഷ്ണനെ സുരക്ഷിതമായി ഭവനത്തിൽ എത്തിയ്ക്കുവാൻ ആവശ്യപ്പെടുന്നു. അവർ രണ്ട് പേരും മാത്രമായുള്ള ആ യാത്രയ്ക്കിടയിൽ യമുനാനദിക്കരയിലെ, വൃക്ഷച്ചുവട്ടിൽ പടർന്ന് കയറിയ വള്ളിപ്പടർപ്പുകൾ രൂപം നല്കിയ ലതാഗൃഹത്തിന്റെ മറയിൽ വച്ച് , രാധയും കൃഷ്ണനും രാസലീലകളാടി ദേഹദേഹീദാഹം ശമിപ്പിച്ചു.

ശ്ലോകം രണ്ട്

വാഗ്ദേവതാചരിതചിത്രിതചിത്തസത്മാ
പത്മാവതീചരണചാരണചക്രവർത്തി
ശ്രീവാസുദേവരതികേളികഥാസമേതം
ഏതം തനോതി ജയദേവകവി:പ്രബന്ധം.

ഹൃദയം നിറയെ വാഗ്ദേവതയുടെ സാന്നിദ്ധ്യം അനുഭപ്പെടുന്ന കവി ജയദേവൻ,( രചനകൾ നടത്തുവാനുള്ള അഭിനിവേശം നിറയുമ്പോൾ ) രാധാറാണിയുടെ മുഖ്യഭക്തൻ കൂടിയായതിനാൽ (ഭാര്യ പദ്മാവതിയുടെ നൃത്തത്തിനുതകുന്ന വരികൾ ചിട്ടപ്പെടുത്തി നല്കേണ്ടത് ആവശ്യമാകയാൽ) രാധയുടേയും കൃഷ്ണന്റേയും രതിക്രീഡകളുടെ വിവരണങ്ങൾ അടങ്ങിയ ഈ പ്രബന്ധം രചിയ്ക്കുകയാണ്. 

ശ്ലോകം - മൂന്ന്

യദി ഹരിസ്മരണേ സരസം മനോ
യദി വിലാസകലാസു കുതൂഹലം
മധുരകോമളാന്തപദാവലീം
ശൃണു സദാ ജയദേവസരസ്വതീം.

അല്ലയോ സഹൃദയാ, നിൻ ഹൃദയം വിഷ്ണുവിന്റെ സ്മരണകളാൽ തരളമാകുന്നെങ്കിൽ, കൃഷ്ണരാധമാരുടെ ദിവ്യലീലകളിൽ നിനക്ക് ജിജ്ഞാസയുണ്ടെങ്കിൽ, മധുരവും മനോഹരവുമായ പദങ്ങൾ കൊരുത്തെടുത്ത ഈ ഹാരം വണീദേവിയ്ക്ക് സമർപ്പിച്ച് ജയദേവൻ ഇവിടെ നിനക്കായി കരുതിയിരിയ്ക്കുന്നു.

ശ്ലോകം - നാല്

വാചഃ പല്ലവയത്യുമാപതിധരഃ സന്ദർഭശുദ്ധിം ഗിരാം
ജാനീതേ ജയദേവ ഏവ ചരണശ്ലാഘ്യോ ദുരുഹാദൃതേ
ശൃംഗാരോത്തര സത്പ്രമേയ രചനൈഃ ആചര്യഗോവർദ്ധന
സ്പർദ്ധീ കോപി ന വിശ്രുത ശ്രുതിധരോ ധോയീ-കവിക്ഷമാപതിഃ

കവിയായ ഉമാപതി പദപ്രയോഗ ചാതുരിയിൽ അഗ്രഗണ്യൻ തന്നെ, ശരണന്റെ കൃതികൾ ദുർഗ്രാഹ്യമാണ്, ഗോവർദ്ധനാചര്യ ആണെങ്കിലോ ശൃംഗാരരസ വർണ്ണനയിൽ ആരാലും ദുർജ്ജയൻ, ഇനി കവികളുടെ രാജൻ ആയ ധോയി എല്ലാവരേയും തന്റെ വരികളാൽ പിടിച്ചടുപ്പിയ്ക്കുന്നു. ഈ കവികളൊക്കെ ഉണ്ടെങ്കിലും ജയദേവൻ മാത്രമറിയുന്ന ഒന്നുണ്ട്, അത് പ്രസ്തുത സാഹചര്യത്തിന് ഏറ്റവും ഉദാത്തമായ വാക്കുകൾ കോർത്ത് എങ്ങനെ കാവ്യഹാരം നിർമ്മിയ്ക്കണം എന്നതാണ്. 

ഇനി അഷ്ടപദിയിലേയ്ക്ക്....

No comments:

Post a Comment