Sunday 21 June 2015

അഷ്ടപദി 24 - നിജഗാദ സാ യദുനന്ദനേ (Ashtapadi - 24 - Nijgaada Saa Yadunandane)

രാധാകൃഷ്ണന്മാർ കലഹാനന്തരം സംഗമിച്ച്, രാസക്രീഡയ്ക്ക് ശേഷം ആലസ്യത്തിൽ ആണ്ട് കിടന്ന രാധ ഉന്മാദഭരിതയായി കൃഷ്ണനോട് പറയുന്നതാണീ അവസാന അഷ്ടപദിയിൽ.

രാഗം : സുരുട്ടി, ചക്രവാകം)

കുരു യദുനന്ദന ചന്ദന ശിശിര തരേണ കരേണ പയോധരേ 
മൃഗമദ പത്രകമത്ര മനോഭവ മംഗല കലശ സഹോദരേ 
നിജഗാദ സാ യദുനന്ദനേ 
ക്രീഡതി ഹൃദയാനന്ദനേ

അല്ലയോ മഹാനായ യദുനന്ദനാ.. നിന്റെ ചന്ദന തൈലത്തിലും കുളിർമ്മയുള്ള കരയുഗങ്ങളാൽ കാമദേവന്റെ കലശങ്ങളായ എന്റെസ്തനങ്ങളിൽ കസ്തൂരിതൈലം ലേപനം ചെയ്താലും.. അത് വഴി ഞാൻ നിന്നിൽ പൂർണ്ണമായി ലയിയ്ക്കട്ടേ.. യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 

അളികുലഭഞ്ജന മഞ്ജനകം രതിനായക സായക മോചനേ
ത്വദധര ചുംബന ലംബിത കജ്ജളമുജ്ജ്വലയ്യ് പ്രിയ ലോചനേ 
നിജഗാദ സാ യദുനന്ദനേ 
ക്രീഡതി ഹൃദയാനന്ദനേ

അല്ലയോ പ്രിയനേ.. മന്മഥന്റെ ശരങ്ങൾ അവസാനമില്ലാതെ കടക്കണ്ണൂകളാൽ എയ്തിരുന്ന കണ്ണുകളിലെ കരിമഷി അലങ്കരിച്ച എന്റെ കണ്ണൂകൾ നിന്റെ ചുംബനങ്ങളാൽ മഷി മാഞ്ഞ് ഒഴിഞ്ഞ ആവനാഴി പോലെ ആയിരിയ്ക്കുന്നു. തേനീച്ചക്കൂട്ടത്തെ പോലെ ഇരുണ്ട കരിമഷിയാൽ നീ എന്റെ കണ്ണൂകളെഴുതി അവയ്ക്ക് ചൈതന്യം പകരൂ.. യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 

നയന കുരംഗ തരംഗ വികാസ നിരാശകരേ ശ്രുതി മൺഡലേ 
മനസിജ പാശ വിലാസധരേ ശുഭവംശേ നിവേശായ കുണ്ഡലേ 
നിജഗാദ സാ യദുനന്ദനേ 
ക്രീഡതി ഹൃദയാനന്ദനേ

ഓ.. പ്രിയനേ.. എന്റെ മിഴികളിലെ മാൻപേടകളുടെ തുള്ളീച്ചാട്ടത്തെ പരിധി വിടാതെ പ്രതിരോധിയ്ക്കുന്ന കർണ്ണങ്ങളെ നീ ആഭരങ്ങളാൽ അലങ്കരിച്ചാലും..കാമദേവൻ തന്റെ പാശത്താൽ തീർത്ത കെണി പോലെ ആ കുണ്ഡലങ്ങൾ എന്റെ കടമിഴിയുടെ കടാാക്ഷങ്ങളെ പ്രതിരോധിയ്ക്കട്ടേ.... യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 


ഭ്രമരചയം രചയന്ത മുപരി രുചിരം സുചിരം മമ സംമുഖേ 
ജിതകമലേ വിമലേ പരികർമയ നർമ്മജനകമലകം മുഖേ 
നിജഗാദ സാ യദുനന്ദനേ 
ക്രീഡതി ഹൃദയാനന്ദനേ

ഓ.. പ്രിയനേ.. എന്റെ അഴിഞ്ഞു കിടക്കുന്ന കേശഭാരം നീ കാണുന്നില്ലേ? അവ നിനക്ക് ഒരു താമരപ്പൂവിനു ചുറ്റും തേനീച്ചക്കൂട്ടം പറക്കുന്ന പ്രതീതി ഉളവാക്കുന്നില്ലേ? എന്റെ നളിനത്തെ അതിശയിപ്പിയ്ക്കുന്ന ഈ മുഖത്ത് നിന്നും ആ ചിതറിക്കിടക്കുന്ന ചുരുണ്ട കാർകുഴൽ നീക്കിയാലും, അതിനെ പ്രിയകരമായ രീതിയിൽ അലങ്കരിച്ചാലും.... യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 

മൃഗമദ രസവലിതം ലളിതം കുരു തിലകമലിക രജനീകരേ 
വിഹിതകളങ്കകലം കമലാനന വിശ്രമിത ശ്രമശീകരേ 
നിജഗാദ സാ യദുനന്ദനേ 
ക്രീഡതി ഹൃദയാനന്ദനേ

അല്ലയോ.. കമലാനനാ.. രതിക്രീഡയിലെ വേപധു തങ്ങി നിന്ന് ബാഷ്പീകരിയ്ക്കയാൽ എന്റെ നെറ്റിത്തടത്തിൽ ചന്ദ്രനിലെ മാൻപേട ന്നപോലെ അടയാളം സൃഷ്ടിയ്ക്ക-പ്പെട്ടിരിയ്ക്കുന്നു. ഈ കസ്തൂരിയാൽ അർദ്ധചന്ദ്രനായി നീ വിശേഷിപ്പിയ്ക്കുന്ന എന്റെ നെറ്റിത്തടത്തിൽ ഒരു തിലകം ചാർത്തി തന്നാലും.... യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 

മമ രുചിരേ ചികുരേ കുരു മാനദ മാനസിജ ധ്വജ ചാമരേ 
രതിഗളിതേ ലളിതേ കുസുമാനി ശിഖണ്ഡി ശിഖണ്ഡക ഡാമരേ 
നിജഗാദ സാ യദുനന്ദനേ 
ക്രീഡതി ഹൃദയാനന്ദനേ

ഓ... പ്രിയനേ.. മറ്റുള്ളവരെ മാനിയ്ക്കുകയും, പരിഗണിയ്ക്കുകയും ചെയ്യുക നിന്റെ ശീലമാണ്. പൂക്കളാൽ അലങ്കരിച്ച എന്റെ കേശഭാരത്തെ നീ പീലി വിടർത്തിയാടുന്ന മയിലിന്റെ വർണ്ണപ്പീലികളോട് ഉപമിച്ചു. എന്നാൽ ഇപ്പോൾ രതിയുടെ ആവേശത്തിൽ കാമദേവന്റെ പതാക പോലെ ഉലഞ്ഞാടി കെട്ടഴിഞ്ഞ്, വിടർന്ന് അത് ഒരു വശത്തേയ്ക്ക് വീണു കിടക്കുന്നു. നീ അതിനെ മൂന്നായി വകഞ്ഞ് കെട്ടി അതിൽ പൂക്കളും, മുട്ടുകളും അടുക്കി സ്വർഗ്ഗീയ സുഗന്ധം നിറച്ചാലും... യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 


സരസഘനേ ജഘനേ മമ ശംബര ദാരണ വാരണ കന്ദരേ 
മണി രസനാ വസനാഭരണാനി ശുഭാശയ വാസയ സുന്ദരേ 
നിജഗാദ സാ യദുനന്ദനേ 
ക്രീഡതി ഹൃദയാനന്ദനേ

ഓ.. പ്രിയനേ.. എല്ലാം കൊണ്ടും പരിപൂർണ്ണനായവനേ.. നിന്റെ കമലസമാനമായ കരങ്ങൾ എല്ലാ ഐശ്വര്യങ്ങൾക്കും നിദാനമാണ്. രസഭരിതമായ നിന്റെ ഹൃദയം, അതിലെ വിചാരധാര ആണ് എല്ലാ പ്രത്യേകതകൾക്കും കാരണമായിട്ടുള്ളത്. ഞാൻ .. എന്റെ എല്ലാം നിനക്ക് സമർപ്പിച്ചു കഴിഞ്ഞു, ഇനി വിവസ്ത്ര ആക്കിയ നീ തന്നെ എന്നെ വസ്ത്രങ്ങളാൽ, രത്നഭരിതമായ ആഭരണങ്ങളാൽ എന്റെ ശരീരവും, അരക്കെട്ടും, കാമദേവന്റെ ഹസ്തത്തിൻ ഉറവിടവും അലങ്കരിച്ചാലും.... യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 

ശ്രീജയദേവ വചസി രുചിരേ ഹൃദയം സദയം കുരു മൺഡനേ 
ഹരിചരണ സ്മരണാമൃത കൃതകലി കലുഷ ഭവജ്വര ഖണ്ഡനേ
നിജഗാദ സാ യദുനന്ദനേ 
ക്രീഡതി ഹൃദയാനന്ദനേ

ശ്രീ ജയദേവ കവിയാൽ രചിയ്ക്കപ്പെട്ട ഈ വളരെ പ്രത്യേകതകൾ നിറഞ്ഞ വരികൾ ആസ്വാദകന്റെ മനസ്സിൽ ഭക്ത്യോന്മാദങ്ങൾ നിറയ്ക്കട്ടേ..അവ ശ്രീഹരിയുടെ പാദകമലങ്ങളുടെ അമൃതമയമായ സ്മരണകൾ ആകയാൽ, കലിയുഗത്തിന്റെ എല്ലാവിധ കളങ്കങ്ങളും, വ്യാധികളും, പാപങ്ങളിൽ നിന്നും മുക്തി പ്രദാനം ചെയ്യുന്നതാണ്. രതിക്രീഡയിൽ ഉന്മാദത്തിന്റെ ശൃംഗം സ്പർശ്ശിച്ച രാധ.... യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു.

(ഇത് അവസാനത്തെ അഷ്ടപദിയാണ്. ഇതിന് ശേഷവും ഗീതഗോവിന്ദത്തിൽ ശ്ലോകങ്ങൾ ഉണ്ട്. അക്രൂരനോടൊപ്പം മധുരയ്ക്ക് പോയ കൃഷ്ണൻ പിന്നീടൊരിയ്ക്കലും രാധയൊടൊപ്പം കഴിഞ്ഞിട്ടില്ല, വിടപറയും നേരം അവൾക്ക് സമ്മാനിച്ച  ആ പുല്ലാങ്കുഴൽ മാത്രമായി കണ്ണൻ!


വർഷങ്ങൾക്ക് ശേഷം സമുദ്രതീരത്ത് പൂർണ്ണസൂര്യഗ്രഹണ സമയത്തെ ബലിച്ചടങ്ങുകളിലാണ് അവസാനമായി അവർ കാണുന്നത് ; പരസ്പരം നോക്കിനിന്നതും, കണ്ണുകൾ നിറഞ്ഞൊഴുകിയതുമല്ലാതെ ഒരു വാക്കും പരസ്പരം ഉരിയാടിയില്ല, ആലിംഗനമോ, സപർശ്ശനമോ പോലും ഉണ്ടായില്ല; അപ്പോഴേയ്ക്കും രാധ വെറും ഒരു വീട്ടമ്മയും, ശ്രീകൃഷ്ണൻ രാജ്യതന്ത്രജ്ഞനും ആയിക്കഴിഞ്ഞിരുന്നു. )  

No comments:

Post a Comment