Sunday 14 June 2015

അഷ്ടപദി 20 - മുഗ്ധേ മധുമഥനമനുഗത (Ashtapadi - 20 - Mugdhe Madhumathanamanugatha)

(കൃഷ്ണന്റെ വരവും മധുരഭാഷണവും രാധയിൽ വലിയ മാറ്റം ഉണ്ടാക്കിയെങ്കിലും, അവൻ ലതാഗൃഹത്തിലേയ്ക്ക് മടങ്ങിയപ്പോൾ അനുഗമിയ്ക്കാൻ അവൾ തയ്യാറായില്ല. വിട്ടുമാറാത്ത ആ അകൽച്ചയെ ..പരിഭവത്തെ.. അഹന്തയെ.. അതിന്റെ വ്യർത്ഥത വ്യക്തമാക്കി രാധയെ രാസലീലയ്ക്ക് സഖി പ്രേരിപ്പിയ്ക്കുകയാണീ അഷ്ടപദിയിൽ.

രാഗം - കല്യാണി )

വിരചിത ചാടുവചന രചനം ചരണേ രചിതപ്രണിപാതം
സംപ്രതി മഞ്ജുലവഞ്ജുലസീമനി കേളിശയനമനുയാതം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

രാധയുടെ സഖി പറയുന്നു... പ്രിയ തോഴീ.. രാധേ.. നിന്നോട് മൃദുവും, മധുരതരവുമായ മൊഴികൾ ചൊരിഞ്ഞ്, നിന്റെ മുന്നിൽ മുട്ടുകുത്തി വണങ്ങി , നിന്റെ പാദങ്ങൾ ശിരസ്സിൽ വച്ച് സ്തുതിച്ച്, അവൻ... ആ ശ്യാമവർണ്ണൻ കദംബ വൃക്ഷത്തണലിലെ ലതാഗൃഹത്തിൽ പുഷ്പ്പശയ്യയിൽ രാസലീലയ്ക്കായി നിന്നെയും കാത്ത് ശയിയ്ക്കുന്നു. കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും ...

ഘനജഘന സ്തനഭാരഭരേ ദരമന്ഥര ചരണവിഹാരം
മുഖരിത മണീമഞ്ജീരമുപൈഹി വിധേഹി മരാലവികാരം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

പ്രിയ തോഴീ.. രാധേ.. അവൻ കാത്തിരിയ്ക്കുന്ന നദിക്കരയിലെ നികുഞ്ജത്തിലേയ്ക്ക് നിന്റെ വിസ്തൃതമായ അരക്കെട്ടും, ഭാരമേറിയ സ്തനങ്ങളും നിഷ്ക്കർഷിയ്ക്കുന്ന മന്ദഗതിയായ ചലനത്തിലൂടെ നീങ്ങിയാലും... ആ യാത്രയിൽ നിനക്കും അവനും ഉന്മാദദായകമായി നിന്റെ അരമണി കിങ്ങിണികളും, പാദസരങ്ങളും കിലുങ്ങട്ടേ.. അരയന്നപ്പിടയുടെ ഗതിതാളത്തിൽ നീ അവനെ സമീപിയ്ക്കുക, അതവനിൽ വികാരവാഞ്ച ജ്വലിപ്പിയ്ക്കട്ടേ ...
കറയറ്റ താരുണ്യ ലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും ..


ശൃണു രമണീയതരം തരുണീജനമോഹന മധുപവിരാവം
കുസുമശരാസന ശാസനബന്ദിനി പികനികരേ ഭജ ഭാവം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

ഗോപികാ ഹൃദയങ്ങളുടെ താളം തെറ്റിച്ച്, അവരെ സ്വർഗ്ഗീയ സംഗീത വീചികളിൽ നീരാടച്ചും, അതിൽ അലിഞ്ഞ് സ്വയം ഇല്ലാതാക്കുകയും ചെയ്യുന്ന കൃഷ്ണന്റെ മുരളിയിൽ നിന്നൊഴുകി വരുന്ന ലളിതസംഗീതം ആസ്വദിച്ചാലും.. മന്മഥന്റെ നിർദ്ദേശങ്ങൾ വിളംബരം ചെയ്യുന്ന കുയിലുകളുടെ മധുഗാനരവം നുകരൂ.. 
കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും ...

അനിലതരല കിസലയ നികരേണ കരേണ ലതാനികുരുംബം
പ്രേരണമിവ കരഭോരു കരോതി ഗതിം പ്രതിമുഞ്ച വിളംബം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

അല്ലയോ.. രാധേ... ആനയുടെ തുമ്പിക്കൈയ്ക്ക് സമാനമായ ഉരുക്കളോട് കൂടിയവളേ.. ഇളം കാറ്റിൽ ഇളകുന്ന ഈ തളിരിലകളും, വള്ളിപ്പടർപ്പുകളും നിന്നോട് മന്ത്രിയ്ക്കുന്നത് .... വിളംബം കൂടാതെ അവൻ കാത്തിരിയ്ക്കുന്ന ലതാനികുഞ്ജത്തിലേയ്ക്ക് പോകുവാനാണ്, അവിടേയ്ക്കുള്ള മാർഗ്ഗം കാട്ടിത്തരികയാണ് അവയുടെ ആ കരങ്ങളിലൂടെ, അവയുടെ ചലനങ്ങളിലൂടെ... 
കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും ...

സ്ഫുരിതമനങ്ഗതരങ്ഗവശാദിവ സൂചിതഹരിപരിരംഭം
പൃച്ഛ മനോഹരഹാരവിമലജലധാരമമും കുചകുംഭം
മുഗ്ധേ മധുമഥനമനുഗതമനുസര രാധികേ

അല്ലയോ.. രാധേ... ആ മനോജ്ഞമായ രത്നഹാരത്താൽ അലങ്കരിയ്ക്കപ്പെടുന്ന നിന്റെ ശുദ്ധവും തെളിഞ്ഞതുമായ ജലം സംഭരിച്ച കലശസമാനമായ, കുചങ്ങളോട് ഒരു വട്ടം ചോദിച്ച് നോക്കുക.. അവ ശ്രീ ഹരിയുടെ പരിരംഭണത്തിൽ തുള്ളീതുളുമ്പാൻ വെമ്പുകയല്ലേ എന്ന് ? 
കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും ...


അധിഗതമഖിലസഖീഭിരിദം തവ വപുരപി രതിരണസജ്ജം
ചണ്ഡി രസിതരശനാരവഡിണ്ഡിമമഭിസര സരസമലജ്ജം
മുഗ്ധേ മധുമഥനമനുഗതമനുസര രാധികേ

അല്ലയോ..രാധേ... നിന്റെ സഖിമാരായ ഞങ്ങൾക്കെല്ലാം വ്യക്തമാണ് നിന്റെ മനോഗതം... നിന്റെ ദേഹം രതിക്രീഡയ്ക്ക് സജ്ജമായി നിന്ന് ദേഹിയിൽ സമ്മർദ്ദം ചെലുത്തുകയാണ്. രതിവേഗത്തിനായ് തുടിയ്ക്കുന്നവളേ... അവൻ നിനക്കായി കാത്തിരിയ്ക്കുന്ന നിങ്ങളുടെ രഹസ്യസമാഗമ ലതാഗൃഹത്തിലേയ്ക്ക് നിന്റെ അരമണികളുടെ കിലുക്കത്താൽ ആഗമനം വിളംബരം ചെയ്തും, ലജ്ജയെ കുടഞ്ഞെറിഞ്ഞ് ഉല്ലാസവതിയായി സമാഗമത്തിനായി കടന്ന് ചെല്ലുക.. 
കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും ...

സ്മരശരസുഭഗനഖേന കരേണ സഖീമവലമ്ബ്യ സലീലം
ചല വലയക്വണീതൈരവ ബോധയ ഹരമപി നിജഗതിശീലം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

അല്ലയോ..രാധേ... സഖിമാരാൽ വർണ്ണങ്ങൾ തൂകി അണിയിച്ചൊരുക്കിയ നിന്റെ വിരലിലെ അഞ്ച് നഖങ്ങൾ ഇപ്പോൾ കാമദേവന്റെ പഞ്ചശരങ്ങൾ ആയിത്തീർന്നിരിയ്ക്കുന്നു. അവയുടെപ്രയോഗത്താൽ പ്രണയലീലയിൽ കുശലനായ ശ്രീഹരിയെ വികാരതരളിതനാക്കിയാലും. ലതാനികുന്ജ്ജത്തിലെത്തുന്ന നീ കയ്യിലെ കങ്കണങ്ങളുടെ കുലുക്കത്തിലൂടെ അവനെ നിന്റെ വരവറിയിച്ചാലും.... 
കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും ...

ശ്രീജയദേവ ഭണിത മധരീകൃത ഹാരമുദാസിതവാമം
ഹരി വിനിഹിത മനസാമധിതിഷ്ഠതു കണ്ഠതടീമവിരാമം
മുഗ്ധേ മധുമഥന മനുഗത മനുസര രാധികേ

കവി ജയദേവനാൽ രചിയ്ക്കപ്പെട്ട ഈ ഗാനം ശ്രീഹരിയെ ഹൃദയങ്ങളിൽ വഹിയ്ക്കുന്ന ഭക്തജനങ്ങൾക്കും സഹൃദയർക്കും അവരുടെ കണ്ഠത്തിൽ പ്രശോഭിയ്ക്കും ഹാരങ്ങളേക്കാൾ പ്രിയകരവും സ്ഥായിയായി നിലനില്ക്കുന്നതും ആയിത്തീരട്ടെ... സഖി രാധയെ കൃഷ്ണസവിധത്തിലേയ്ക്ക് നയിയ്ക്കുന്നു... 
കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും ...

No comments:

Post a Comment