Tuesday 16 June 2015

അഷ്ടപദി 21 - മഞ്ജുതരകുഞ്ജതലകേളിസദനേ (Ashtapadi - 21 - Manjuthara Kunjathala Keleesadane)

(ലാതാനികുഞ്ജത്തിനു സമീപം വരെ രാധയ്ക്ക് കൂട്ടായ സഖി, അവിടെ എത്തിയപ്പോൾ രാധയിൽ ഉണ്ടായ ശങ്ക അകറ്റുവാൻ പറഞ്ഞ വാക്കുകൾ ആണീ അഷ്ടപദിയിൽ 

രാഗം - ഘണ്ഡ )

മഞ്ജുതര കുഞ്ജതല കേളിസദനേ 
ഇഹ വിലസ രതിരഭ സഹസിത വദനേ 
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ.. രാധേ... മനോജ്ഞമായി അലങ്കരിച്ച മൃദുതല രാസലീലാ മന്ദിരസമീപം, ആകാംഷയുടേയും, രതി കാമനകളുടേയും ഭാവങ്ങൾ മാറിമാറി വിടരുന്നത് , നിന്റെ മുഖത്തെ ഇപ്പോൾ തെളിയുന്ന ആ ചിരിയുടെ പ്രഭയിൽ കൂടുതൽ വ്യക്തമാകുന്നു. ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

നവ ഭവദശോക ദല ശയന സാരേ 
ഇഹ വിലസ കുചകലശ തരള ഹാരേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ.. രാധേ... പുതുമയാർന്ന അശോകപ്പൂക്കളും, മുട്ടുകളും വാരിവിതറിയ തൽപ്പത്തിൽ ഹരിയുമായി രാസലീലയാടി ആമോദിയ്ക്കുവാൻ, നിന്റെ കഴുത്തിലെ രത്നഹാരം പോലും വികൃതി കാട്ടി നിന്റെ കലശസമാനമായ സ്തനങ്ങൾക്കിടയിൽ കടന്ന് പുളകം വിതറുന്നു.. 
ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .


കുസുമ ചയ രചിത ശുചി വാസ ഗേഹേ
ഇഹ വിലസ കുസുമസുകുമാര ദേഹേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ.. രാധേ... പുഷ്പാലംകൃതമായും ശുചിയായും സൂക്ഷിച്ചിട്ടുള്ള വനത്തിലെ വള്ളിക്കുടിലിൽ, ഹരിയോടൊപ്പം ആനന്ദിയ്ക്കുവാൻ പുഷ്പ സദൃശമായ മാർദ്ദവം സിദ്ധിച്ച മേനിയോടെ നീ ചെന്നാലും.. 
ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

ചല മലയ വന പവനസുരഭി ശീതേ
ഇഹ വിലസ മദന ശര നികര ഭീതേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ.. രാധേ... മലയപർവ്വതത്തിലെ ചന്ദന വൃക്ഷങ്ങളെ തഴുകി അവയുടെ സുഗന്ധം പേരി വരുന്ന കുളിർകാറ്റ്‌ ആ വള്ളിക്കുടിലിനെ സുഖ ശീതളമാക്കുന്നു. കാമദേവന്റെ ശല്യപ്പെടുന്ന ശരമാരിയിൽ നിന്നും നീ ആ നികുഞ്ജത്തിലെ നിനക്കായി കാത്തിരിയ്ക്കുന്ന മന്മഥനിൽ അഭയം തേടുക.. 
ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

വിതത ബഹുവല്ലി നവപല്ലവ ഘനേ
ഇഹ വിലസ പീന കുച കുംഭ ജഘനേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ.. രാധേ... ആ ലതാസദനം ബഹുവർണ്ണങ്ങളിലുള്ള ലതകളാലും, തളിരുകളാലും അലംകൃതമാണ്. അവയ്ക്ക് ഉന്മാദമായി നിന്റെ ആകർഷണീയമായ തടിച്ച സ്തനങ്ങളും കുംഭസമാനമായ നിതംബവും പ്രശോഭിയ്ക്കട്ടേ... 
ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .


മധുമുദിത മധുപ കുല കലിതരാവേ
ഇഹ വിലസ കുസുമശര സരസ ഭാവേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ.. രാധേ... ലതാ നികുഞ്ജത്തിലും സമീപവനത്തിലും വസന്തത്തിൽ വിടർന്ന പൂക്കളിലെ മധു നുകർന്ന് ഉന്മത്തരായ മധുപന്മാരുടെ കൂട്ടം മൂളിപ്പട്ടുകൾ പാടിപ്പറന്ന് പശ്ചാത്തല സംഗീതം കൊഴുപ്പിയ്ക്കുന്നു. ആ പുഷ്പ്പങ്ങളും മധുകരങ്ങളും കാമദേവന്റെ അഭീഷ്ടം നിറവേറ്റി സംതൃപ്തരാണ്, നീ മാത്രം പുഷ്പ്പശരന്റെ അസ്ത്രങ്ങളിൽ ഉത്തേജിതയായി തുടരുന്നു... 
ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും..മുരാരിയുമായി സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

മധു തരള പിക നികര നിനദ മുഖരേ
ഇഹ വിലസ ദശന രുചി രുചിര ശിഖരേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ.. രാധേ... വനത്തിനു മോടികൂട്ടുന്ന നിന്റെ കേശഭാരവും, അവയുടെ പശ്ചാത്തലത്തിൽ ചിരിയ്ക്കുമ്പോൾ തെളിയുന്ന ആ ദന്തകാന്തിയ്ക്കും വസന്തോന്മാദത്തിൽ കോകിലങ്ങൾ നിരവധി രാഗങ്ങൾ ആലപിച്ച് രംഗം സംഗീത സാന്ദ്രമാക്കുന്നു. 
ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

വിഹിത പദ്മാവതീസുഖ സമാജേ
ഭണതി ജയദേവ കവിരാജേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ.. രാധേ... കവി ജയദേവൻ പത്നിയും നർത്തകിയുമായ പദ്മാവതിയുടെ ഭക്ത്യോന്മാദത്തിലുള്ള നൃത്തച്ചുവടുകൾക്കൊപ്പം രാധാ കൃഷ്ണന്മാരുടെ പ്രണയലീലകൾ ആലപിയ്ക്കുന്നു. 
രാധയുടെ സഖി അവളെ പ്രേരിപ്പിയ്ക്കുന്നു...ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

No comments:

Post a Comment