Saturday 13 June 2015

അഷ്ടപദി - 9 - രാധികാ കൃഷ്ണാ രാധികാ ( Ashtapadi 9 - Radhika Krishna Radhika )

(രാധയുടെ വിരഹദുഖത്തിന്റെ തീവ്രത സഖി കൃഷ്ണനോട് വിവരിയ്ക്കുകയാണീ അഷ്ടപദിയിൽ 

രാഗം - ബിലഹരി ) 

സ്തനവിനിഹിതമപി ഹാരമുദാരം
സാ മനുതേ കൃശ തനുരിവഭാരം
രാധികാ കൃഷ്ണാ! രാധികാ 
തവ വിരഹേ! കേശവ

അല്ലയോ കൃഷ്ണാ.. രാധയുടെ സ്തനങ്ങളുടെ മുകളിൽ ധരിച്ചിരുന്ന വിശേഷപ്പെട്ട ഹാരം അവൾക്ക് താങ്ങാനാവാത്ത ഭാരം ആയി അനുഭവപ്പെടുന്നു. നിന്റെ വിരഹത്താലുള്ള ദുഖത്താൽ അവൾ അത്രയ്ക്ക് ക്ഷീണിതയായിരിയ്ക്കുന്നു. ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..

സരസമസൃണമപി മലയജപങ്കം
പശ്യതി വിഷമിവ വപുഷി സശങ്കം
രാധികാ കൃഷ്ണാ! രാധികാ 
തവ വിരഹേ! കേശവ

അല്ലയോ കൃഷ്ണാ.. വിരഹതാപത്താൽ പൊള്ളുന്ന രാധയുടെ ശരീരത്തിൽ കുളിർമ്മയ്ക്കായി ലേപനം ചെയ്ത മൃദുവായ ചന്ദനക്കുഴമ്പ് അവൾക്ക് അസഹ്യമായി തോന്നുന്നു. അതിനാൽ തന്നെ അവൾ അതിനെ വിഷം ആണോ എന്ന് സംശയത്തോടെ നോക്കുകയും, സഖിമാരോട് അത് വിലക്കുകയും ചെയ്യുന്നു. ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..

ശ്വസിതപവനമനുപമ പരിണാഹം
മദനദഹനമിവ വഹതി സദാഹം
രാധികാ കൃഷ്ണാ! രാധികാ 
തവ വിരഹേ! കേശവ

അല്ലയോ കൃഷ്ണാ.. വിരഹത്താൽ പിടയുന്ന നെഞ്ചിലെ കടുത്ത ഭാരത്താൽ രാധ ശ്വസിയ്ക്കാൻ പോലും ഏറെ ബുദ്ധിമുട്ടുകയാണ്. അവളുടെ ശ്വാസോഛ്വാസം കാമദേവന്റെ അഗ്നിശരങ്ങൾ ആയി മാറി അവളിൽ പൊള്ളലുണ്ടാക്കുന്നു. ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..

ദിശി ദിശി കിരതി സജലകണജാലം
നയന നളിനമിവ വിഗളിതനാളം
രാധികാ കൃഷ്ണാ! രാധികാ 
തവ വിരഹേ! കേശവ

പ്രതീക്ഷാനിർഭരവും നിറഞ്ഞൊഴുകുന്നതുമായ കണ്ണൂകളോടെ രാധ നിന്നെ തിരയുമ്പോൾ.... എല്ലാ ദിശകളിലേയ്ക്കും മുഖം തിരിച്ച് നീ വരുന്നുണ്ടോ എന്ന് നോക്കുമ്പോൾ..ധാരയായി പ്രവഹിയ്ക്കുന്ന അവളുടെ കണ്ണുനീർ തുള്ളികൾ നാലുപാടും ചിതറുന്ന കാഴ്ച്ച; ജലത്തിൽ മുങ്ങി നിന്ന താമരപ്പൂ തണ്ടോടെ പൊട്ടിച്ചെടുക്കവേ.. താമരപ്പൂവിന്റെ മുറിച്ചെടുത്ത തണ്ടിലൂടെ ജലം ഉലയുന്ന ദിശകളിലേയ്ക്ക് പ്രവഹിയ്ക്കുന്നത് പോലെ കാണപ്പെടുന്നു. ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..


നയന വിഷയമപി കിസലയതല്പം
കലയതി വിഹിത ഹുതാശനകല്പം
രാധികാ കൃഷ്ണാ! രാധികാ 
തവ വിരഹേ! കേശവ

തളിരിലകളാൽ തീർത്ത മൃദുലശീതള ശയ്യ അവളുടെ വിശ്രമത്തിനു തയ്യാറാക്കിയെങ്കിലും, രാധയ്ക്ക് അത് തീക്കനലുകൾ വിതറിയ അഗ്നികുണ്ഡമായി ആയി അനുഭവപ്പെടുന്നതിനാൽ... ദേഹമാകെ തീപടരുന്ന തോന്നലാൽ അതിൽ വിശ്രമിയ്ക്കാനും സാധിയ്ക്കുന്നില്ല.. ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..

ത്യജതി ന പാണിതലേന കപോലം
ബാലശശിനമിവ സായമലോലം
രാധികാ കൃഷ്ണാ! രാധികാ 
തവ വിരഹേ! കേശവ

ദുഖിതയായ രാധ ശിരസ്സിൽ നിന്ന് കൈകൾ എടുക്കാതെ നിശ്ചലമായി ഇരിയ്ക്കുമ്പോൾ ആകാശത്ത് സായാഹ്നത്തിൽ ഉദിച്ച് വരുന്ന ചലനരഹിതമായി തോന്നുന്ന അമ്പിളിക്കല പോലെ കാണപ്പെടുന്നു. ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..

ഹരിരിതി ഹരിരിതി ജപതി സകാമം
വിരഹ വിഹിത മരണേവ നികാമം
രാധികാ കൃഷ്ണാ! രാധികാ 
തവ വിരഹേ! കേശവ

വിരഹ ദുഖത്താൽ വിവശയായ രാധ, മരണം അടുത്തെത്തിയവരെ പോലെ "ഹരി" "ഹരി" എന്ന് മാത്രം ആവർത്തിച്ച് ജപിച്ചു കൊണ്ടേയിരിയ്ക്കുന്നു. ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..

ശ്രീജയ ദേവഭണിതമിതി ഗീതം
സുഖയതു കേശവ പദ മുപനീതം
രാധികാ കൃഷ്ണാ! രാധികാ 
തവ വിരഹേ! കേശവ

ജയ്ദേവകൃതമായ ഈ വരികൾ കൃഷ്ണഭക്തരുടെ ഹൃദയങ്ങളിൽ ഭക്തിയുടെ ആനന്ദം നിറയ്ക്ക്മാറാകട്ടെ. ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..

1 comment:

  1. ഹൃദയത്തിൽ തൊടുന്ന വിരഹഗാനം.
    ജയദേവകവിയുടെ ഭാവന ഏതൊക്കൊയോ ലോകത്ത് നമ്മെ എത്തീക്കുന്നു.
    ഈ ഗാനം കേൾക്കാൻ കഴിയുന്നത് ജന്മ സുകൃതം.🙏🙏

    ReplyDelete