Saturday 13 June 2015

അഷ്ടപദി - 7 ഹരി ഹതാദരതയാ സാ ഗതാ ( Ashtapadi 7 - Hari Hari Hatha Dharathaya Sa Gatha )

(വസന്ത ഋതുവിൽ വനകേളികൾ ആടി പിരിഞ്ഞ ശ്രീകൃഷ്ണൻ, താൻ മാറ്റ്‌ ഗോപികമാരോടൊപ്പം കേളികളിലേർപ്പെട്ടിരിയ്ക്കേ വന്ന് , അത് കണ്ട് കോപിഷ്ടയായി മടങ്ങിയ രാധയെ പറ്റിയുള്ള ശ്രീകൃഷ്ണന്റെ മനോരഥമാണു ഈ അഷ്ടപദിയിൽ വർണ്ണിയ്ക്കുന്നത് 

രാഗം - ഭൂപാളം)

മാമിയംചലിതാവിലോക്യ വൃതം വധൂനിചയേന
സാപരാധതയാ മയാപിന വാരിതാതിഭയേന
ഹരിഹരി ഹതാദരതയാ 
സാ ഗതാ കുപിതേവ ഹരിഹരി

വൃന്ദാവത്തിൽ അന്യ ഗോപികമാരുടെ ഇടയിൽ ക്രീഡയിൽ ഏർപ്പെട്ടിരിയ്ക്കുന്ന നിലയിൽ എന്നെ കണ്ട രാധ,കുപിതയായി ഇവിടം വിട്ടു പോയിരിയ്ക്കുന്നു. അത് എന്റെ മാത്രം തെറ്റ് ഹേതുവായാണ് സംഭവിച്ചത്. എനിയ്ക്ക് അവളെ വേണ്ടവിധത്തിൽ പരിഗണിയ്ക്കാനോ അവളുടെ പ്രതികരണത്തെ തടയുവാനോ കഴിഞ്ഞതുമില്ല. 
ഉള്ളിൽ നിറയുന്ന കടുത്ത രോഷമായി പരിണാമം സംഭവിച്ച അവളുടെ അനുരാഗത്തോടെ, താൻ തിരസ്ക്കരിയ്ക്കപ്പെട്ടു എന്ന തോന്നലിൽ ദുഖിതയായി അവൾ നടന്നു മറഞ്ഞിരിയ്ക്കുന്നു..

കിംകരിഷ്യതി കിംവദിഷ്യതി സാചിരം വിരഹേണ കിം ധനേന
ജനേനകിം മമ ജീവിതേന ഗൃഹേണ ഹരിഹരി
ഹരിഹരി ഹതാദരതയാ 
സാ ഗതാ കുപിതേവ ഹരിഹരി

പരിഭവിച്ച് വൃന്ദാവന യമുനോദ്യാനത്തിൽ നിന്നും മടങ്ങിയ രാധ എവിടേയ്ക്കാവും പോയിരിയ്ക്കുക.. എന്താണു ചെയ്യാൻ പോകുന്നത്? ഞാൻ അവളെ തേടി ചെന്നാൽ അവൾ ഏത് രീതിയിൽ പ്രതികരിയ്ക്കും.. എന്താകും പറയാൻ പോകുന്നത്? ഇതൊരു ദീർഘമായ പ്രണയകലഹമായി പരിണമിയ്ക്കുമോ? രാധയില്ലാത്ത വൃന്ദാവനത്തിൽ ആർജ്ജിതമായ സമ്പത്തോ, ബന്ധുക്കളോ, കൊട്ടാരമോ, എന്തിനു ജീവിതം പോലും വ്യർത്ഥമായി ഭവിയ്ക്കുകയില്ലേ? 
ഉള്ളിൽ നിറയുന്ന കടുത്ത രോഷമായി പരിണാമം സംഭവിച്ച അവളുടെ അനുരാഗത്തോടെ, താൻ തിരസ്ക്കരിയ്ക്കപ്പെട്ടു എന്ന തോന്നലിൽ ദുഖിതയായി അവൾ നടന്നു മറഞ്ഞിരിയ്ക്കുന്നു..

ചിന്തയാമി തദാനനം കുടിലഭ്രുകോപഭരേണ
ശോണപത്മമിവോപരിഭ്രമതാകുലംഭ്രമരേണ 
ഹരിഹരി ഹതാദരതയാ 
സാ ഗതാ കുപിതേവ ഹരിഹരി

ഉദ്യാനത്തിൽ നിന്നും വനന്തരങ്ങളിലേയ്ക്ക് പോകുവാനായി തിരിയുന്നതിനിടയിൽ അവൾ എനിയ്ക്ക് നേരേ നോക്കിയ ആ നോട്ടം... ഞാൻ ദീർഘനേരമായി കണ്മുന്നിൽ കാണുന്നു. കടുത്ത ദേഷ്യഭാവത്തിൽ പുരികക്കൊടികൾ വില്ല് പോലെ ഉയർത്തി ചുവന്ന കണ്ണുകളോടെ അവൾ നോക്കിയപ്പോൾ... ഒരു ചുവപ്പ് താമപ്പൂവിനു ചുറ്റും തേനീച്ചകൾ വട്ടം ചുറ്റുന്നത് പോലെ കാണപ്പെട്ടു. 
ഉള്ളിൽ നിറയുന്ന കടുത്ത രോഷമായി പരിണാമം സംഭവിച്ച അവളുടെ അനുരാഗത്തോടെ, താൻ തിരസ്ക്കരിയ്ക്കപ്പെട്ടു എന്ന തോന്നലിൽ ദുഖിതയായി അവൾ നടന്നു മറഞ്ഞിരിയ്ക്കുന്നു..

താമഹം ഹൃദി സംഗതാമനിശംഭൃശം രമയാമി
കിംവനേനുസരാമിതാമിഹ കിം വൃഥാവിലപാമി 
ഹരിഹരി ഹതാദരതയാ 
സാ ഗതാ കുപിതേവ ഹരിഹരി

എന്റെ ഹൃദയത്തിൽ അവൾക്ക് എല്ലായ്പ്പോഴും സ്ഥാനമുണ്ട് , അതിനാൽ തന്നെ അവളുടെ പിണക്കം തീർത്ത് സന്തോഷിപ്പിയ്ക്കേണ്ടതുമാണ്. എന്നാൽ അതിനായി ആദ്യം എന്താണു ഞാൻ ചെയ്യേണ്ടത്? രാധയെ പിന്തുടർന്ന് വനാന്തർഭാഗത്തേയ്ക്ക് പോകണമോ? അതോ വ്യർത്ഥമായി വിധിയെ പഴിച്ചു കൊണ്ട് ഇവിടെ തന്നെ ഇരിയ്ക്കണോ? 
ഉള്ളിൽ നിറയുന്ന കടുത്ത രോഷമായി പരിണാമം സംഭവിച്ച അവളുടെ അനുരാഗത്തോടെ, താൻ തിരസ്ക്കരിയ്ക്കപ്പെട്ടു എന്ന തോന്നലിൽ ദുഖിതയായി അവൾ നടന്നു മറഞ്ഞിരിയ്ക്കുന്നു..

തന്വി ഖിന്നമസൂയയാ ഹൃദയംതവാകലയാമി
തന്ന വേദ്മി കുതോഗതാസിന തേന തേനുനയാമി 
ഹരിഹരി ഹതാദരതയാ 
സാ ഗതാ കുപിതേവ ഹരിഹരി

അല്ലയോ ഐശ്വര്യവതിയായ സുന്ദരീ... നിന്റെ വേദന ഞാൻ തിരിച്ചറിയുന്നു... അസൂയാ നിർഭരമായി തപിയ്ക്കുന്ന ആ ഹൃദയത്തെ ഞാൻ ആശ്വസിപ്പിയ്ക്കുന്നുണ്ട്. പക്ഷേ നീ ഇവിടെയാണ്‌ പോയതെന്ന് എനിയ്ക്കുറപ്പില്ല, അതിനാലാണ് ഞാൻ നിന്റെ ചാരത്തില്ലാത്തതും നിന്റെ ദുഖത്തിന് ശമനമേകാത്തതും. 
ഉള്ളിൽ നിറയുന്ന കടുത്ത രോഷമായി പരിണാമം സംഭവിച്ച അവളുടെ അനുരാഗത്തോടെ, താൻ തിരസ്ക്കരിയ്ക്കപ്പെട്ടു എന്ന തോന്നലിൽ ദുഖിതയായി അവൾ നടന്നു മറഞ്ഞിരിയ്ക്കുന്നു..

ദൃശ്യസേ പുരതോ ഗതാഗതംവ മേ വിദധാസി
കിമ്പുരേവസസംഭ്രമം പരിരംഭണം ന ദദാസി 
ഹരിഹരി ഹതാദരതയാ 
സാ ഗതാ കുപിതേവ ഹരിഹരി

ഞാൻ ഇവിടെ നേരത്തേ എത്തുകയും, നിനക്കായി കാത്ത്തിരിയ്ക്കുകയും ചെയ്യവേ... ചുറ്റും കൂടിയ ഗോപികമാരുടെ ഇടയിൽ അവരോടൊപ്പം ക്രീഡയിൽ ഏർപ്പെട്ടുവെന്നതും, അതിനിടെ നീ വന്നത് ഞാൻ അറിഞ്ഞില്ല എന്നതും ശരിയാണ്. ഞാൻ നിന്നെ ശ്രദ്ധിയ്ക്കുമ്പോൾ കുപിതയായ നീ തിരിഞ്ഞ് നടക്കാൻ തുടങ്ങുകയായിരുന്നു. ഞാൻ പ്രതീക്ഷിച്ചതു പോലെ ഗോപികമാരെ വകഞ്ഞ് മാറ്റി പതിവ് പോലെ നീ എന്റെയടുത്ത് വരികയോ ആവേശത്തോടെ പുണരുകയോ ചെയ്തില്ല. 
ഉള്ളിൽ നിറയുന്ന കടുത്ത രോഷമായി പരിണാമം സംഭവിച്ച അവളുടെ അനുരാഗത്തോടെ, താൻ തിരസ്ക്കരിയ്ക്കപ്പെട്ടു എന്ന തോന്നലിൽ ദുഖിതയായി അവൾ നടന്നു മറഞ്ഞിരിയ്ക്കുന്നു..

ക്ഷമ്യതാമപരം കദാപി തവേദൃശം ന കരോമി
ദേഹി സുന്ദരി ദർശനം മമ മന്മഥേന ദുനോമി 
ഹരിഹരി ഹതാദരതയാ 
സാ ഗതാ കുപിതേവ ഹരിഹരി

അല്ലയോ സുന്ദരീ.. എന്നോട് ക്ഷമിച്ചാലും... ഞാൻ ഇനി ഒരിയ്ക്കലും ഈ രീതിയിൽ പെരുമാരുകയില്ല; നിനക്കഭിമതനായി പ്രവർത്തിച്ചു കൊള്ളാം.. കാമദേവന്റെ അസ്ത്രങ്ങളേറ്റ് ഞാൻ വിവശനായിരിയ്ക്കുന്നു. ദയവായി നീ എന്റെ അടുക്കൽ വന്ന് ദർശനഭാഗ്യം സമ്മാനിച്ചാലും. 
ഉള്ളിൽ നിറയുന്ന കടുത്ത രോഷമായി പരിണാമം സംഭവിച്ച അവളുടെ അനുരാഗത്തോടെ, താൻ തിരസ്ക്കരിയ്ക്കപ്പെട്ടു എന്ന തോന്നലിൽ ദുഖിതയായി അവൾ നടന്നു മറഞ്ഞിരിയ്ക്കുന്നു..

വർണ്ണിതം ജയദേവകേന ഹരേരിദം പ്രണതേന
കിന്ദുബില്വസമുദ്രസംഭവ രോഹിണീരമണേന
ഹരിഹരി ഹതാദരതയാ 
സാ ഗതാ കുപിതേവ ഹരിഹരി

സമുദ്രത്തിൽ നിന്നും ചന്ദ്രൻ ഉദിച്ചുയരുന്ന ഈ നേരത്ത്, ശ്രീ ജയദേവൻ കിന്ദുബില ഗ്രാമത്തിലിരുന്ന്, അവന്റെ എളിയ സമാഹാരത്തിലെ ഈ ഗാനത്തിലൂടെ ശ്രീകൃഷ്ണന്റെ അഗാധമായ വികാരങ്ങളുടെ ഭവപ്പകർച്ചകൾ വർണ്ണിയ്ക്കാൻ ശ്രമിയ്ക്കുകയാണ്. കൃഷ്ണൻ തനിയ്ക്ക് സംഭവിച്ച ശ്രദ്ധക്കുറവിൽ ഖേദിച്ച് കൊണ്ടോർക്കുന്നു... 
ഉള്ളിൽ നിറയുന്ന കടുത്ത രോഷമായി പരിണാമം സംഭവിച്ച അവളുടെ അനുരാഗത്തോടെ, താൻ തിരസ്ക്കരിയ്ക്കപ്പെട്ടു എന്ന തോന്നലിൽ ദുഖിതയായി രാധ നടന്നു മറഞ്ഞിരിയ്ക്കുന്നു..

No comments:

Post a Comment