Saturday 13 June 2015

അഷ്ടപദി 6 - സഖീ ഹേ കേശി മദന ( Ashtapadi 6 - Sakhee He Kesi Madana )

(ആശങ്കയിൽ നിന്നും രാധയുടെ അടുത്ത ഭവമാറ്റം കൈവിട്ടു പോയത് തിരിച്ച് നേടാനുള്ള ശ്രമമാണ്, അതിനായി സഖിയോടവൾ അവരുടെ ആദ്യസമാഗമത്തിന്റെ കഥ വിവരിച്ച്, കൃഷ്ണന്റെ പക്കലേയ്ക്ക് സന്ദേശമെത്തിയ്ക്കാൻ ശ്രമിയ്ക്കുന്നു ഈ അഷ്ടപദിയിൽ.

രാഗം - കാംബോജി )

നിഭൃത നികുഞ്ജ ഗൃഹം ഗത യാ നിശി രഹസി നിലീയ വസന്തം
ചകിത വിലോകിത സകല ദിശാ രതി രഭസ ഭരേണാ ഹസന്തം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം

ഹേ, സഖീ.... ഒരു സായം സന്ധ്യയിൽ, മുൻധാരണപ്രകാരം മലയപർവ്വതത്തിനും യമുനാനദിയ്ക്കും മദ്ധ്യേയുള്ള വനമേഘലയിലെ കദംബവൃക്ഷഛായയിൽ ആളൊഴിഞ്ഞ ആ ലതാഗൃഹത്തിൽ ഞാൻ അവനെ തേടി പോയി. അവനോ, ആ അതീവസുഖദായകൻ അവിടെ നേരത്തേ മുതൽ തന്നെ എന്റെ വരവ് പ്രതീക്ഷിച്ച് മറഞ്ഞിരിയ്ക്കുന്നുണ്ടായിരുന്നു. ഭയചകിതയായ ഞാൻ അവനെ കാണാതെ കുഴങ്ങുമ്പോൾ, മടങ്ങാൻ ഭാവിയ്ക്കവേ.. ആ മനം മയക്കുന്ന ചിരിയുമായി എന്നെ ആവേശഭരിതയാക്കിക്കൊണ്ട് അവൻ മുന്നിൽ വന്നു, തെല്ലും ആശങ്കയില്ലാതെ, അതിവേഗത്തിൽ അതിഗാഢമായും ആവേശത്തോടെയും എന്നെ വാരിപ്പുണർന്നു. ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.

പ്രഥമ സമാഗമ ലജ്ജിതായ പടു ചാതു ശതൈ രണുകൂലം 
മൃദു മധുര സ്മിത ഭാഷിതയാ ശിതിലീകൃത ജഘന ദുകൂലം 
സഖീ ഹേകേശി മദന മുദാരം 
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം 

ഹേ, സഖീ.... അത് ഞങ്ങളുടെ പ്രഥമ സമാഗമം ആയിരുന്നു. കൃഷ്ണൻ നൂറുകണക്കിനു മധുര മൊഴികളാലും മധുരസ്മിതത്താലും വിദഗ്ദ്ധമായി എന്നെ അവനിലേയ്ക്ക് വലിച്ചടുപ്പിച്ച് നിർത്തി. അവയിൽ മയങ്ങിയ ഞാൻ മൃദുവും മധുരവുമായി അവന് മറുപടികൾ നൽകവേ, അവൻ സൂത്രത്തിൽ അകന്നുമാറി പൊടുന്നനെ എന്റെ അരയിലെ വസ്ത്രം ഉരിഞ്ഞെറിഞ്ഞപ്പോൾ, അമ്പരന്നു പോയ ഞാൻ ലജ്ജിതയും മൂകയും ആയിപ്പോയി. 
ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.

കിസലയ ശയന നിവേശിത യാ ചിര മുരസി മമൈ വശയാനം 
കൃത പരിരംഭണ ചുംബനായാ പരിരഭ്യാ കൃതാധാരാ പാനം 
സഖീ ഹേ കേശി മദന മുദാരം 
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം 

അപ്രതീക്ഷിതമായി വിവസ്ത്രയാക്കപ്പെട്ട പകച്ച് പോയ ഞാൻ നഗ്നത മറയ്ക്കുവാൻ ശ്രമിയ്ക്കവേ... പുൽപ്പടർപ്പിനു മുകളിൽ പച്ചിലകളും, തളിരുകളും, പൂമുട്ടുകളും വിരിച്ച മൃദുവായ തണുത്ത ശയ്യയിൽ എന്നെ വലിച്ചിട്ട ശേഷം, എന്റെ എതിർപ്പുകൾക്ക് ശക്തി കുറയുവോളം.. ഏറെ നേരം പിടയാൻ കൂടി അനുവദിയ്ക്കാതെ കൃഷ്ണൻ എൻറ്റെ നെഞ്ചിൽ തന്നെ കിടന്നു ബലമായി കിടക്കയിൽ അമർത്തി കൊണ്ട് എന്നെ വാരിപ്പുണരുകയും നിമ്നാധരങ്ങളെ പൂക്കളിൽ നിന്നും തേൻ ശേഖരിയ്ക്കും പോലെ ചുംബിച്ചു കൊണ്ടുമിരുന്നു. 
ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക. 

അലസ നിമീലിത ലൊചനായ പുളകാവലി ലളിത കപോലം 
ശ്രമ ജല സകല കളേബരായ വര മദന മദാദതിലോലം 
സഖീ ഹേ കേശി മദന മുദാരം 
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം 

അവന്റെ ബലമായ സമ്മർദ്ദത്തിലും പ്രതിക്രിയയിലും ശാരീരികമായി തളർന്നവശയായ ഞാൻ വിയർപ്പിൽ കുളിച്ച് കണ്ണൂകൾ അടച്ച് കിടന്നു. അവന്റെ അധരങ്ങൾ സ്പർശിച്ചപ്പോൾ എന്റെ ശരീരമാസകലം ഒരു ആനന്ദത്തിൻറ്റെ മുറിപ്പെടുത്തുന്ന സുഖം നിറഞ്ഞു. എന്നിലെ കൃഷ്ണന്റെ മെല്ലെയും വേഗത്തിലുമുള്ള അധരചലങ്ങളിൽ, ഞാൻ സകലതും മറന്നു പോയി. 
ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക. 

കോകില കളാരവ കൂജിതായ ജിത മനസിജ തന്ത്ര വിചാരം 
ശ്ലഥ കുസുമാകുല കുന്തളായ നഖാ ലിഖിത ഘന സ്തന ഭാരം 
സഖീ ഹേ കേശി മദന മുദാരം 
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം 

പ്രണയ, രതികലകളിൽ നിപുണനും കുശലനും ആയിരുന്ന കൃഷ്ണൻ വളരെ നേരം നീണ്ടുനിന്ന ബാഹ്യലീലകൾക്ക് വിരാമമിട്ട് നിശ്ചയദാർഢ്യത്തോടെ രതിയുടെ പുതിയ ഘട്ടത്തിലേയ്ക്ക് നീങ്ങുമ്പോൾ, ഞാൻ പ്രാവിനെയോ പോലെ കുറുകുകയും, കുയിലിനെ പോലെ കൂജനശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നത് സ്വയമറിഞ്ഞു. എന്റെ മുടി കെട്ടിലെ പൂവുകൾ ഞെരിഞ്ഞമർന്നിരുന്നു, കൂന്തൽ അഴിയുകയും കുരുക്ക് പിണയുകയും ചെയ്തിരുന്നു. അവൻ എന്റെ തുളുമ്പുന്ന സ്തനങ്ങളിൽ അമര്ത്തി ഞെരിച്ച് നഖക്ഷതങ്ങൾ ഏൽപ്പിച്ചിരുന്നു. 
ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.

ചരണ രണിത മണീ നൂപുരായ പരിപൂരിതാ സുരത വിതാനം 
മുഖര വിശൃംഘല മേഖലായാ സകച ഗ്രഹ ചുംബന ദാനം 
സഖീ ഹേ കേശി മദന മുദാരം 
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം 

ഇണചേരലിന്റെ വിവിധ രീതികളിൽ.. സ്ഥിതികളിൽ രതിലീലകളാടി അവനെന്നിൽ പടർന്നപ്പോൾ എന്റെ രത്നങ്ങൾ കോർത്ത പാദസരം കിലുങ്ങുന്ന സ്വനം പതിവിലും കൂടുതലായി മുഴങ്ങിക്കേട്ടു. അരക്കെട്ടിൽ ചുറ്റിക്കിടന്ന സ്വർണ്ണഅരഞ്ഞാണം അഴിഞ്ഞ് വീണിരുന്നു. കൃഷ്ണൻ എന്റെ മുടികെട്ടിൽ ബലമായി പിടിച്ച് അവനിലേയ്ക്ക് ചേർത്ത് എന്നെ ചുംബിച്ചു കൊണ്ട് ആഗ്രഹനിവൃത്തി വരുത്തി. ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക. 


രതി സുഖ സമയ രസാലസായാധാര മുകുളിത നയന സരോജം
നിസ്സഹ നിപതിത തനു ലതായാ മധുസൂദന മുദിത മനോജം
സഖീ ഹേ കേശി മദന മുദാരം 
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം 

ദീർഘമായ രതിയുടെ ആലസ്യത്തിൽ അവൻ തന്റെ ലഹരി നിറഞ്ഞ വടിവാർന്ന ശരീരം ഇലകളാകുന്ന മെത്തയിൽ അമർത്തി കിടന്നു. ആ തളർച്ചയിലും അവൻ പാതി തുറന്ന കണ്ണൂകളോടെ എന്നെ ചൂഴ്ന്ന് നോക്കുന്നതറിഞ്ഞ, ഞാൻ അവനിലെ ഇനിയുമടങ്ങാത്ത മോഹം വീണ്ടും ഉണരുന്നതും തിരിച്ചറിഞ്ഞു. 
ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക. 

ശ്രീജയദേവ ഭണിത മിദ മതിശയ മധുരിപ നിധു വന ശീലം 
സുഖ മുത്കണ്ഠിത ഗോപവധൂ കഥിതം വിതനോടു സലീലം 
സഖീ ഹേ കേശി മദന മുദാരം 
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം 

രാധ തന്റെ സഖിയോട് അതിയായ ഹർഷനിർവൃതിയോടെ പറഞ്ഞ ശ്രീകൃഷ്ണന്റെ മനോഹരമായ രാസക്രീഡയുടെ ഗാഥകൾ ശ്രീജയദേവൻ ഇവിടെ പാടുന്നു. 
സഖിയോടവൾ അവരുടെ ആദ്യസമാഗമത്തിന്റെ കഥ വിവരിച്ചു കൊണ്ട് അഭ്യർത്ഥിയ്ക്കുന്നു.. ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.

(അഷ്ടപദികളിൽ ഏറ്റവുമധികം ഭോഗശൃംഗാരം നിറഞ്ഞ് നിൽക്കുന്നവ  6 ഉം 11 ഉം ആണ് , മറ്റുള്ളവയിൽ ശ്രംഗാരത്തിനു സുകുമാരകലകളുടെ ലക്ഷണങ്ങളാണുള്ളത്. വിപ്രലംഭ ശൃംഗാരവും സംഭോഗശൃംഗാരവും മാറി മാറി നിറയുന്ന അഷ്ടപദികളിൽ പ്രവാസവും, സംവൃദ്ധിയും ചേർന്ന് ലൈംഗികതയുടെ പ്രത്യക്ഷമായ പ്രകടനം  6 ആം അഷ്ടപദിയുടെ മുഖമുദ്ര ആണ്)

No comments:

Post a Comment