Saturday 13 June 2015

അഷ്ടപദി 5 - സഞ്ചര ദധര സുധാ ( Ashtapadi 5 - Sanchara Dadhara Sudha)

(രാധ, സഖിയുടെ കൃഷ്ണവൃത്താന്ത പരാമർശ്ശങ്ങൾ ശ്രവിച്ച് തന്റെ ഉള്ളിൽ നിറഞ്ഞ ആശങ്കകൾ സഖിയോട് പങ്ക് വയ്ക്കുകയാണീ അഷ്ടപദിയിൽ 

രാഗം - തോഡി )

സഞ്ചര ദധരസുധാ മധുരധ്വനി- മുഖരിത മോഹനവംശം
ചലിത ദൃഗഞ്ചല ചഞ്ചല മൌലി- കപോല വിലോലവതംസം
രാസേ ഹരിമിഹ വിഹിതവിലാസം 
സ്മരതി മനോ മമ കൃതപരിഹാസം.

ഹേ.. സഖീ... അവന്റെ ചുണ്ടിലെ പുല്ലാങ്കുഴലിൽ നിന്നും ഒഴുകിവരുന്ന അമൃതിനു തുല്യമായ ആ ഗാനമാധുരി, നെറുകയിലെ മുടിക്കെട്ടിൽ തിരുകിയ വർണ്ണമയിൽപീലികൾ, മനോഹാരിതയ്ക്ക് മാറ്റ് കൂട്ടിയിരുന്ന കാതിലെ കുണ്ഡലങ്ങൾ, ഇളംകാറ്റിലാടുന്ന ഇലകൾ പോലെ തുടിച്ചിരുന്ന കവിൾത്തടങ്ങൾ , രസനൃത്തത്തിനിടയിലെ അവന്റെ ഗോപികമാരുമായുള്ള ചുണ്ട്കോർക്കലുകൾ, മാറ്റ്‌ ശാരീരിക ഇടപഴകൽ എല്ലാത്തിനും ഉപരിയായി എന്നെ ലജ്ജിപ്പിയ്ക്കാൻ കരുതിക്കൂട്ടി കളിയാക്കാനുള്ള വിരുത്, എല്ലാം എന്നെ ഓർമ്മകളുടെ ഊഞ്ഞാലിൽ ആട്ടുന്നു. ഞാൻ ഒരു പക്ഷേ അവനാൽ പരിഹസിയ്ക്കപ്പെട്ടേയ്ക്കാം എങ്കിലും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ കൃഷ്ണന്റെ മനോജ്ഞമായ ആ രൂപം കുടിയിരിയ്ക്കുന്നു. 


ചന്ദ്രക ചാരുമയൂര ശിഖണ്ഡക മണ്ഡല വലയിത കേശം 
പ്രചുര പുരന്ദര ധനുരനുരഞ്ജിത മേദുര മുദിര സുവേഷം 
രാസേ ഹരിമിഹ വിഹിതവിലാസം 
സ്മരതി മനോ മമ കൃതപരിഹാസം. 

ഹേ.. സഖീ... അവന്റെ ചുരുണ്ട മുടിയിഴകൾ നെറുകയിൽ കെട്ടി അതിൽ നിറന്ന പീലികളാൽ അലങ്കരിച്ചിരുന്നു. ശ്യാമവർണ്ണനായ അവൻ നിറമാർന്ന പട്ടുടയാടകൾ ചാർത്തിയെത്തുമ്പൊൾ വാനത്തിൽ വാർമഴവില്ലാൽ ചുറ്റപ്പെട്ട് നില്ക്കുന്ന ഒരു കാർമേഘമെന്ന പോലെ തോന്നിയിരുന്നു. 
ഞാൻ ഒരു പക്ഷേ അവനാൽ പരിഹസിയ്ക്കപ്പെട്ടേയ്ക്കാം എങ്കിലും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ കൃഷ്ണന്റെ മനോജ്ഞമായ ആ രൂപം കുടിയിരിയ്ക്കുന്നു. 

ഗോപകദംബ നിതംബവതീ മുഖചുംബന ലംഭിത ലോഭം 
ബന്ധുജീവ മധുരാധര പല്ലവ കലിത ദരസ്മിത ശോഭം 
രാസേ ഹരിമിഹ വിഹിതവിലാസം 
സ്മരതി മനോ മമ കൃതപരിഹാസം. 

ഹേ.. സഖീ... വിസ്തൃത നിതംബിനികളായ ഗോപികമാരെ അവൻ തന്റെ ബന്ദുപ്പൂവുപോലെയുള്ള സുന്ദര അധരങ്ങളാൽ നിരന്തരം മാറി മാറി ചുംബിച്ചിരുന്നു. അപ്പോഴോക്കെ മറ്റുള്ളവരെ പിണക്കാതിരിയ്ക്കാൻ അവന്റെ ചുണ്ടുകളിൽ മനം മയക്കുന്ന ആ ചിരി തങ്ങി നിൽപ്പുണ്ടാവും. 
ഞാൻ ഒരു പക്ഷേ അവനാൽ പരിഹസിയ്ക്കപ്പെട്ടേയ്ക്കാം എങ്കിലും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ കൃഷ്ണന്റെ മനോജ്ഞമായ ആ രൂപം കുടിയിരിയ്ക്കുന്നു. 

വിപുലപു ളക ഭുജപല്ലവ വലയിത വല്ലവയുവതി സഹസ്രം 
കരചരണോരസി മണിഗണഭൂഷണ, കിരണ വിഭിന്നതമിസ്രം 
രാസേ ഹരിമിഹ വിഹിതവിലാസം 
സ്മരതി മനോ മമ കൃതപരിഹാസം. 

ഹേ.. സഖീ... ആയിരക്കണക്കിനു ഗോപികമാരെ അവൻ തന്റെ കരവലയത്താൽ ചുറ്റിപ്പിടിയ്ക്കുമ്പൊൾ, വൃക്ഷക്കൊമ്പിലെ ഇളം തളിരിലകൾ കൈകളാൽ കൂട്ടിപ്പിടിയ്ക്കുന്നത് പോലെയും അവരുടെ പരമമായ ആവേശം തളിരുകളുടെ ചലനം പോലെയും കാണപ്പെട്ടു. അമൂല്യരന്തങ്ങൾ പതിച്ച അവന്റെ കഴുത്തിലെ, മാറിലെ, പാദങ്ങളിലെ ആഭരണങ്ങൾ വൃന്ദാവനത്തിലെ ഇരുളിനെ പോലും പ്രകശപൂരിതമാക്കി മാറിയിരുന്നു. 
ഞാൻ ഒരു പക്ഷേ അവനാൽ പരിഹസിയ്ക്കപ്പെട്ടേയ്ക്കാം എങ്കിലും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ കൃഷ്ണന്റെ മനോജ്ഞമായ ആ രൂപം കുടിയിരിയ്ക്കുന്നു. 

ജലദ പടല ചല ദിന്ദുവിനിന്ദക ചന്ദന തിലക ലലാടം 
പീനപയോധര പരിസര മർദ്ദന നിർദ്ദയ ഹൃദയ കവാടം 
രാസേ ഹരിമിഹ വിഹിതവിലാസം 
സ്മരതി മനോ മമ കൃതപരിഹാസം. 

ഹേ.. സഖീ... കൃഷ്ണൻ അവന്റെ നെറ്റിയിൽ ചന്ദനക്കുറി ചാർത്തി നിൽക്കുമ്പോൾ അവന്റെ മനോഹാരിത പതിന്മടങ്ങായി വർദ്ധിച്ചിരുന്നു. ആ കാഴ്ച്ച നോക്കി നിൽക്കുന്നവർക്ക് ആകാശത്ത് കടുത്ത കാർമേഘപടലത്തിനു നടുവിൽ തെളിഞ്ഞ പൂർണ്ണചന്ദ്രൻ എന്നാ പോലെ തോന്നും. ഗോപികമാരുടെ തടിച്ച സ്തനങ്ങൾ പരിരംഭണത്തിലൂടെ നിരന്തരം ഞെരിഞ്ഞമരുകയാൽ അവന്റെ വിരിമാർ നിർദ്ദയമാംവണ്ണം ശക്തവും, കാഠിന്യമേറിയതുമായിരുന്നു. 
ഞാൻ ഒരു പക്ഷേ അവനാൽ പരിഹസിയ്ക്കപ്പെട്ടേയ്ക്കാം എങ്കിലും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ കൃഷ്ണന്റെ മനോജ്ഞമായ ആ രൂപം കുടിയിരിയ്ക്കുന്നു. 

മണിമയ മകര മനോഹര കുണ്ഡല മണ്ഡിത ഗണ്ഡ മുദാരം 
പീത വസനമനു ഗതമുനി മനുജ സുരാസുരവര പരിവാരം 
രാസേ ഹരിമിഹ വിഹിതവിലാസം 
സ്മരതി മനോ മമ കൃതപരിഹാസം. 

ഹേ.. സഖീ... കൃഷ്ണനെ ഓർക്കുമ്പോൾ തന്നെ മത്സ്യത്തിന്റെ ആകൃതിയും രത്നഭരിതവുമായ അവന്റെ കുണ്ഡലങ്ങൾ മനോഹാരിത പകരുന്ന ആ കവിളുകൾ മനസ്സിലെത്തുന്നു. വെട്ടിത്തിളങ്ങുന്ന മഞ്ഞപ്പട്ട് ചുറ്റിയ അവനെ ഋഷികളും, മനുഷ്യരും, ആകാശചരന്മാരും, അസുരന്മാരും ചേർന്ന ഒരു വൃന്ദം അനുഗമിച്ചിരുന്നു. 
ഞാൻ ഒരു പക്ഷേ അവനാൽ പരിഹസിയ്ക്കപ്പെട്ടേയ്ക്കാം എങ്കിലും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ കൃഷ്ണന്റെ മനോജ്ഞമായ ആ രൂപം കുടിയിരിയ്ക്കുന്നു. 

വികച കദംബ തലേ മിളിതം കലി കലുഷ ഭയം ശമയന്തം 
മാമപി കിമപി തരംഗ ദനംഗദൃശാ വപുഷാ രമയന്തം 
രാസേ ഹരിമിഹ വിഹിതവിലാസം 
സ്മരതി മനോ മമ കൃതപരിഹാസം. 

ഹേ.. സഖീ... കൃഷ്ണനും ഞാനുമായുള്ള സംഗമ സ്ഥാനം മുങ്കൂട്ടി തീരുമാനിച്ചിട്ടുള്ളത് ആ കദംബവൃക്ഷച്ചുവട്ടിലാണ്, ദ്വാപരയുഗത്തിലെ കലിയുടെ വാസഗൃഹമായി ജനങ്ങൾ കരുതിയിരുന്നതിനാൽ മറുള്ളവർ അവിടേയ്ക്ക് നോക്കാൻ തന്നെ ഭയന്നിരുന്നു; എന്നാൽ കൃഷ്ണൻ അഭിനിവേശം നിറഞ്ഞ കണ്ണുകളാൽ എന്നെ അവിടേയ്ക്ക് ആകർഷിച്ചും, ശാരീരികമായി സന്തോഷിപ്പിച്ചും ആ ഭയം അസ്ഥാനത്താണെന്ന് തെളിയിച്ചിരുന്നു. 
ഞാൻ ഒരു പക്ഷേ അവനാൽ പരിഹസിയ്ക്കപ്പെട്ടേയ്ക്കാം എങ്കിലും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ കൃഷ്ണന്റെ മനോജ്ഞമായ ആ രൂപം കുടിയിരിയ്ക്കുന്നു. 


ശ്രീജയദേവ ഭണിതമതി സുന്ദര മോഹന മധുരിപു രൂപം 
ഹരിചരണ സ്മരണം പ്രതി സമ്പ്രതി പുണ്യവതാമനു രൂപം 
രാസേ ഹരിമിഹ വിഹിതവിലാസം 
സ്മരതി മനോ മമ കൃതപരിഹാസം. 

കവി ജയദേവൻ ശ്രീകൃഷ്ണന്റെ ഏറ്റവും മനോഹരവും , മനോജ്ഞവുമായ രൂപത്തെ വാഴ്ത്തിപ്പാടുന്നു. ഇത് മധുകൈടഭന്മാരെ നിഗ്രഹിച്ച ആ ആകാശദേവനുള്ള സ്തുതിയാണ്. 
രാധ, തന്റെ ഉള്ളിൽ നിറഞ്ഞ ആശങ്കകൾ സഖിയോട് പങ്ക് വയ്ക്കുകയാണ്. ഞാൻ ഒരു പക്ഷേ അവനാൽ പരിഹസിയ്ക്കപ്പെട്ടേയ്ക്കാം എങ്കിലും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ കൃഷ്ണന്റെ മനോജ്ഞമായ ആ രൂപം കുടിയിരിയ്ക്കുന്നു.

No comments:

Post a Comment