Friday 12 June 2015

അഷ്ടപദി 4 - ചന്ദനചർച്ചിത നീലകളേബര ( Ashtapadi 4 - Chandacharchitha neelaklebara )

(മൂന്നാം അഷ്ടപദിയിൽ പ്രകൃതിയിലെ വസന്തകാല വർണ്ണന കവി നടത്തിയതെങ്കിൽ ഈ അഷ്ടപദിയിൽ രാധയുടെ സഖി രാധയോട് മധുവനത്തിൽ കൃഷ്ണനാകുന്ന മന്മഥൻ ഗോപികമാരാകുന്ന പൂക്കൾ വിടർത്തി സൃഷ്ടിച്ചു കൊണ്ടിരിയ്ക്കുന്ന പ്രണയവസന്തത്തെ വിവരിയ്ക്കുന്നു. 

രാഗം - പന്തവരാളി )

ചന്ദനചർച്ചിത നീലകളേബര പീതവസന വനമാലീ
കേളിചലന്മണി കുണ്ഡലമണ്ഡിത ഗണ്ഡയുഗസ്മിത ശാലീ, 
ഹരിരിഹ മുഗ്ദ്ധവധൂനികരേ വിലാസിനി വിലസതി കേളിപരേ 
ഹരിരിഹ മുഗ്ദ്ധവധൂനികരേ 

കൃഷ്ണൻ തന്റെ കടും നീലനിറത്തിലുള്ള മേനിയിൽ ചന്ദനം അരച്ച് പുരട്ടിയും, തിളങ്ങുന്ന മഞ്ഞപ്പട്ടുടുത്തും, മാറിൽ വനപുഷ്പ്പങ്ങൾ കോർത്ത ഹാരമണിഞ്ഞും കമനീയമായി അണിഞ്ഞൊരുങ്ങിയിരിയ്ക്കുന്നു. അവന്റെ വെട്ടിത്തിളങ്ങുന്ന കർണ്ണാകുണ്ഡലങ്ങൾ കേളികൾക്കിടയിൽ ആടിയുലഞ്ഞ് ആ മനോഹരമായ കവിളുകളിൽ ശോഭ കൂട്ടുന്നു. അതിനൊപ്പം അവന്റെ മനോജ്ഞമായ ആ ചിരിയും കൂടി ചേരുമ്പോൾ... 
ശ്രീകൃഷ്ണൻ ക്രീഡകളിലേർപ്പെട്ടിരിയ്ക്കുന്ന യുവസുന്ദരിമാരായ ഒരു സംഘം ഗോപികമാർക്കിടയിൽ പ്രണയകേളികളാടി തിളങ്ങി നില്ക്കുന്നു.

പീനപയോധര ഭാരഭരണേ ഹരിം പരിരഭ്യസ രാഗം
ഗോപ വധൂരനുഗായതി കാചിദുദഞ്ചിത പഞ്ചമ രാഗം
ഹരിരിഹ മുഗ്ദ്ധവധൂനികരേ വിലാസിനി വിലസതി കേളിപരേ
ഹരിരിഹ മുഗ്ദ്ധവധൂനികരേ

ഹേ..രാധേ.. ആ യുവഗോപിക തന്റെ ഭാരമേറിയ സ്തനങ്ങൾ കൃഷ്ണനിൽ ചേർത്തമർത്തി അവനെ അനുരാഗത്തോടെ ആലിംഗനം ചെയ്യുന്നു. മറ്റൊരുവൾ അവന്റെ പുല്ലാങ്കുഴലിനെ മറികടക്കുമാറ ഉച്ചസ്ഥായിയിൽ പഞ്ചമം ആയി ഹർഷഗാനം ആലപിയ്ക്കുന്നു. 
ശ്രീകൃഷ്ണൻ ക്രീഡകളിലേർപ്പെട്ടിരിയ്ക്കുന്ന യുവസുന്ദരിമാരായ ഒരു സംഘം ഗോപികമാർക്കിടയിൽ പ്രണയ കേളികളാടി തിളങ്ങി നില്ക്കുന്നു. 

കാപി വിലാസ വിലോല വിലോചന ഖേലജനിത മനോജം 
ധ്യായതി മുഗ്ദ്ധവ ധൂരധികം മധു സൂദനവദന സരോജം 
ഹരിരിഹ മുഗ്ദ്ധവധൂനികരേ വിലാസിനി വിലസതി കേളിപരേ 
ഹരിരിഹ മുഗ്ദ്ധവധൂനികരേ 

ഹേ..രാധേ.. മധുസൂതനന്റെ അതിവൈദഗ്ദ്ധ്യമുള്ള പ്രണയമായയിൽ, ഈകലയിൽ അവിടഗ്ദ്ധയായ ആ ഗോപിക വലയുന്നത് കാണുക. കാമദേവൻ അവളെ അവനായി തിരഞ്ഞെടുത്തിരിയ്ക്കുന്നു, അവനോ അതികോമളമായ ശരീരചലങ്ങളോടെ, കണ്ണുകളിലെ കിരണങ്ങളോടെ അവളെഭ്രമിപ്പിയ്ക്കുന്നു. അവൾ അവന്റെ പങ്കജമുഖകാന്തിയിൽ കൊതിച്ച് അവനു വശംവദയായി തീർന്നിരിയ്ക്കുന്നു. 
ശ്രീകൃഷ്ണൻ ക്രീഡകളിലേർപ്പെട്ടിരിയ്ക്കുന്ന യുവസുന്ദരിമാരായ ഒരു സംഘം ഗോപികമാർക്കിടയിൽ പ്രണയകേളികളാടി തിളങ്ങി നില്ക്കുന്നു. 

കാപി കപോലതലേ മിളിതാ ലപിതും കിമപി ശ്രുതിമൂലേ 
ചാരുചുചുംബ നിതംബവതീ ദയിതം പുളകൈരനുകൂലേ 
ഹരിരിഹ മുഗ്ദ്ധവധൂനികരേ വിലാസിനി വിലസതി കേളിപരേ 
ഹരിരിഹ മുഗ്ദ്ധവധൂനികരേ 

ഹേ..രാധേ.. മാറ്റൊരു ഗോപിക കാതിൽ എന്തോ രഹസ്യം ഒതാനെന്ന വ്യാജേന അവന്റെ കവിളുകളിൽ അവളുടെ കവിളുകൾ ഉരസ്സിരസിയ്ക്കുന്നു. വിസ്ത്രതമായ അരക്കെട്ടുകലോടെ കൂടിയ ഇനിയൊരുവൾ തന്റെ മുഴുവൻ ശരീരവും അവനിൽ അമര്ത്തി അവനെ രോമഹർഷത്തോടെ ചുംബിയ്ക്കുന്നു. 
ശ്രീകൃഷ്ണൻ ക്രീഡകളിലേർപ്പെട്ടിരിയ്ക്കുന്ന യുവസുന്ദരിമാരായ ഒരു സംഘം ഗോപികമാർക്കിടയിൽ പ്രണയകേളികളാടി തിളങ്ങി നില്ക്കുന്നു. 

കേളി കലാകുതുകേന ച കാചിദമും യമുനാ വനകൂലേ 
മഞ്ജുള വഞ്ജുള കുഞ്ജഗതം വിചകർഷ കരേണ ദുകൂലേ 
ഹരിരിഹ മുഗ്ദ്ധവധൂനികരേ വിലാസിനി വിലസതി കേളിപരേ 
ഹരിരിഹ മുഗ്ദ്ധവധൂനികരേ 

ഹേ..രാധേ.. മറ്റൊരു ഗോപിക ഒളിച്ച് കളിയെന്ന വ്യാജേന കൃഷ്ണനെ യമുനയുടെ കരയിലുള്ള ഒരു വിജന ലതാഗൃഹത്തിലേയ്ക്ക് നയിയ്ക്കുന്നു, അതിനു ശേഷം അതിയായ പ്രണയ പാരവശ്യത്തോടെ അവന്റെ മനോഹരമായ പീതപ്പട്ടു വസ്ത്രങ്ങൾ വലിച്ച്ചഴിയ്ക്കാൻ ശ്രമിയ്ക്കുന്നു. 
ശ്രീകൃഷ്ണൻ ക്രീഡകളിലേ- ർപ്പെട്ടിരിയ്ക്കുന്ന യുവസുന്ദരിമാരായ ഒരു സംഘം ഗോപികമാർക്കിടയിൽ പ്രണയകേളികളാടി തിളങ്ങി നില്ക്കുന്നു. 

കരതലതാള തരളവലയാവലി കലിത കളസ്വന വംശേ 
രാസരസേ സഹ നൃത്യപരാ ഹരിണായുവതി: പ്രശശംസേ 
ഹരിരിഹ മുഗ്ദ്ധവധൂനികരേ വിലാസിനി വിലസതി കേളിപരേ 
ഹരിരിഹ മുഗ്ദ്ധവധൂനികരേ 

ഒരു ഗോപകന്യക, കൃഷ്ണൻ അവന്റെ പുല്ലാങ്കുഴലിൽ ആലപിയ്ക്കുന്ന മധുരഗാനത്തിനോപ്പം നയനമനോഹരമായി നൃത്തം വയ്ക്കുന്നു, അവളുടെ കങ്കണങ്ങൾ അവന്റെ ഗാനങ്ങൾക്ക് അനുസൃതമായ താളമേകുന്നു.. അവനോ അവളുടെ നൃത്ത വൈദഗ്ദ്ധ്യത്തെ പുകഴ്ത്തിയും കരഘോഷം മുഴക്കിയും അവളെ ആനന്ദത്തിൽ ആറാടിയ്ക്കുന്നു. 
ശ്രീകൃഷ്ണൻ ക്രീഡകളിലേർപ്പെട്ടിരിയ്ക്കുന്ന യുവസുന്ദരിമാരായ ഒരു സംഘം ഗോപികമാർക്കിടയിൽ പ്രണയകേളികളാടി തിളങ്ങി നില്ക്കുന്നു.

ശ്ലിഷ്യതി കാമപി ചുംബതി കാമപി കാമപി രമയതി രാമാം 
പശ്യതി സസ്മിത ചാരുപരാമ പരാമനുഗച്ഛതി വാമാം 
ഹരിരിഹ മുഗ്ദ്ധവധൂനികരേ വിലാസിനി വിലസതി കേളിപരേ 
ഹരിരിഹ മുഗ്ദ്ധവധൂനികരേ 

കൃഷ്ണൻ ഒരു ഗോപികയെ പരിരംഭണം ചെയ്യുന്നു, മറ്റൊരുവളെ ചുംബിയ്ക്കുന്നു, ഇനിയൊരുവളെ മധുരമൊഴികളാൽ സന്തോഷിപ്പിയ്ക്കുന്നു, വേറൊരു ഗോപികയെ വശ്യമായ ചിരിയോടെ കടാക്ഷിയ്ക്കുന്നു, ഇതിനൊപ്പം അതിസുന്ദരിയായ ഇതിപ്പെടാത്ത ഒരു ഗോപികന്യകയെ പിന്തുടരുന്നു. അവന്റെ കേളികൾ കണ്ട് നില്ക്കുന്ന മറ്റ്‌ സ്ത്രീകളിൽ ഉന്മാദമുണർത്തുന്നു. അവന്റെ അവർക്ക് വസന്തമാകുന്നു, എത്രയോ രസികനാണവൻ. 
ശ്രീകൃഷ്ണൻ ക്രീഡകളിലേർ-പ്പെട്ടിരിയ്ക്കുന്ന യുവസുന്ദരിമാരായ ഒരു സംഘം ഗോപികമാർക്കിടയിൽ പ്രണയകേളികളാടി തിളങ്ങി നില്ക്കുന്നു. 

ശീജയദേവ ഭണിതമിദ മത്ഭുത കേശവകേളി രഹസ്യം 
വൃന്ദാവന വിപിനേ ചരിതം വിതനോതു ശുഭാനി യശസ്യം 
ഹരിരിഹ മുഗ്ദ്ധവധൂനികരേ വിലാസിനി വിലസതി കേളിപരേ 
ഹരിരിഹ മുഗ്ദ്ധവധൂനികരേ 

ഉന്മാദ ദായകമായി വൃന്ദാവനത്തിലെ കാനന മേഘലയിൽ കൃഷ്ണനാടിയ ലീലകളുടെ രഹസ്യം ജയദേവൻ ഇവിടെ വിവരിയ്ക്കട്ടേ. ശ്രീഹരി ഇത് ശ്രവിയ്ക്കുന്നവർക്ക് ഭാഗ്യവും, ഐശ്വര്യവും, പ്രശസ്തിയും പ്രദാനം ചെയ്യുമാറാകട്ടെ! 
ശ്രീകൃഷ്ണൻ ക്രീഡകളിലേർപ്പെട്ടിരിയ്ക്കുന്ന യുവസുന്ദരിമാരായ ഒരു സംഘം ഗോപികമാർക്കിടയിൽ പ്രണയകേളികളാടി തിളങ്ങി നില്ക്കുന്നു.

No comments:

Post a Comment