Friday 12 June 2015

അഷ്ടപദി 3 - ലളിതലവംഗ ലതാപരിശീലന ( Ashtapadi 3 - Lalithalavanga lathapariselana )

("ലളിത ലവംഗ ലതാ പരിശീലന" എന്ന് തുടങ്ങുന്ന അഷ്ടപദി, വസന്തകാല പ്രകൃതി വർണ്ണനയാണ്. ഇനിയങ്ങോട്ട് എഴുതാനിരിയ്ക്കുന്ന കഠിനമായ രതിയും ലൈംഗികതയും ഒരു പക്ഷേ ജയദേവനിൽ സൃഷ്ടിച്ച ആശങ്കയും, ഭക്തിപ്രസ്ഥാനങ്ങൾ അതിനെ എങ്ങനെ സ്വീകരിയ്ക്കും എന്ന ഭയവും എല്ലാ ജീവികളിലും മോഹവും ദാഹവും സൃഷ്ടിയ്ക്കുമാറു പ്രകൃതി അണിഞ്ഞൊരുങ്ങി നിൽക്കുമ്പോൾ മോഹവും, ദാഹവും, കാമവും, കാമനകളും,രതിയും, ക്രീഡകളും സ്വാഭാവികമായ പ്രക്രിയകളും, പ്രകൃതിയുടെ വിളിയിൽ വിടരുന്ന പരിണാമങ്ങളും ആക്കി ഒരു മുൻകൂർ ജാമ്യം എടുക്കൽ കൂടിയാണീ അഷ്ടപദി. 

വസന്തകാല വർണ്ണനയ്ക്ക് തിരഞ്ഞെടുത്ത രാഗം - വസന്ത)

ലളിത ലവംഗ ലതാപരിശീലന കോമള മലയസമീരേ
മധുകരനികര കരംബിത കോകില കൂജിത കുഞ്ജകുടീരേ
വിഹരതി ഹരിരിവ സരസവസന്തേ നൃത്യതി
യുവതിജനേന സമം സഖി വിരഹിജനസ്യ ദുരന്തേ 

മലയ പർവ്വതത്തിൽ നിന്നും ഉത്ഭാവിയ്ക്കുന്ന കുളിർ തെന്നൽ തളിരുകൾ നിറഞ്ഞ വല്ലിപ്പടർപ്പുകളെ തഴുകി- ക്കൊണ്ടേയിരിയ്ക്കുന്നു. എങ്ങും വിടർന്ന് നില്ക്കുന്ന പുഷ്പങ്ങളാകയാൽ ഏതിൽ നിന്ന് മധു നുകരണമെന്നറിയാതെ മൂളിപ്പറക്കുന്ന തേനീച്ചകളും, തളിർ ഭക്ഷിച്ച് ആനന്ദഗാനം ആലപിയ്ക്കുന്ന കുയിലുകളും രംഗഭംഗി കൂട്ടുന്നു. എന്നാൽ ഈ അതിമനോഹരമായ അന്തരീക്ഷം പ്രണയിതാവിൽ നിന്നും പിരിഞ്ഞ് കഴിയുന്നവർക്ക് വിപരീത ഫലമാണുണ്ടാക്കുന്നത്, അവർക്കിത് നരകതുല്യമായി തോന്നുന്നു. ഈ മധുരവസന്ത ഋതുവിൽ, കൃഷ്ണൻ നൃത്തം ചെയ്യുന്ന ഒരു കൂട്ടം ഗോപികമാർക്കിടയിൽ പ്രണയലീലകൾ ആടി രസിച്ച് നിന്നു.

ഉന്മദമദന മനോരഥപഥിക വധൂജന ജനിതവിലാപേ
അളികുല സങ്കുലകുസുമ സമൂഹ നിരാകുലബകുളകലാപേ
വിഹരതി ഹരിരിവ സരസവസന്തേ നൃത്യതി 
യുവതിജനേന സമം സഖി വിരഹിജനസ്യ ദുരന്തേ 

ഈ ഋതുവിലാണു ദൂരയാത്രികരുടെ ഭാര്യമാർ കാമദേവന്റെ ശരങ്ങളേറ്റ് അവർ പ്രണയപ്രവശകളാകുന്നതും, പൊടുന്നനേ ഏകാന്തതയും, അസഹ്യമായ വിരഹദുഖവും അവരിലേയ്ക്ക് കടന്നു വരുന്നത്. ബകുളപ്പൂങ്കുലകൾക്കിടയിൽ എണ്ണീയാൽ ഒടുങ്ങത്തത്ര വണ്ടുകൾ പൂന്തേനുണ്ണാൻ മൂളിപ്പറക്കുന്നു. (ജയദേവൻ എന്താണുദ്ദേശിച്ചതെന്ന് ആർക്കറിയാം ? ദൂരയാത്രികനെ പിരിഞ്ഞ വധുക്കൾ ബകുളപ്പൂങ്കുലകളും, അവരെ കണ്ട് കൊതിച്ച് കടന്ന് പോകുന്ന പഥികർ വണ്ടുകളും ആണോ?) 
ഈ മധുരവസന്ത ഋതുവിൽ, കൃഷ്ണൻ നൃത്തം ചെയ്യുന്ന ഒരു കൂട്ടം ഗോപികമാർക്കിടയിൽ പ്രണയലീലകൾ ആടി രസിച്ച് നിന്നു.


മൃഗമദസൌരഭ രഭസവശംവദ നവദളമാലതമാലേ
യുവജനഹൃദയ വിദാരണമനസിജ നഖരുചികിംശുകജാലേ
വിഹരതി ഹരിരിവ സരസവസന്തേ നൃത്യതി 
യുവതിജനേന സമം സഖി വിരഹിജനസ്യ ദുരന്തേ 

തമല വൃക്ഷങ്ങൾ നവമുകുളിതങ്ങളായ തളിരുകൾ ആയപുതുവസ്ത്രങ്ങൾ അണിഞ്ഞൊരുങ്ങി കസ്തൂരിഗന്ധം പരത്തി എങ്ങുംനിലകൊള്ളുന്നു. യുവജനങ്ങളൂടെ ഹൃദയം കാമാദേവൻ തെന്റെപ്രണയവസന്ത നഖങ്ങളാൽ പുറത്തേയ്ക്ക് ചീന്തിയെടുത്തത പോലെചുവന്ന കിംഷുക പുഷ്പ്പങ്ങൾ ആകർഷകമായിരിയ്ക്കുന്നു. 
ഈ മധുരവസന്ത ഋതുവിൽ, കൃഷ്ണൻ നൃത്തം ചെയ്യുന്ന ഒരു കൂട്ടം ഗോപികമാർക്കിടയിൽ പ്രണയലീലകൾ ആടി രസിച്ച് നിന്നു.

മദനമഹീപതി കനകദണ്ഡരുചി കേസരകുസുമവികാസേ
മിളിതശിലീമുഖ പാടലപടലകൃത സ്മരതൂണവിലാസേ
വിഹരതി ഹരിരിവ സരസവസന്തേ നൃത്യതി 
യുവതിജനേന സമം സഖി വിരഹിജനസ്യ ദുരന്തേ 

പൂർണ്ണമായി വിടർന്നു വരുന്ന കേസരപ്പൂക്കൾ കാമദേവന്റെ ശിരസ്സിനുമുകളിൽ ചൂടിയ സുവർണ്ണ നിറമുള്ള കുടയെന്ന പോലെ ശോഭിയ്ക്കുന്നു. വണ്ടുകളുടെ നിരയും, അടുക്കായി വിടർന്ന പൂക്കളും ചേർന്ന കാമദേവന്റെ അമ്പും വില്ലും എന്ന പോലെ കാണപ്പെടുന്നു, ഒപ്പം മന്മഥൻ നേരിട്ട് ഈ ഗോപികമാരുമായി പുഷ്പശരങ്ങളാൽ യുദ്ധം ചെയ്യുകയാണെന്ന സന്ദേഹവുമുളവാക്കുന്നു. 
 ഈ മധുരവസന്ത ഋതുവിൽ, കൃഷ്ണൻ നൃത്തം ചെയ്യുന്ന ഒരു കൂട്ടം ഗോപികമാർക്കിടയിൽ പ്രണയലീലകൾ ആടി രസിച്ച് നിന്നു.

വിഗളിതലജ്ജിത ജഗദവലോകന തരുണകരുണകൃതഹാസേ
വിരഹിനികൃന്തന കുന്തമുഖാകൃതി കേതകിദന്തുരിതാശേ
വിഹരതി ഹരിരിവ സരസവസന്തേ നൃത്യതി 
യുവതിജനേന സമം സഖി വിരഹിജനസ്യ ദുരന്തേ 

മുട്ടിട്ടും, വെളുത്ത പൂക്കൾ വിരിഞ്ഞ് തുടങ്ങുകയും ചെയ്ത ആ ഇളം കരുണാവൃക്ഷങ്ങൾ വസന്താഗമത്തിൽ സകലമാന ലജ്ജയും വെടിഞ്ഞ് പ്രണയപരവശരായ ജീവികളെ നോക്കി കളിയാക്കി ചിരിയ്ക്കുന്നത്പോലെ നിൽക്കുന്നു. കേതകി പൂക്കൾ രൂപത്തിൽ കുന്തത്തെഅനുസ്മരിപ്പിച്ച് നിരയായി വിടർന്ന് നിൽക്കുന്നത് കാണുമ്പോൾപ്രണയിതാവിൽ നിന്നകന്നു നില്ക്കുന്ന കാമിതാക്കളുടെ ഹൃദയംതുളയ്ക്കുവാൻ വേണ്ടി പ്രകൃതി നിർമ്മിച്ചതാണവയെന്ന്തോന്നലുണ്ടാക്കുന്നു. 
ഈ മധുരവസന്ത ഋതുവിൽ, കൃഷ്ണൻ നൃത്തം ചെയ്യുന്ന ഒരു കൂട്ടം ഗോപികമാർക്കിടയിൽ പ്രണയലീലകൾ ആടി രസിച്ച് നിന്നു.


മാധവികാപരിമള ലളിതേനവ മാലികയാതിസുഗന്ധൌ
മുനിമനസാമപി മോഹനകാരിണി തരുണാകാരണബന്ധൌ
വിഹരതി ഹരിരിവ സരസവസന്തേ നൃത്യതി 
യുവതിജനേന സമം സഖി വിരഹിജനസ്യ ദുരന്തേ 

മാധവി, ചമേലി, നവമല്ലിക എന്നീ പുഷ്പ്പങ്ങൾ അവയുടെ ഹൃദയഹാരിയായ പരിമളം പരത്തി വസന്തത്തിൽ യുവത്വത്തെ മത്തുപിടിപ്പിയ്ക്കുന്നു. ഇവ യോഗീശ്വരന്മാരേയും, ഋഷികളേയും വരെ മയക്കുവാൻ പോന്നവയാണ്. വസന്തം യഥാർത്ഥത്തിൽ യുവജങ്ങളുടെ നിസ്വാർത്ഥനായ കൂട്ടുകാരൻ ആണെന്നതിൽ സംശയം വേണ്ട. 
ഈ മധുരവസന്ത ഋതുവിൽ, കൃഷ്ണൻ നൃത്തം ചെയ്യുന്ന ഒരു കൂട്ടം ഗോപികമാർക്കിടയിൽ പ്രണയലീലകൾ ആടി രസിച്ച് നിന്നു.

സ്ഫുരദതിമുക്ത ലതാപരിരംഭണ മുകുളിത പുളകിത ചൂത്
വൃന്ദാവനവിപിനേ പരിസരപരി ഗതയമുനാജലപൂതേ
വിഹരതി ഹരിരിവ സരസവസന്തേ നൃത്യതി 
യുവതിജനേന സമം സഖി വിരഹിജനസ്യ ദുരന്തേ 

ചമേലിയുടെ വള്ളിപ്പടർപ്പുകൾ തേന്മാവിനെ ഇറുകെ പുണർന്നപ്പോൾ ഉളവായ ആ ഹർഷോന്മാദത്തിന്റെ നിർവൃതി നവമുകുളങ്ങളും, തളിരുകളും ആയി മാവ് അണിഞ്ഞിരിയ്ക്കുന്നു. വൃന്ദാവനമാകെ അരികിലൂടെ ഒഴുകുന്ന യമുനയിലെ ജലത്താൽ പരിപുഷ്ടവും, സംശുദ്ധവും ആക്കപ്പെട്ടിരിയ്ക്കുന്നു. 
ഈ മധുരവസന്ത ഋതുവിൽ, കൃഷ്ണൻ നൃത്തം ചെയ്യുന്ന ഒരു കൂട്ടം ഗോപികമാർക്കിടയിൽ പ്രണയലീലകൾ ആടി രസിച്ച് നിന്നു.

ശ്രീജയദേവ ഭണിതമിദമുദയതു ഹരിചർണസ്മൃതിസാരം
സരസവസന്ത സമയവനവർണ്ണ നമനുഗതമദനവികാരം
വിഹരതി ഹരിരിവ സരസവസന്തേ നൃത്യതി 
യുവതിജനേന സമം സഖി വിരഹിജനസ്യ ദുരന്തേ 

ജയദേവകവി ശ്രീഹരിയുടെ പാദാരവിന്ദങ്ങൾ അനുസ്മരിയ്ക്കുന്നു, ഒപ്പം വൃന്ദാവനത്തിലെ വനങ്ങളിൽ വിടർന്ന മധുരവസന്തത്തേയും, അത് ഗോപികമാരിൽ പൊടുന്നനെ സൃഷ്ടിച്ച തരളവികാരങ്ങളും, കാമചേതനകളും വിവരിയ്ക്കുന്നു. 
ഈ മധുരവസന്ത ഋതുവിൽ, കൃഷ്ണൻ നൃത്തം ചെയ്യുന്ന ഒരു കൂട്ടം ഗോപികമാർക്കിടയിൽ പ്രണയലീലകൾ ആടി രസിച്ച് നിന്നു.

No comments:

Post a Comment