Friday 12 June 2015

അഷ്ടപദി 2 - ശ്രിതികമലാ കുചമണ്ഡല ( Ashtapadi 2 - Sritha Kamala Kuchamandala )

(ജയദേവകവി ശ്രീകൃഷ്ണാവതാരത്തെ സ്തുതിയ്ക്കുന്നതാണീ അഷ്ടപദി.
രാഗം - ഭൈരവി)

ശ്രിതകമലാ കുചമണ്ഡല ധൃതകുണ്ഡല ശ്രീകൃഷ്ണ
കലിത ലളിത വനമാല ജയജയ ദേവ ഹരേ.

മോഹമുണർത്തുന്ന കുണ്ഡലങ്ങളോടെ, നേർത്തതെങ്കിലും അതിമനോഹരമായ പൂമാലധരിച്ച് ലക്ഷ്മീദേവിയുടെ സ്തനങ്ങളെ താവളമാക്കുന്ന ശ്രീകൃഷ്ണാ... വിഷ്ണുദേവാ.. അങ്ങ് വിജയിച്ചാലും.

ദിനമണി മണ്ഡല മണ്ഡന ഭവഖണ്ഡന ശ്രീകൃഷ്ണ
മുനിജന മാനസ സഹംസ ജയ ജയ ദേവ ഹരേ

ഗോകുലമാകുന്ന രസമണ്ഡലത്തിനു സൂര്യതേജസ്സോടെ ജ്വലിയ്ക്കുന്ന ആഭരണമായി വിളങ്ങുന്നവനേ ... ആരുടെ സ്മരണയാൽ നാം സ്വയം മറന്നു ഇല്ലാതാകുന്നുവോ.. മാഹാ ഋഷിമാരുടെ മനസ്സുകളിൽ സ്ഥിരമായി വസിയ്ക്കുന്നവനേ... ശ്രീകൃഷ്ണാ... വിഷ്ണുദേവാ.. അങ്ങ് വിജയിച്ചാലും.

കാളിയ വിഷധര ഭഞ്ജന! ജന രഞ്ജന ശ്രീകൃഷ്ണ!
യദുകുല നളിന ദിനേശ! ജയജയ ദേവ ഹരേ!

കാളിയനെന്ന വിഷസർപ്പത്തെ മർദ്ദിച്ചവനേ ... യദുകുലജനതയെ അഹ്ലാദിപ്പിച്ചവനേ.. ഗോപസ്ത്രീകളാകുന്ന താമരകളെ വിടർത്തിയവനേ... കൃഷ്ണാ... വിഷ്ണുദേവാ.. അങ്ങ് വിജയിച്ചാലും.

മധുമുര നരക വിനാശന, ഗരുഡാസന ശ്രീകൃഷ്ണ!
സുരകുല കേളി നിദാന ജയ ജയ ദേവ ഹരേ!

മധുകൈടഭന്മാർ, മുരൻ, നരകാസുരൻ , എന്നിങ്ങനെ അസുരപ്രമണികളെ വധിച്ചവനേ.. ഗരുഢനു മുകളിൽ ആസനസ്ഥനായി ഗമിയ്ക്കുന്നവനേ.. ദേവകുലത്തിനു വിനോദം പകരുന്നവനേ..... കൃഷ്ണാ... വിഷ്ണുദേവാ.. അങ്ങ് വിജയിച്ചാലും. 

( ഇവിടെ കൃഷ്ണനെ മഹാവിഷ്ണുവായി തന്നെ സങ്കല്പ്പിയ്ക്കുന്നു. മധുകൈടഭന്മാരെ വിഷ്ണു നേരിട്ടാണ് ദേവാസൗരയുദ്ധത്തിൽ വധിച്ചത് , എന്നാൽ സത്യഭാമായോടോപ്പം കൃഷ്ണൻ ഗരുഢനു മുകളിൽ സഞ്ചരിയ്ക്കുന്ന സങ്കൽപ്പവുമുണ്ട്)


അമല കമല ദളലോചന, ഭവ മോചന ശ്രീകൃഷ്ണ! 
ത്രിഭുവന ഭവന നിധാന ജയജയ ദേവ ഹരേ! 

കളങ്കരഹിതമായ താമരദളങ്ങൾ പോലെയുള്ള നയനങ്ങളുള്ളവനേ.. സംസാരദുഖങ്ങളിൽ നിന്ന് മുക്തി നൽകുന്നവനേ... മൂന്ന് ലോകങ്ങൾക്കും താങ്ങും തണലും, ആധാരവുമായവനേ.. ... കൃഷ്ണാ... വിഷ്ണുദേവാ.. അങ്ങ് വിജയിച്ചാലും. 

ജനകസുതാ കുചഭൂഷണ ജിത ഭൂഷണ ശ്രീകൃഷ്ണ! 
സമര ശമിത ദശകണ്ഠ, ജയ ജയ ദേവ ഹരേ! 

ജനകമാഹാരാജാവിന്റെ പുത്രിയായ സീതയുടെ സ്തനങ്ങൾക്ക് അലങ്കാരം ആയുള്ളവനേ..... യമാധർമ്മനെയും ജയിച്ചവനേ... ദശമുഖനായ രാവണന്റെ യുദ്ധതൃഷ്ണയ്ക്ക് പരിസമാപ്തി കുറിച്ച്ചവനേ... കൃഷ്ണാ... വിഷ്ണുദേവാ.. അങ്ങ് വിജയിച്ചാലും. 

(ഇവിടെയും കൃഷ്ണനെ വിഷ്ണുവായും അംശാവതാരങ്ങൾ കൃഷ്ണാവതാരങ്ങൾ ആയും സങ്കല്പ്പിയ്ക്കുന്നു. സീതയുടെ കുചങ്ങളിൽ കൃഷ്ണൻ സ്പർശിച്ചാൽ യുഗകലഹം ഉണ്ടാവുന്നത് ഒഴിവാക്കാൻ മിക്ക വ്യാഖ്യാതാക്കളും കുചത്തെ "കൃത" ആക്കി തിരുത്തി ജയദേവനെ സദാചാരം പഠിപ്പിയ്ക്കുന്ന കാഴ്ച്ച ജുഗുപ്സ ഉളവാക്കുന്നതാണ്) 

അഭിനവ ജലധര സുന്ദര ധൃത മന്ദര ശ്രീകൃഷ്ണ! 
ശ്രീമുഖ ചന്ദ്രചകോര ജയജയ ദേവ ഹരേ! 

ഏറ്റവും പുതിയതായി രൂപം കൊണ്ട മേഘത്തിന്റെ വർണ്ണത്തോടെ സുന്ദരനായി വിളങ്ങുന്നവനേ... ദേവകൾക്ക് മന്ദരപർവ്വതമെന്ന പോലെ ഗോവർദ്ധനഗിരിയെ ആശ്രയമാക്കുന്നവനേ .. പ്രിയപ്പെട്ടവളെ മുഖമാകുന്ന ചന്ദ്രദർശനത്തിനു ചകോര പക്ഷിയെ പോലെ അസഹിഷ്ണനാക്കുന്നവനേ.. ... കൃഷ്ണാ... വിഷ്ണുദേവാ.. അങ്ങ് വിജയിച്ചാലും. 

( ഇവിടെ അഷ്ടപദിയുടെ ശ്രംഗാര ഭാവം മെല്ലെ തെളിഞ്ഞ് തുടങ്ങുകയായി. ചകോരമെന്ന പക്ഷി മഴയിൽ നിന്നും ജലം നേരിട്ടല്ലാതെ പുഴയില നിന്നോ, മറ്റ് കെട്ടിക്കിടക്കുന്ന സ്രോതസ്സുകളിൽ നിന്നോ ദാഹജലം കണ്ടെത്തില്ല എന്നാ സങ്കല്പം, കൃഷ്ണനാകുന്ന കാർമേഘം മഴയായി പെയ്തിറങ്ങാൻ, അതിൽ ദാഹം തീർക്കാൻ കൊതിയ്ക്കുന്ന രാധ.. രാധയുടെ സ്തനങ്ങൾ മന്ദരപർവ്വതം പോലെ കൃഷ്ണനു തണലും കുളിരുമാകുന്നു എന്നാ ഗോപ്യശൃംഗാരരസം ഇവിടെ നിഴലിയ്ക്കുന്നു) 

ശ്രീജയദേവ കവേരിദം കുരുതേ മുദം ശ്രീകൃഷ്ണ! 
മംഗല മുജ്ജ്വല ഗീതം ജയജയ ദേവ ഹരേ! 

ഈ കാവ്യമാസ്വദിയ്ക്കുവാൻ സർവ്വധാ യോഗ്യനായ അങ്ങയ്ക്ക് വേണ്ടി , ജയദേവൻ ഇത് രചിയ്ക്കുന്നു, അങ്ങ് ഇത് കേട്ട് പ്രസാദിച്ചാലും .. കൃഷ്ണാ... വിഷ്ണുദേവാ.. അങ്ങ് വിജയിച്ചാലും.

No comments:

Post a Comment