Friday 19 June 2015

അഷ്ടപദി 23 - ക്ഷണമധുനാ നാരായണ (Ashtapadi - 23 - Kshanamadhuna Narayana)

(ലതാനികുഞ്ജത്തിൽ ആഗതയയായ രാധയിൽ അവശേഷിയ്ക്കുന്ന കോപവും, ശങ്കയും മധുര ഭാഷണത്തിലൂടെ അകറ്റി അവളെ തന്നിലേയ്ക്ക് ആകർഷിയ്ക്കുന്ന മാധവനെ ആണ് ഈ അഷ്ടപദിയിൽ വിവരിയ്ക്കുന്നത്.

രാഗം - നാഥനാമക്രിയ)

കിസലയ ശയനതലേ കുരു കാമിനി ചരണ നളിന വിനിവേശം
തവ പദപല്ലവ വൈരി പരാഭവ മിദമനുഭവതു സുവേശം
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ 

എന്റെ പ്രാണപ്രിയേ.. പൂമുട്ടുകൾ വിതറിയ ഈ പുഷ്പതൽപ്പത്തിൽ നീ പാദം ഊന്നിയാലും... നിന്റെ തളിര് പോലെയുള്ള പാദങ്ങളുടെ മാർദ്ദവത്തെ അനുഭവിച്ച് ഈ പുഷ്പ്പശയ്യ അസൂയപ്പെടട്ടെ... ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ.

കരകമലേന കരോമി ചരണ മഹമാഗമിതാസി വിദൂരം 
ക്ഷണമുപകുരു ശയനോപരി മാമിവ നൂപുര മനുഗതി ശൂരം 
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ 

എന്റെ പ്രാണപ്രിയേ..നീ നഗ്നപാദയായി വനാന്തരത്തിലൂടെ വളരെ ദൂരം സഞ്ചരിച്ച്.. ക്ലേശിച്ച് എന്റെ അരികിൽ എത്തിയിരിയ്ക്കുന്നു. തളർന്നു പോയ നിന്റെ ആ പാദങ്ങളെ ഞാൻ എന്റെ കരങ്ങളാൽ തലോടി ക്ലേശമകറ്റട്ടേ... നിന്റെ ആ പാദസരങ്ങൾ ഈ പുഷ്പ്പശയ്യയിൽ എനിയ്ക്കരുകിൽ വച്ചാലും.. അവ എന്റെ കരലാളനയിൽ താളലയങ്ങൾ സൃഷ്ടിയ്ക്കട്ടേ.. 
ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ.

വദന സുധാനിധി ഗളിതമമൃതമിവ രചയ വചന മനുകൂലം 
വിരഹ മിവാപനയാമി പയോധര രോധക മുരസി ദുകൂലം
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ 

എന്റെ പ്രാണപ്രിയേ.. ചന്ദ്രബിംബത്തെ തോൽപ്പിയ്ക്കുന്ന സൌന്ദര്യം തുടിയ്ക്കുന്ന ആ മുഖത്ത് നിന്നും അമൃതകണികളായ മധുരവചനങ്ങൾ പൊഴിച്ച് എന്നെ ആനന്ദിപ്പിച്ചാലും... വിരഹത്താൽ ഇതുവരെ ഉരുകിയ എന്റെ മനസ്സിന്റെ ശാന്തിയ്ക്കായി, പൂർണ്ണമായ ഇഴുകിച്ചേരലിനായി, ഹൃദയങ്ങളുടെ ഒത്തുചേരലിന് പ്രതിബന്ധമായി നിൽക്കുന്ന... നിന്റെ മാറിടം മറയ്ക്കുന്ന ഈ പട്ട് ചേലകൾ ഞാൻ എടുത്ത് മാറ്റുകയാണ്. 
ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ.

പ്രിയ പരിരംഭണ രഭസ വലിതമിവ പുളകിതമതി ദുരവാപം 
മദുരസി കുചകലശം വിനിവേശായ ശോഷായ മനസിജതാപം 
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ 

എന്റെ പ്രാണപ്രിയേ.. നിന്റെ അസുലഭവും , പ്രണയിതാവിന്റെ സ്പർശ്ശനത്താൽ രോമഹർഷം ഉണർത്തി പുളകം കൊള്ളൂന്നതുമായ കലശ സമാനമായ ആ സ്തനങ്ങൾ എന്റെ മാറിടത്തിൽ അമർത്തി എന്നെ അതിഗാഢം പുണർന്നാലും.. അതെന്റെ പ്രണയദാഹത്തെ ശമിപ്പിച്ച് കൊണ്ട് എന്റെ മാറിൽ ചേർന്നമരട്ടേ... 
ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ.

അധര സുധാരസ മുപനയ ഭാമിനി ജീവയ് മൃതമിവ ദാസം 
ത്വയി വിനിഹിതമനസം വിരഹാനലദഗ്ധവ പുഷമവിലാസം 
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ 

എൻറ്റെ പ്രാണപ്രിയേ.. നിന്റെ അധരങ്ങളിൽ നിന്നും എന്നിൽ അമൃത് പകർന്നാലും... ആ അധരാമൃതത്തിലൂടെ നിൻറ്റെ വിരഹത്താൽ മൃതപ്രായനായ എന്നിൽ ജീവൻറ്റെ കിരണങ്ങൾ ജ്വലിപ്പിച്ചാലും.. എൻറ്റെ ഹൃദയം ഞാൻ ഇതാ നിനക്കായി കാഴ്ച്ച വച്ചിരിയ്ക്കുന്നു, നിന്നോടൊപ്പമുള്ള രാസലീലകളിൽ നിന്നകന്ന ശരീരമോ വിരഹതാപത്താൽ വെന്തുരുകുന്നു... 
ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ. 

ശശിമുഖി മുഖരയ മണിർശനാഗുണ മനുഗുണ കണ്ഠനിനാദം
ശ്രുതിയുഗലേ പികരുത വികലേ മമ ശമയ ചിരാദവസാദം 
ക്ഷണമധുനാ നാരായണമനുഗതമനുസര രാധികേ 

എൻറ്റെ പ്രാണപ്രിയേ.. ചന്ദ്രമുഖീ.. നിൻറ്റെ ആ പവിഴാധരങ്ങളിൽ നിന്നും നിർഗ്ഗമിയ്ക്കുന്ന സ്വരമാധുരിയ്ക്കു തുല്യമായി നിൻറ്റെ അരമണിക്കിങ്ങിണികൾ കിലുങ്ങി ഇവിടമാകെ അവയുടെ മധുരസംഗീതധാരയാൽ നിറയ്ക്കട്ടേ.. മറ്റുള്ളവർക്ക് മധുരതരമായി തോന്നുന്ന കളകൂജനം പോലും വിരഹദുഖത്താൽ ഇതുവരെ എനിയ്ക്ക് പീഡയായിരുന്നു, ഇനി ആ പീഡയ്ക്ക് നിന്റെ അരമണികൾ അറുതി വരുത്തട്ടേ... 
ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ. 

മാമതി വിഫലരുഷാ വികലീകൃത മവലോകിത മധുനേദം 
മീലിത ലജ്ജിതമിവ നയനം തവ വിരമ വിസൃജ രതിഖേദം 
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ 

എൻറ്റെ പ്രാണപ്രിയേ.. നിന്റെ കമലനയനങ്ങൾ എന്നിലേയ്ക്ക് അണയാൻ കൊതിയ്ക്കുന്നത് ഞാൻ കാണുന്നു, എന്നാൽ അവ ലജ്ജയാലെന്നത് പോലെ കൂമ്പിപ്പോവുന്നു. എന്നാൽ അത് ലജ്ജയാലല്ല.. നിനക്കെന്നോടുള്ള അകാരണമായ കോപത്താലുള്ള ബഹിഷ്ക്കരണം ആണെന്ന് ഞാൻ തിരിച്ചറിയുന്നു. പരിഭവം വെടിയൂ.. എന്നെ പ്രണയപുരസ്സരം കടാക്ഷിയ്ക്കൂ.. രാസക്രീഡയ്ക്ക് ഇനിയും വൈകുന്നതെന്തിനാണ്? 
ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല..നാരിയും ഇല്ല,നാം ഒന്നേയുള്ളൂ. 

ശ്രീജയദേവ ഭണിതമിദ മനുപദ നിഗദിത മധുരി പുമോദം 
ജനയതു രസികജനേഷു മനോര മതിരസ ഭാവ വിനോദം 
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ 

എൻറ്റെ പ്രാണപ്രിയേ.. കവിയായ ജയദേവൻ ഇവിടെ മധുരിപുവായ കൃഷ്നൻറ്റെ ആമോദ ദായകമായ മധുരഭാഷണങ്ങളുടെ പദാനുപദ വിവരണം നൽകിയിരിയ്ക്കുന്നു. ഇത് കവിതയെ ആരാധിയ്ക്കുന്നവരുടെ ഹൃദയത്തിൽ ശൃംഗാര രസത്തിൻറ്റെ ഉദാത്തമായ സൗന്ദര്യം നിറച്ച് അവരെ അഹ്ലാദത്തിൽ ആറാടിയ്ക്കുമാറാകട്ടേ... അവൻ.. പ്രണയ വിവശനായ ആ ശ്യാമവർണ്ണൻ മൊഴിയുന്നു...
ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ.

No comments:

Post a Comment