Thursday 18 June 2015

അഷ്ടപദി 22 - കല്യാണ അഷ്ടപദി - ഹരിമേകരസം ചിരമഭിലഷിത (Ashtapadi - 22 - Harimekarasam Chiramabhilashitha)

(പ്രത്യേകമായി പേരുകളുള്ള രണ്ട് അഷ്ടപദികൾ ആണുള്ളത് 19 ഉം 22 ഉം, അതിൽ കല്യാണ അഷ്ടപദി ആണിത്. ലതാനികുഞ്ജത്തിൽ കടന്നു ചെന്ന രാധയ്ക്ക് ദൃശ്യമായ കൃഷ്ണന്റെ കമനീയമായ രൂപഭംഗിയും, അവനിൽ കാണപ്പെട്ട കാമചേതനകളുടെ വേലിയേറ്റവും ആണീ അഷ്ടപദിയിൽ വിവരിയ്ക്കുന്നത്.

രാഗം - മദ്ധ്യമാവതി)

രാധാവദന വിലോകന വികസിത വിവിധ വികാര വിഭംഗം 
ജലനിധിമിവ വിധുമണ്ഡല ദർശന തരലിത തുംഗ തരംഗം 
ഹരിമേക രസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരു ഹർഷ വശം വദ വദന മനംഗ നിവാസം 

ലതാനികുഞ്ജത്തിൽ കടന്ന രാധയെ വീക്ഷിച്ചതും മാധവൻ വിവിധവികാരങ്ങൾക്ക് വശംവദനായി; ഉദിച്ചുയരുന്ന പൂർണ്ണചന്ദ്രൻ സമുദ്രത്തിൽ തിരകൾ ഉയർത്തുന്ന പ്രതീതി സൃഷ്ടിച്ച് കൊണ്ട് അവന്റെ മുഖത്ത് വിവിധ രസങ്ങൾ.. ഭാവങ്ങൾ മാറി മാറി വിരിഞ്ഞു. വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും ഹരി അവൾക്ക് മുന്നിൽ നിന്നു ....

ഹാര മമലതര താരമുരസി ദധതം പരിരഭ്യ വിദൂരം
സ്ഫുടതരഫേന കദംബകരംബിത മിവ യമുനാ ജലപൂരം
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം

ആ ശ്യാമവർണ്ണൻ കഴുത്തിൽ ധരിച്ചിരുന്ന അതീവപ്രഭയുള്ള വെളുത്ത മുത്തുകളുടെ ഇറക്കം കൂടിയ ഹാരം അവന്റെ മാറിടത്തിൽ, യമുനയുടെ ആഴമേറിയ ഭാഗങ്ങളിലെ ഇരുണ്ടജലത്തിൽ ഒഴുക്ക് സൃഷ്ടിയ്ക്കുന്ന നീർക്കുമിളകളുടെ നിരപോലെ വേറിട്ട കാഴ്ച്ച സൃഷ്ടിയ്ക്കുന്നുണ്ടായിരുന്നു. 
വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും ഹരി അവൾക്ക് മുന്നിൽ നിന്നു ....

ശ്യാമല മൃദുല കളേബര മണ്ഡല മധിഗത ഗൗരദുകൂലം
നീലനലിനമിവ പീതപരാഗ പതലഭര വലയിതമൂലം
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

കൃഷ്ണവർണ്ണമാർന്ന അവന്റെ മൃദു കോമള ശരീരത്തിൽ അവനണിഞ്ഞ വെട്ടിത്തിളങ്ങുന്ന മഞ്ഞപ്പട്ടുടയാടകൾ, ഒരു നീലത്താമരപ്പൂവിനെ സ്വർണ്ണവർണ്ണമാർന്ന പരാഗരേണുക്കൾ ആവരണം ചെയ്തത് പോലെ അതിമനോഹര ദൃശ്യഭംഗി ഒരുക്കിയിരുന്നു. 
വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും ഹരി അവൾക്ക് മുന്നിൽ നിന്നു ....

തരള ദൃഗഞ്ചല ചലനമനോഹര വദനജനിത രതിരാഗം 
സ്ഫുട കമലോദര ഖേലിത ഖഞ്ജനയുഗമിവ ശരദി തടാകം 
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

ശരത്കാലത്ത് പൊയ്കയിലെ പൂർണ്ണമായി വിടർന്ന നീലത്താമരമലർ പോലെ അരവിന്ദന്റെ സുന്ദരമായ മുഖം ശോഭിയ്ക്കുന്നു. പ്രണയാതുരമായി ചുവന്ന നിറമിഴികൾ, അവന്റെ മുഖമാകുന്ന നീലത്താമരയിൽ വന്നണഞ്ഞ ഇണകാഞ്ചന-പ്പക്ഷികൾ കേളികളാടുന്നത് പോലെ ചാരുതയോടെ, കടക്കണ്ണിലെ കടക്ഷങ്ങളാൽ രാധയിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു. 
വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും ഹരി അവൾക്ക് മുന്നിൽ നിന്നു ....

വദന കമല പരിശീലന മിലിതമിഹി രസമ കുണ്ഡല ശോഭം
സ്മിതരുചി രുചിര സമുല്ലസിതാധര പല്ലവകൃത രതി ലോഭം 
ഹരിമേകര സംചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

സൂര്യനെ പോലെ പ്രകാശിയ്ക്കുന്ന കൃഷ്ണൻറ്റെ രത്നകുണ്ഡലങ്ങൾ അവൻറ്റെ മുഖകാന്തി ആസ്വദിച്ച് ആമോദത്തോടെ ആ കവിളുകളിൽ തട്ടി അഭിനന്ദിയ്ക്കുന്നു. അവൻറ്റെ ഉദയസൂര്യനെ പോലെ ചുവന്ന ചുണ്ടുകളിൽ മാസ്മരികമായ ആ പുഞ്ചിരി തത്തിക്കളിയ്ക്കുന്നു. ഇളകിയാടുന്ന മുല്ലമുട്ടുകളെ പോലെ അതിസുന്ദരമായ ആ അധരങ്ങൾ രാധയെ രതികാമനകളുടെ ഉത്തുംഗ ശൃംഗത്തിലെത്തിച്ചു.. 
വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമ പ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും ഹരി അവൾക്ക് മുന്നിൽ നിന്നു ....

ശശികിരണ ച്ഛുരിതോദര ജലധര സുന്ദര സകുസുമ കേശം 
തിമിരോദിത വിധുമണ്ഡല നിർമല മലയജ തിലക നിവേശം 
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

കേശവൻറ്റെ ചികുരഭാരത്തിൽ അലങ്കരിച്ച വനപുഷ്പങ്ങൾ, കാർമേഘ പാളികൾക്കിടയിലൂടെ കടന്നു വരുന്ന ചന്ദ്രിക പോലെ കാണപ്പെടുന്നു. ചന്ദനത്താൽ അവൻറ്റെ തിരുനെറ്റിയിൽ ചാർത്തിയ തിലകം, കൂരിരുട്ടിനെ അകറ്റിക്കൊണ്ട് അമ്പിളി ഉദിച്ചുയരുന്നത് പോലെയുള്ള തോന്നലുളവാക്കുന്നു. 
വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും ഹരി അവൾക്ക് മുന്നിൽ നിന്നു .... 

വിപുല പുളക ഭരദന്തുരിതം രതികേളി കലാഭിരധീരം 
മണിഗണ കിരണസമൂഹ സമുജ്ജ്വല ഭൂഷണ സുഭഗശരീരം 
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

രത്നഭരിതമായ ആഭരണങ്ങളാൽ അലങ്കരിച്ച മാധവൻറ്റെ കോമളമായ ശരീരകാന്തിയിൽ ആ ലതാനികുഞ്ജമാകെ പ്രകാശപൂരിതമായി, പ്രണയാതുരമായ ഒരന്തരീക്ഷം സൃഷ്ടിച്ചു. രാധയുടെ അഭിലാഷവികാരതരംഗങ്ങൾക്ക് അതേ രതികാമനകളുടെ ഭാഷയിൽ ഉത്തരം നൽകവേ രാസക്രീഡയ്ക്ക് രംഗമൊരുങ്ങുകയായിരുന്നു. 
വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും ഹരി അവൾക്ക് മുന്നിൽ നിന്നു .... 

ശ്രീജയദേവ ഭണിത വിഭവ ദ്വിഗുണീകൃത ഭൂഷണ ഭാരം
പ്രണമത ഹൃദി സുചിരം വിനിധായ ഹരിം സുകൃതോദയ സാരം 
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

അവനിലെ ശോഭവർദ്ധിപ്പിച്ചുകൊണ്ടോ അതോ അവയുടെ ശോഭ അവനാൽ വർദ്ധിതമാകയാലോ എന്ന ശങ്ക ഉണർത്തുന്ന ശ്രീകൃഷ്ണൻറ്റെ രത്നഭരിതമായ ആ ആഭരങ്ങളെക്കാൾ അത്രയോ ഇരട്ടി വാക്യരത്നങ്ങളാൽ കവി ജയദേവൻ ഇവിടെ അർച്ചന ചെയ്യുന്നു.. ആ ലതാനികുഞ്ജത്തിൽ രാധയ്ക്ക് അഭിമുഖമായി അവൻ നിന്നു... 
വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും ഹരി അവൾക്ക് മുന്നിൽ നിന്നു ....

No comments:

Post a Comment