Saturday 13 June 2015

അഷ്ടപദി 18 - മാധവേ മാ കുരു മാനിനി (Ashtapadi - 18 - Madhave Maa Kuru Maanini )

(രാധയുടെ കോപം ശമിപ്പിയ്ക്കുവാനും, അവളെ രഹസ്യസമാഗമ സ്ഥാനത്ത് എത്തിയ്ക്കുവാനും സഖി ശ്രമിയ്ക്കുന്നു, അതിനു സാധിച്ചില്ലെങ്കിൽ കുറഞ്ഞ പക്ഷം കൃഷ്ണനു കടന്നുവരുവാൻ അനുകൂലമായ സാഹചര്യം ഒരുക്കുക എന്ന ഉദ്ദേശമാണ് സഖിയ്ക്കീ അഷ്ടപദിയിൽ.

രാഗം - യദുകുല കാംബോജി )

ഹരിരഭിസരതി വഹതി മധുപവനേ
കിമപരമധികസുഖം സഖി ഭുവനേ
മാധവേ മാ കുരു മാനിനി മാനമയേ

(രാധയുടെ സഖി പറയുന്നു) മലയപർവ്വതത്തിൽ നിന്നുള്ള വസന്തകാല ശീതള മന്ദപവനന്റെ തലോടലേറ്റ് കൃഷ്ണൻ വനത്തിലെ ലതാഗൃഹത്തിൽ നിനക്കായി കാത്തിരിയ്ക്കുന്നു. ഇതിലും മികച്ച ഒരു ആനന്ദപ്രഭവകേന്ദ്രം ഈ ഭൂമിയിൽ ഏതാണ് നിനക്ക് ലഭിയ്ക്കുക? പ്രിയ രാധേ.. സഖീ.. നിന്റെ ആത്മാഭിമാനബോധത്തെ ശ്ലാഘിച്ചു കൊണ്ടുതന്നെ പറയട്ടെ... അവനോടുള്ള പ്രണയത്തിൽ നിന്റെ അസ്തിത്വം തന്നെ നഷ്ടമയിരിയ്ക്കുന്നു എന്നതിനാൽ മാധവന്റെ കാര്യത്തിൽ അത് വ്യർത്ഥമാണ്, ആയതിനാൽ വിനാവിളംബം അവനോട് ചേരുക..

താലഫലാദപി ഗുരുമതിസരസം
കിം വിഫലീകുരുഷേ കുചകലശം
മാധവേ മാ കുരു മാനിനി മാനമയേ

താലവൃക്ഷത്തിന്റെ പഴുത്ത കായ്കളേക്കാൾ വലുതും, ഭാരമേറിയതും, അതിമധുര രസം നിറഞ്ഞ് തുളുമ്പുന്നതുമായ നിന്റെ കലശങ്ങൾ പോലെയുള്ള സ്തനങ്ങളുടെ യവ്വനമദം പ്രയോജന രഹിതമാക്കരുത്. 
പ്രിയ രാധേ.. സഖീ.. നിന്റെ ആത്മാഭിമാനബോധത്തെ ശ്ലാഘിച്ചു കൊണ്ടുതന്നെ പറയട്ടെ... അവനോടുള്ള പ്രണയത്തിൽ നിന്റെ അസ്തിത്വം തന്നെ നഷ്ടമയിരിയ്ക്കുന്നു എന്നതിനാൽ മാധവന്റെ കാര്യത്തിൽ അത് വ്യർത്ഥമാണ്, അവനോട് ചേരുക..

കതി ന കഥിതമിദമനുപദമചിരം
മാ പരിഹര ഹരിമതിശയരുചിരം
മാധവേ മാ കുരു മാനിനി മാനമയേ

എത്രയോ തവണ ഞാൻ നിന്നോട് പറഞ്ഞതാണ്? ഇനിയുമെത്ര തവണ കൂടി പറഞ്ഞാൽ നിനക്ക് മനസ്സിലാകും, അതികോമളനും, മാത്രയിൽ മനം കവരുന്ന ഉല്ലസദായകനുമായ അവനെ.. ആ ശ്രീഹരിയെ അവഗണിയ്ക്കരുതെന്ന്? 
പ്രിയ രാധേ.. സഖീ.. നിന്റെ ആത്മാഭിമാനബോധത്തെ ശ്ലാഘിച്ചു കൊണ്ടുതന്നെ പറയട്ടെ... അവനോടുള്ള പ്രണയത്തിൽ നിന്റെ അസ്തിത്വം തന്നെ നഷ്ടമയിരിയ്ക്കുന്നു എന്നതിനാൽ മാധവന്റെ കാര്യത്തിൽ അത് വ്യർത്ഥമാണ്, ആയതിനാൽ വിനാവിളംബം അവനോട് ചേരുക..

കിമിതി വിഷീദസി രോദിഷി വികലാ
വിഹസതി യുവതിസഭാ തവ സകലാ
മാധവേ മാ കുരു മാനിനി മാനമയേ

പ്രണയസാഫല്യം മിന്നിൽ നിൽക്കുമ്പോഴും അത് നിരസിച്ച്, എന്തിനാണ് നീയിങ്ങനെ പ്രാണവേദനയിൽ പിടയുകയും, അതിരോഷം കൊള്ളുകയും, പൊട്ടിക്കരയുകയും മാറ്റ്‌ ഭ്രാന്തമായ ചേഷ്ടകൾ പ്രദർശ്ശിപ്പിയ്ക്കുകയും ചെയ്യുന്നത്? നിന്റെ താളം തെറ്റിയ ഈ ശരീരഭാഷ കണ്ട് എതിരാളികളായ ഗോപകന്യകമാർ ആനന്ദിയ്ക്കുകയും, കൂട്ടമായി പരിഹസിച്ച് ചിരിയ്ക്കുകയാണെന്നറിയുക. 
പ്രിയ രാധേ.. സഖീ.. നിന്റെ ആത്മാഭിമാനബോധത്തെ ശ്ലാഘിച്ചു കൊണ്ടുതന്നെ പറയട്ടെ... അവനോടുള്ള പ്രണയത്തിൽ നിന്റെ അസ്തിത്വം തന്നെ നഷ്ടമയിരിയ്ക്കുന്നു എന്നതിനാൽ മാധവന്റെ കാര്യത്തിൽ അത് വ്യർത്ഥമാണ്, ആയതിനാൽ വിനാവിളംബം അവനോട് ചേരുക..

സജലനളിനീദല ശീതളശയനേ
ഹരിമവലോക്യ സഫലയ് നയനേ
മാധവേ മാ കുരു മാനിനി മാനമയേ

മലയമേരുവിന്റെ താഴവാരത്ത് വനാന്തർഭാഗത്തെ ലതാഗൃഹത്തിൽ താമരയിതളുകൾ തൂവി അലങ്കരിച്ച ശീതളമായ ലതാശയ്യയിൽ ശ്രീഹരി ശയിയ്ക്കുന്ന ആ ദൃശ്യം കണ്‍ക്കുളിർക്കെ ദർശ്ശിച്ച് സായൂജ്യമടയാൻ നിനക്ക് മാത്രമായി ഇതാ അവസരം വന്നിരിയ്ക്കുന്നു. 
പ്രിയ രാധേ.. സഖീ.. നിന്റെ ആത്മാഭിമാനബോധത്തെ ശ്ലാഘിച്ചു കൊണ്ടുതന്നെ പറയട്ടെ... അവനോടുള്ള പ്രണയത്തിൽ നിന്റെ അസ്തിത്വം തന്നെ നഷ്ടമയിരിയ്ക്കുന്നു എന്നതിനാൽ മാധവന്റെ കാര്യത്തിൽ അത് വ്യർത്ഥമാണ്, ആയതിനാൽ വിനാവിളംബം അവനോട് ചേരുക..

ജനയസി മനസി കിമിതി ഗുരുഖേദം
ശൃണു മമ വചനമനീഹിതഭേദം
മാധവേ മാ കുരു മാനിനി മാനമയേ

നിന്റെ മനസ്സിന്റെ മൊഴികൾക്ക് ചെവികൊടുക്കാതെ, കടുത്ത ദുഃഖം സ്വയം എന്തിനാണ് ഇങ്ങനെ സഹിയ്ക്കുന്നത്? എനിയ്ക്ക് യാതൊരുവിധമായ സ്വകാര്യതാൽപ്പര്യവുമില്ല, ഞാൻ എന്തെങ്കിലും പറയുന്നെങ്കിൽ അത് നിന്റെ നമയ്ക്കായി മാത്രമാണ്. 
പ്രിയ രാധേ.. സഖീ.. നിന്റെ ആത്മാഭിമാനബോധത്തെ ശ്ലാഘിച്ചു കൊണ്ടുതന്നെ പറയട്ടെ... അവനോടുള്ള പ്രണയത്തിൽ നിന്റെ അസ്തിത്വം തന്നെ നഷ്ടമയിരിയ്ക്കുന്നു എന്നതിനാൽ മാധവന്റെ കാര്യത്തിൽ അത് വ്യർത്ഥമാണ്, ആയതിനാൽ വിനാവിളംബം അവനോട് ചേരുക..

ഹരിരുപയാതു വദതു ബഹുമധുരം
കിമിതി കരോഷി ഹൃദയമതിവിധുരം
മാധവേ മാ കുരു മാനിനി മാനമയേ

അവനെ.. കൃഷ്ണനെ.. നിന്റെ സമീപത്തേയ്ക്ക് വരാൻ അനുവദിയ്ക്കുക, അവന്റെ മധുവൂറുന്ന വാക്കുകളാൽ നിന്റെ മനം കുളിരട്ടെ.. തീഷ്ണനയനങ്ങളും..കമ്പിതഗാത്രവുമായി നീ അവനെ അകറ്റി നിർത്തി സ്വയം ഹൃദയത്തിൽ ദുഖഭാരം നിറയ്ക്കുന്നതെന്തിനാണ്? 
പ്രിയ രാധേ.. സഖീ.. നിന്റെ ആത്മാഭിമാനബോധത്തെ ശ്ലാഘിച്ചു കൊണ്ടുതന്നെ പറയട്ടെ... അവനോടുള്ള പ്രണയത്തിൽ നിന്റെ അസ്തിത്വം തന്നെ നഷ്ടമയിരിയ്ക്കുന്നു എന്നതിനാൽ മാധവന്റെ കാര്യത്തിൽ അത് വ്യർത്ഥമാണ്, ആയതിനാൽ വിനാവിളംബം അവനോട് ചേരുക..

ശ്രീജയദേവഭണിതമതിലളിതം
സുഖയതു രസികജനം ഹരിചരിതം
മാധവേ മാ കുരു മാനിനി മാനമയേ

രസികജനങ്ങൾക്ക് ശ്രീ ജയദേവകവിയാൽ എഴുതപ്പെട്ട ശ്രീഹരിയുടെ ലീലകളുടെ ഈ ലളിതവിവരണങ്ങൾ മനോല്ലാസത്തിനിട വരുത്തട്ടെ.. രാധയുടെ സഖി അവളോട് ആവർത്തിച്ച് കൊണ്ടേയിരിയ്ക്കുന്നു.... 
പ്രിയ രാധേ.. സഖീ.. നിന്റെ ആത്മാഭിമാനബോധത്തെ ശ്ലാഘിച്ചു കൊണ്ടുതന്നെ പറയട്ടെ... അവനോടുള്ള പ്രണയത്തിൽ നിന്റെ അസ്തിത്വം തന്നെ നഷ്ടമയിരിയ്ക്കുന്നു എന്നതിനാൽ മാധവന്റെ കാര്യത്തിൽ അത് വ്യർത്ഥമാണ്, ആയതിനാൽ വിനാവിളംബം അവനോട് ചേരുക..

1 comment:

  1. best titanium flat iron | TITANIAN ART CENTER
    TITIAN ART titanium wire CENTER is the titanium teeth dog finest stainless smith titanium steel design at the Tintana Resort and Casino in titanium mens rings Tucson, 슬롯 Arizona.

    ReplyDelete