Saturday 13 June 2015

അഷ്ടപദി 17 - യാഹി മാധവ യാഹി കേശവ (Ashtapadi - 17 - Yahi Madhava Yahi Kesava )

(അവളുടെ പക്കലേയ്ക്ക് വരാൻ കൃഷ്ണൻ തയ്യാരായിരിയ്ക്കുന്നു എന്ന സഖിയുടെ ആശ്വാസവാക്കുകൾ രാധയിൽ ആദ്യമായി കോപത്തിന്റെ അലകളാണുയർത്തിയത്; രാധയ്ക്ക് കൃഷ്ണനോടുള്ള കോപം മുഴുവനായി പ്രവഹിയ്ക്കുന്ന അഷ്ടപദി ആണിത്. 

രാഗം - ആരഭി )

രജനിജനിതഗുരു ജാഗരരാഗ കഷായിതമലസ നിമേഷം
വഹതി നയനമനുരാഗമിവ സ്ഫുടമുദിതരസാഭിനിവേശം
യാഹി മാധവ യാഹി കേശവ മാ വദ കൈതവവാദം
താമനുസര സരസീരുഹലോചന യാ തവ ഹരതി വിഷാദം

നിദ്രാവിഹീനാമായി പ്രണയലീലകളാടിയ ഒരു സുന്ദരരാത്രി വിടവാങ്ങിയിരിയ്ക്കുന്നു. പുലരിയിലേയ്ക്ക് തുറക്കുന്ന മാധവന്റെ കണ്ണുകൾ ഉറക്കമില്ലയ്കയാൽ ചുവന്നു തുടുത്തിരിയ്ക്കുന്നു; ആയിരമായിരം സന്ദേശങ്ങൾ ചലനങ്ങളിലൂടെ കൈമാറുന്ന ആ കണ്‍പോളകൾ ചലനരഹിതമായി നിലകൊള്ളുന്നു. ആ ആലസ്യത്തിലും ആ കണ്ണുകളിൽ വൃജവംശത്തിലെ ഗോപികമാരോടുള്ള അടങ്ങാത്ത, അനുനിമിഷം വർദ്ധിതമായിട്ടുള്ള അഭിനിവേശം പ്രത്യക്ഷത്തിൽ തന്നെ പ്രകടവുമാണ്. ആ കണ്ണുകൾ കൊണ്ടവൻ തന്നെ തനിച്ചാക്കിയതിനു കാരണങ്ങൾ നിരത്തുമ്പോൾ രാധ ദേഷ്യവും സങ്കടവും കലർന്ന വാക്കുകളിൽ " പോകൂ.. മാധവാ... പോകൂ.. കേശവാ.. എന്നോട് നിന്റെ വ്യാജമായ ന്യായീകരണങ്ങൾ ഇനിയും വേണ്ട, പ്രണയവിരഹാഭിനയവും വേണ്ട... ആ നളിനവിലോചനയും സുന്ദരിയുമായ ഗോപികയുടെ അടുത്തേയ്ക്ക് വേഗം പോകുക.. അവൾ തീർച്ചയായും നിന്റെ ഈ വിഷാദത്തിന് ശമനം വരുത്തിടും" 

കഞ്ജളമലിനവിലോചനചുംബനവിരചിതനീലിമരൂപം 
ദശനവസനമരുണം തവ കൃഷ്ണ തനോതി തനോരനുരൂപം 
യാഹി മാധവ യാഹി കേശവ മാ വദ കൈതവവാദം 
താമനുസര സരസീരുഹലോചന യാ തവ ഹരതി വിഷാദം 

കരിമഷി എഴുതിയ അവളുടെ കണ്ണുകളിൽ നിരന്തരം പ്രേമാർദ്രനായി ചുംബിക്കുകയാൽ, അവളുടെ കണ്ണുകളിലെ കരി പടർന്ന് നിന്റെ ചുവന്ന അധരങ്ങൾ കറുത്തതായിരിയ്ക്കുന്നു, ഇപ്പോൾ നിന്റെ ശരീരത്തിന്റെ അതേ നിറമായിരിയ്ക്കുന്ന ആ അധരങ്ങൾ തന്നെ നിന്റെ പൊള്ളയായ വാദങ്ങൾ വെളിവാക്കുന്നു.
" പോകൂ.. മാധവാ ...പോകൂ.. കേശവാ..എന്നോട് നിന്റെ വ്യാജമായ ന്യായീകരണങ്ങൾ ഇനിയും വേണ്ട, പ്രണയവിരഹാഭിനയവും വേണ്ട... ആ നളിനവിലോചനയും സുന്ദരിയുമായ ഗോപികയുടെ അടുത്തേയ്ക്ക് വേഗം പോകുക.. അവൾ തീർച്ചയായും നിന്റെ ഈ വിഷാദത്തിന് ശമനം വരുത്തിടും"

വപുരനുസരതി തവ സ്മരസംഗരഖര നഖരക്ഷതരേഖം 
മരകതശകല കലിതകലധൌ തലിപേരിവ രതിജയലേഖം 
യാഹി മാധവ യാഹി കേശവ മാ വദ കൈതവവാദം 
താമനുസര സരസീരുഹലോചന യാ തവ ഹരതി വിഷാദം 

ഇന്നലെ രാത്രിയിൽ നിനക്കിണയായിരുന്ന ആ ഗോപിക, രതിയുടെ പോരാട്ടത്തിൽ നിന്റെ ശരീരത്തിൽ പേടമാനിന്റെ രൂപത്തിൽ പതിച്ച നഖക്ഷതങ്ങൾ, മരതകക്കല്ലിൽ ശുഭ്രവർണ്ണത്താൽ കുറിച്ചിട്ട അവളുടെ പ്രണയവിജയത്തിന്റെ സാക്ഷ്യപത്രമായി കണ്മുന്നിൽ തിളങ്ങി നിൽക്കുമ്പോൾ 
" പോകൂ.. മാധവാ ...പോകൂ.. കേശവാ..എന്നോട് നിന്റെ വ്യാജമായ ന്യായീകരണങ്ങൾ ഇനിയും വേണ്ട, പ്രണയവിരഹാഭിനയവും വേണ്ട... ആ നളിനവിലോചനയും സുന്ദരിയുമായ ഗോപികയുടെ അടുത്തേയ്ക്ക് വേഗം പോകുക.. അവൾ തീർച്ചയായും നിന്റെ ഈ വിഷാദത്തിന് ശമനം വരുത്തിടും" 

ചരണകമലഗള ദലക്തകസിക്തമിദം തവ ഹൃദയമുദാരം 
ദർ‍ശയതീവ ബഹിർ‍മദനദ്രുമനവ കിസലയപരിവാരം 
യാഹി മാധവ യാഹി കേശവ മാ വദ കൈതവവാദം 
താമനുസര സരസീരുഹലോചന യാ തവ ഹരതി വിഷാദം 

വിസ്തൃതമായ നിന്റെ മാറിടമാകെ ആ ഗോപികയുടെ പാദാരവിന്ദങ്ങളിലെ ചുവന്ന സുഗന്ധതൈലത്തിന്റെ അടയളങ്ങൾ പടർന്നു പതിഞ്ഞ് കിടക്കുന്നു. അവളോട് നിന്റെ ഹൃദയത്തിൽ ആഴത്തിൽ വേരൂന്നിയ ഇനിയും അടങ്ങാത്ത പ്രണയാവേശത്തിന്റെ മോഹങ്ങൾ, കാമനാ വൃക്ഷത്തിലെ ചുവന്ന നവമുകുളങ്ങൾ ആയി ബഹുർസ്ഫുരിയ്ക്കുകയാണെന്ന് പ്രകടമാകവേ..
" പോകൂ.. മാധവാ... പോകൂ.. കേശവാ..എന്നോട് നിന്റെ വ്യാജമായ ന്യായീകരണങ്ങൾ ഇനിയും വേണ്ട, പ്രണയവിരഹാഭിനയവും വേണ്ട... ആ നളിനവിലോചനയും സുന്ദരിയുമായ ഗോപികയുടെ അടുത്തേയ്ക്ക് വേഗം പോകുക.. അവൾ തീർച്ചയായും നിന്റെ ഈ വിഷാദത്തിന് ശമനം വരുത്തിടും" 

ദശനപദം ഭവദധരഗതം മമ ജനയതി ചേതസി ഖേദം 
കഥയതി കഥമധുനാപി മയാ സഹ തവ വപുരേതദഭേദം 
യാഹി മാധവ യാഹി കേശവ മാ വദ കൈതവവാദം 
താമനുസര സരസീരുഹലോചന യാ തവ ഹരതി വിഷാദം 

ആ ഗോപസുന്ദരിയുടെ വികാരപരമകോടി ദന്തക്ഷതങ്ങളായി നിന്റെ അധരങ്ങളിൽ തീർത്ത മുറിവുകൾ കഴിഞ്ഞ രാത്രിയുടെ ബാക്കിപത്രമായി നിലകൊള്ളുമ്പൊൾ എന്റെ ഹൃദയം നുറുങ്ങുന്ന വേദന ഞാനറിയുന്നു. ഒരു കള്ള ചിരിയോടെ നീ " നിന്റെ ശരീരം എന്റേതിൽ നിന്ന് വിഭിന്നമല്ലാത്തതിനാലാണത് ..നമ്മളൊറ്റ ഉടലാണെന്ന കപടവാദത്താൽ വീണ്ടും ന്യായീകരിയ്ക്കവേ...
" പോകൂ.. മാധവാ ... പോകൂ.. കേശവാ..എന്നോട് നിന്റെ വ്യാജമായ ന്യായീകരണങ്ങൾ ഇനിയും വേണ്ട, പ്രണയവിരഹാഭിനയവും വേണ്ട... ആ നളിനവിലോചനയും സുന്ദരിയുമായ ഗോപികയുടെ അടുത്തേയ്ക്ക് വേഗം പോകുക.. അവൾ തീർച്ചയായും നിന്റെ ഈ വിഷാദത്തിന് ശമനം വരുത്തിടും" 

ബഹിരിവ മലിനതരം തവ കൃഷ്ണ മനോപി ഭവിഷ്യതി നൂനം 
കഥമഥ വഞ്ചയസേ ജനമനുഗതമസമശരജ്വരദൂനം 
യാഹി മാധവ യാഹി കേശവ മാ വദ കൈതവവാദം 
താമനുസര സരസീരുഹലോചന യാ തവ ഹരതി വിഷാദം 

ബാഹ്യമായി കാണുന്ന നിന്റെ ഈ കൃഷ്ണവർണ്ണം തന്നെയാണു നിനക്ക് ഹൃദയത്തിലും ഉള്ളതെന്ന് ഞാൻ മനസ്സിലാക്കുന്നു. അല്ലെങ്കിൽ എങ്ങനെയാണ് നിന്നെ പ്രണയിച്ച് മാരശരങ്ങളേറ്റ് വിവശയായ ഒരു പാവം ഗോപികയെ ഇങ്ങനെ നിനക്ക് വഞ്ചിയ്ക്കുവാൻ കഴിയുന്നത്?... 
" പോകൂ.. മാധവാ ... പോകൂ.. കേശവാ..എന്നോട് നിന്റെ വ്യാജമായ ന്യായീകരണങ്ങൾ ഇനിയും വേണ്ട, പ്രണയവിരഹാഭിനയവും വേണ്ട... ആ നളിനവിലോചനയും സുന്ദരിയുമായ ഗോപികയുടെ അടുത്തേയ്ക്ക് വേഗം പോകുക.. അവൾ തീർച്ചയായും നിന്റെ ഈ വിഷാദത്തിന് ശമനം വരുത്തിടും" 

ഭ്രമതി ഭവാനബലാകബളായവനേഷു കിമത്ര വിചിത്രം 
പ്രഥയതി പൂതനികൈവ വധൂവധനിർ‍ദയബാലചരിത്രം 
യാഹി മാധവ യാഹി കേശവ മാ വദ കൈതവവാദം 
താമനുസര സരസീരുഹലോചന യാ തവ ഹരതി വിഷാദം 

നിഷ്ക്കളങ്കരായ ഗോപകന്യകമാരെ ചതിയിൽപ്പെടുത്തി ആശതീർക്കാൻ നീ വനത്തിൽ ചുറ്റിയടിയ്ക്കുന്നതിൽ എനിയ്ക്ക് ഒട്ടും തന്നെ ആശ്ചര്യമില്ല. നന്നേ ചെറുപ്പത്തിൽ പോലും രാക്ഷസ്സി എങ്കിലും ഒരു സ്ത്രീയായിരുന്ന പൂതനയെ നീ വധിച്ച രീതിയിൽ നിന്ന് തന്നെ, നീ സ്ത്രീകളോട് എത്ര ക്രൂരനും ദയയില്ലാതെ പെരുമാറുന്നവനും ആണെന്ന് ബോദ്ധ്യമാണല്ലോ!!! 
" പോകൂ.. മാധവാ ...പോകൂ.. കേശവാ..എന്നോട് നിന്റെ വ്യാജമായ ന്യായീകരണങ്ങൾ ഇനിയും വേണ്ട, പ്രണയവിരഹാഭിനയവും വേണ്ട... ആ നളിനവിലോചനയും സുന്ദരിയുമായ ഗോപികയുടെ അടുത്തേയ്ക്ക് വേഗം പോകുക.. അവൾ തീർച്ചയായും നിന്റെ ഈ വിഷാദത്തിന് ശമനം വരുത്തിടും" 

ശ്രീജയദേവഭണിത രതിവഞ്ചിതഖണ്ഡിത യുവതിവിലാപം 
ശൃണുത സുധാമധുരം വിബുധാ വിബുധാലയതോപി ദുരാപം 
യാഹി മാധവ യാഹി കേശവ മാ വദ കൈതവവാദം 
താമനുസര സരസീരുഹലോചന യാ തവ ഹരതി വിഷാദം 

ഇവിടെ കവിയായ ജയദേവൻ പ്രണയത്തിലും, രതിലീലകളിലും വഞ്ചിയ്ക്കപ്പെട്ട്, മുറിവേറ്റ് പിടയുന്ന മനസ്സുമായി വിലപിയ്ക്കുന്ന ഒരു യുവതിയുടെ ചിത്രം പൂർത്തിയാക്കുന്നു. എങ്കിലും സ്വർഗ്ഗത്തിൽ പോലും ലഭിയ്ക്കാത്ത അമൃതമധുരം ഈ വരികളിൽ സഹൃദയർക്ക് ആസ്വദിയ്ക്കാനുമാവും....രാധ..അവളുടെ പരിഭവം തുടരുന്നു ....
" പോകൂ.. മാധവാ ...പോകൂ.. കേശവാ..എന്നോട് നിന്റെ വ്യാജമായ ന്യായീകരണങ്ങൾ ഇനിയും വേണ്ട, പ്രണയവിരഹാഭിനയവും വേണ്ട... ആ നളിനവിലോചനയും സുന്ദരിയുമായ ഗോപികയുടെ അടുത്തേയ്ക്ക് വേഗം പോകുക.. അവൾ തീർച്ചയായും നിന്റെ ഈ വിഷാദത്തിന് ശമനം വരുത്തിടും"

(അഷ്ടപദികളിൽ  ഏറ്റവും അധികം സംഗീതാരാധകരെ രസിപ്പിച്ച അഷ്ടപദി യാഹി മാധവ ആണ്. അത് ഏണിപ്പടികൾ എന്ന മലയാള സിനിമയിൽ ഉപയോഗിച്ചിട്ടും ഉണ്ട്. രസകരമായ ആ ആലാപനം ചുവടെ ചേർക്കുന്നു)

No comments:

Post a Comment