Saturday 13 June 2015

അഷ്ടപദി 16 - സഖി യാ രമിതാ വനമാലിന (Ashtapadi - 16 - Sakhi Yaa Ramitha Vanamalina )

(ആദ്യത്തെ കോപവും സങ്കടവും ഒന്നവസാനിച്ചപ്പൊൾ.. രാധ വീണ്ടും അവളെന്താണാഗ്രഹിയ്ക്കുന്നത് എന്ന് സഖിയോട് വിവരിയ്ക്കുകയാണീ അഷ്ടപദിയിൽ 

രാഗം - പുന്നവരാളി )

അനില തരള കുവലയ നയനേന
തപതി ന സാ കിസലയശയനേന
സഖി യാ രമിതാ വനമാലിനാ

മന്ദമാരുതനിൽ ഇളകിയാടും കരിങ്കൂവളപ്പൂക്കൾ പോലെ മനോഹരമായ ആ നയനങ്ങളോടെ അവൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. ഈ തളിരുകളാൽ തീർത്ത കിടക്ക എന്റെ ദേഹമാസകലം ഇതുപോലെ ചുട്ടുപൊള്ളിയ്ക്കുകയില്ല. 

വികസിത സരസിജ ലളിത മുഖേന 
സ്ഫുടതി ന സാ മനസിജവിശിഖേന 
സഖി യാ രമിതാ വനമാലിനാ 

പൂർണ്ണമായി വിടർന്ന താമരപ്പൂവ് പോലെ സുന്ദരമായ മുഖമുള്ള അവൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. ആ മന്മഥൻ നിഷ്ക്കരുണം എയ്തു വിടുന്ന ബാണങ്ങളിലൊന്ന് പോലും എന്റെ ഹൃദയത്തെ ഇതുപോലെ പിളർന്ന് കൊണ്ട് കടന്നു പോവുകയില്ല. 

അമൃത മധുര മൃദുതര വചനേന 
ജ്വലതി ന സാ മലയജപവനേന 
സഖി യാ രമിതാ വനമാലിനാ 

മധുരകരവും, മൃദുവായി തഴുകുന്നതുമായ അമൃതവചനങ്ങൾ പൊഴിയ്ക്കുന്ന അവൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. മലയപർവ്വതത്തിൽ നിന്നും വീശിയടിയ്ക്കുന്ന ഈ കുളിർ തെന്നലിൽ പോലും എന്നെ പോലെ ഒരു യുവതി വെന്തെരിയുകയില്ല. 

സ്ഥലജലരുഹരുചി കരചരണേന 
ലുഠതി ന സാ ഹിമകരകിരണേന 
സഖി യാ രമിതാ വനമാലിനാ 

താമരയിതളുകൾ പോലെ മൃദുവും കുളിർമ്മയുമുള്ള പാദങ്ങളും കരങ്ങളുമുള്ള അവൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. ഈ ശിശിരക്കുളിരാർന്ന നിലാവ് എന്റെ മനസ്സിനെയും ശരീരത്തേയും ഒരുപോലെ പീഡിപ്പിയ്ക്കുകയില്ല. 

സജലജലദ സമുദയരുചിരേണ 
ദളതി ന സാഹൃദി വിരഹഭരേണ 
സഖി യാ രമിതാ വനമാലിനാ 

ഖനീഭവിച്ച കാർമുകിലിന്റെ മനോഹരവർണ്ണമുള്ള ആ കോമളശരീരൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. ഈ വിരഹദുഖം എന്റെ ഹൃദയത്തെ തകർക്കുമായിരുന്നില്ല. 


കനക നികഷരുചിശുചിവസനേന 
ശ്വസിതി ന സാ പരിജനഹസനേന 
സഖി യാ രമിതാ വനമാലിനാ 

സ്വർണ്ണ വർണ്ണമുള്ള നനുത്ത പട്ട് വസ്ത്രങ്ങൾക്കുള്ളിൽ സ്വയം തിളങ്ങി നിൽക്കുന്ന ആ മനോഹരൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. അവൾക്ക് ബന്ധുമിത്രാദികളുടെ പരിഹാസത്തിനു മുന്നിൽ, ഈ തപ്തനിശ്വാസം മാത്രം മറുപടി ആവുമായിരുന്നില്ല. 

സകല ഭുവനജന വരതരുണേന 
വഹതി ന സാ രുജമതികരുണേ‍ന 
സഖി യാ രമിതാ വനമാലിനാ 

അഖില പ്രപഞ്ചത്തിലേയ്ക്കും മികച്ച തരുണനായ, അലിവുള്ളവനായ, അവൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. കാമന്റെ കുസൃതികൾ എനിയ്ക്കീ പ്രാണവേദന നല്കില്ലായിരുന്നു. 

ശ്രീജയദേവഭണിതവചനേന 
പ്രവിശതു ഹരിരപി ഹൃദയമനേന 
സഖി യാ രമിതാ വനമാലിനാ 

ശ്രീജയദേവ കവിയാൽ രചിയ്ക്കപ്പെട്ട ഈ വരികലിലൂടെ ശ്രീഹരി നിങ്ങളുടെ ഹൃദയത്തിൽ കുടി കൊള്ളുമാറാകട്ടേ...ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ..

No comments:

Post a Comment