Saturday 13 June 2015

അഷ്ടപദി 15 - രമതേ യമുനാ പുളിനവനേ (Ashtapadi - 15 - Ramathe Yamuna Pulinavane )

(സഖി കൃഷ്ണസമക്ഷത്ത് നിന്നും മടങ്ങിയെത്തിയെങ്കിലും... അവളുടെ വാക്കുകൾക്ക് കാത് നൽകാതെ രാധ അവളുടെ സങ്കൽപ്പ ലോകത്ത് നിന്ന് കൊണ്ട് കൃഷ്ണന്റെ പുതിയ ലീലകളുടെ വിവരണം സഖിയ്ക്ക് നല്കി, അവൾ താമസിച്ചതിനുള്ള കാരണം വിശദീകരിയ്ക്കണമെന്നില്ല, ഇനി കാത്തിരുന്നിട്ട് കാര്യവുമില്ല എന്ന കോപതാപസമ്മിശ്രമായ പ്രതികരണമാണീ അഷ്ടപദിയിൽ 

രാഗം - സാവേരി)

സമുദിതമദനേ രമണീവദനേ ചുംബനചലിതാധരേ
മൃഗമദതിലകം ലിഖതി സപുളകം മൃഗമിവ രജനീകരേ
രമതേ യമുനാപുളിന വനേ വിജയീ മുരാരിരധുനാ

സുന്ദരമായ വദനത്തിൽ ചുംബനമേറ്റ് വാങ്ങവേ രോമാഞ്ചത്തോടെയും ചലിയ്ക്കുന്ന അധരങ്ങളുമായും, ഓരോ രോമകൂപത്തിലുമുയരുന്ന പുളകങ്ങളോടെ ആ ഗോപിക നിൽക്കവേ, അവൻ അവളുടെ നിരുനെറ്റിയിൽ ചന്ദനതൈലം കൊണ്ട് ഒരു മാനിന്റെ ആകൃതിയിൽ കുത്തിയ ചുട്ടി, പൂർണ്ണചന്ദ്രനിലെ മാനിന്റെ അടയാളം പോലെ കാണപ്പെടുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ പ്രണയലീലകളാടുന്നു.

ഘനചയരുചിരേ രചയതി ചികുരേ തരളിത തരുണാനനേ
കുരവകകുസുമം ചപലാ സുഷമം രതിപതിമൃഗകാനനേ
രമതേ യമുനാപുളിന വനേ വിജയീ മുരാരിരധുനാ

ആ ഗോപികയുടെ അഴിഞ്ഞു കിടക്കുന്ന കറുത്തതും, മൃദുവും, ചുരുണ്ടതുമായ കേശഭാരം ആകാശത്ത് കാർമേഘങ്ങളുടെ വലിയ നിരയെന്ന പ്രതീതിയുണർത്തുന്നു. കാമദേവന്റെ മാനുകൾക്ക് ഭീതിയകന്ന് വിളയാടാനുള്ള നിബിഡവനമായി തോന്നുന്ന ആ കാർകൂന്തലിൽ അവൻ ഒരു നെന്മേനിവാകപ്പൂ ചൂടിച്ച് കൊടുത്തത് കാർമേഘ പാളികൾക്കിടയിലെ മിന്നൽക്കൊടി പോലെ ശോഭിയ്ക്കുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ പ്രണയലീലകളാടുന്നു.

ഘടയതി സുഖനേ കുചയുഗഗഗനേ മൃഗമദരുചിഭൂഷിതേ
മണിസരമമലം താരകപടലം നഖപദശശിഭൂഷിതേരമതേ യമുനാപുളിന വനേ വിജയീ മുരാരിരധുനാ

ആ ഗോപകന്യകയുടെ ഇരു സ്തനങ്ങളിലും ആ വനമാലി തന്റെ കരങ്ങളാൽ കസ്തൂരി തൈലം പുരട്ടുകയും, അതിനു മേൽ അമൂല്യരത്നങ്ങൾ പതിച്ച ഒരു മാല അവയ്ക്ക് മുകളിൽ അണിയിയ്ക്കുകയും ചെയ്യുന്നു. ഈ മനോഹരമായ ദൃശ്യഭംഗിയ്ക്ക് മാറ്റ് കൂട്ടിക്കൊണ്ട് കൃഷ്ണന്റെ ചന്ദ്രസമാനമായ നഖങ്ങൾ കൂടി ചേരുമ്പോൾ, നക്ഷത്രസഞ്ചയവും ചന്ദ്രനും ചേർന്ന് ആകാശം പൂത്തു നില്ക്കുന്ന പ്രതീതി ഉണര്ത്തുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ പ്രണയലീലകളാടുന്നു.

ജിതവിസശകലേ മൃദുഭുജയുഗളേ കരതലനളിനീദളേ
മരതകവലയം മധുകരനിചയം വിതരതി ഹിമശീതളേ
രമതേ യമുനാപുളിന വനേ വിജയീ മുരാരിരധുനാ

പ്രേമസല്ലാപത്തിൽ അവൻ, ആ ഗോപകന്യകയുടെ പട്ടിനേക്കാൾ മൃദുവും, താമരത്തണ്ട് പോലെ അതിമനോഹരവും, തണുപ്പുള്ളതുമായ കൈത്തണ്ടയിൽ ഒരു മരതകരത്ന കങ്കണം അണിയിച്ച് കൊടുക്കുന്നു. മധു നുകരാനെത്തിയ ഒരു പറ്റം തേനീച്ചകൾ താമരത്തണ്ടിനു ചുറ്റും വലയം വയ്ക്കുന്നത് പോലെ അത് കാണപ്പെടുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ പ്രണയലീലകളാടുന്നു.


രതിഗൃഹജഘനേ വിപുലാപഘനേ മനസിജകനകാസനേ
മണിമയരശനംതോരണഹസനം കിരതികൃതവാസനേ
രമതേ യമുനാപുളിന വനേ വിജയീ മുരാരിരധുനാ

വിസ്തൃതവും, പ്രൗഢവും, ഭാരിച്ചതും, രതിഭവനത്തിന്റെ ഉപരിഭാഗവും, കാമദേവന്റെ സിംഹാസന സമാനവുമായ അവളുടെ അരക്കെട്ടിൽ അവൻ രത്നഖചിതമായ ഒരു അരപ്പട്ട അവൻ കെട്ടിക്കൊടുക്കുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ പ്രണയലീലകളാടുന്നു.

ചരണകിസലയേ കമലാനിലയേ നഖമണിഗണപൂജിതേ
ബഹിരപവരണം യാവകഭരണം ജനയതി ഹൃദിയോജിതേ രമതേ യമുനാപുളിനവനേ വിജയീ മുരാരിരധുനാ

ഐശ്വര്യരൂപിണിയായ ആ ഗോപകന്യകയുടെ കോമളവും , തളിർ പോലെ മൃദുവും മിനുസ്സമുള്ളതും, രത്നങ്ങൾ പോലെ നഖങ്ങൾ തിളങ്ങുന്നതുമായ പാദങ്ങൾ, തന്റെ നെഞ്ചിൽ ചേർത്ത് വച്ച് അവൻ മൈലാഞ്ചി കൊണ്ട് അലങ്കാരചിത്രങ്ങൾ രചിയ്ക്കുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ പ്രണയലീലകളാടുന്നു.

രമയതി സുദൃശം കാമപിസദൃശം ഖലഹലധരസോദരേ
കിമഫലമവസം ചിരമിഹവിരസം വദ സഖിവിടപോദരേ രമതേ യമുനാ പുളിനവനേ വിജയീ മുരാരിരധുനാ

ബലരാമസഹോദരനായ അവൻ സുന്ദര നയനങ്ങളുള്ള ആ ഗോപ കന്യകയോടൊപ്പം രതിലീലകൾ ആടി രസിയ്ക്കുമ്പോൾ, പറയൂ സഖീ.. ഞാൻ എന്തിനായി ഈ മരച്ചുവട്ടിലെ ഏകാന്തതയിലും വിരസതയിലും അവനുവേണ്ടി വ്യർത്ഥമായ കാത്തിരിപ്പ് ഇനിയും തുടരണം? അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ പ്രണയലീലകളാടുന്നു.

ഇഹരസഭണേന കൃതഹരിഗുണനേ മധുരിപുപദസേവകേ
കലിയുഗചരിതം നവസതു ദുരിതം കവിനൃപജയദേവകേ
രമതേ യമുനാപുളിനവനേ വിജയീ മുരാരിരധുനാ

മധുരിപുവായ ഹരിയുടെ ദൈവീക ലീലകളുടെ അപദാനങ്ങൾ ശ്രംഗാരരസത്തിൽ പാടുന്ന അദ്ദേഹത്തിന്റെ പാദദാസനായ കവിശ്രേഷ്ഠൻ ജയദേവൻ കലിയുഗത്തിലെ ദുഖദുരിതങ്ങൾക്ക് അതീതനായി തീരുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ ആ വനത്തിൽ പ്രണയലീലകളാടുന്നു.

No comments:

Post a Comment