Saturday 13 June 2015

അഷ്ടപദി 14 - സ്മരസമരോചിത വിരചിത വേഷാ ( Ashtapadi 14 - Smarasamarochitha )

(കൃഷ്ണൻ മറ്റേതോ ഗോപികയുമായി തന്നെക്കാൾ കൂടുതലായ ഹൃദയബന്ധത്തിൽ ആയിക്കഴിഞ്ഞു, അതിനാലാണ് സഖി തിരിച്ച് വരാൻ താമസ്സമുണ്ടാകുന്നതെന്ന ധാരണയിൽ, കൃഷ്ണന്റെ പുതിയ ഗോപികയുമയുള്ള സംസർഗ്ഗം മനസ്സിൽ ദർശ്ശിയ്ക്കുകയാണു രാധ ഈ അഷ്ടപദിയിൽ 

രാഗം - സാരംഗി )

സ്മരസമരോചിത വിരചിത വേഷാ
ഗളിത കുസുമഭരവിലുളിത കേശാ
കാപി മധുരിപുണാ 
വിലസതി യുവതിരധികഗുണാ

കൃഷ്ണനുമായുള്ള പ്രണയ, രതി മത്സരങ്ങളിൽ, അലങ്കാരങ്ങളും, ചമയങ്ങളും ഉലഞ്ഞ്, അഴിഞ്ഞ് കിടക്കുന്ന കേശഭാരവും, അതിൽ നിന്നുതിർന്ന് വീണ പുഷ്പദളങ്ങളും, ആയി എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപകന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം. 

ഹരിപരിരംഭണ ചലിതവികാരാ
കുചകലശോപരി തരളിതഹാരാ
കാപി മധുരിപുണാ 
വിലസതി യുവതിരധികഗുണാ

കൃഷ്ണന്റെ ഗാഢാലിംഗനത്താൽ ആ ഗോപകന്യകയുടെ വികാരങ്ങൾക്ക് തീ പടർന്നിരിയ്ക്കുന്നു, കലശ സമാനമായ അവളുടെ സ്തനങ്ങളുടെ മുകളിലൂടെ കഴുത്തിൽ അണിഞ്ഞിരിയ്ക്കുന്ന രത്നമാലകൾ ആടിയുലയുന്നു. എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപകന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.

വിചലദളകലളിതാനന ചന്ദ്രാ
തദധരപാന രഭസകൃതതന്ദ്രാ
കാപി മധുരിപുണാ 
വിലസതി യുവതിരധികഗുണാ

ആ ഗോപകന്യകയുടെ ചുരുണ്ട മുടിയിഴകൾ ചന്ദ്രസമാനമായ സുന്ദരമുഖത്ത് പടർന്ന് കിടക്കുന്നു, അവയെ അധരത്താൽ വകഞ്ഞ് മാറ്റി, കൃഷ്ണൻ അവളുടെ അധരപാനം ചെയ്യുന്നതസ്വദിച്ച് അവൾ അലസ്സയായി കിടക്കുന്നു. എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപകന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.


ചഞ്ചലകുണ്ഡല ലളിതകപോലാ
മുഖരിതരശന ജഘനഗതിലോലാ
കാപി മധുരിപുണാ 
വിലസതി യുവതിരധികഗുണാ

കൃഷ്ണന്റെ ഇളകിയാടുന്ന കുണ്ഡലങ്ങൾ ആ ഗോപകന്യകയുടെ കവിളുകളെ തഴുകി പുളകമണിയിയ്ക്കുന്നു, അവളുടെ അരയിലെ അരഞ്ഞാണത്തിലെ മണികൾ കിലുങ്ങുന്നു, വികാര മൂർച്ഛയിൽ അവൾ ചുണ്ടുകൾ കടിച്ചമർത്തുന്നു. എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപ കന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.

ദയിത വിലോകിത ലജ്ജിതഹസിതാ
ബഹുവിധ കൂജിത രതിരസരസിതാ
കാപി മധുരിപുണാ 
വിലസതി യുവതിരധികഗുണാ

കൃഷ്ണന്റെ കണ്ണൂകളോടിടയുമ്പോഴൊക്കെ ആ ഗോപകന്യക ലജ്ജയാൽ തരളിതയാകുന്നു, ഉറക്കെ ചിരിച്ചും, വിവിധ തരത്തിലുള്ള ത്സീൽക്കാരങ്ങൾ പുറപ്പെടുവിച്ചും അവൾ ആ രാസക്രീഡ ആസ്വദിയ്ക്കുകയാണ്. എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപകന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.


വിപുല പുളകപൃഥു വേപഥുഭംഗാ
ശ്വസിത നിമീലിത വികസദനംഗാ
കാപി മധുരിപുണാ 
വിലസതി യുവതിരധികഗുണാ

ആ ഗോപമനോഹരിയുടെ ദേഹം കോരിത്തരിപ്പിൽ, വലിഞ്ഞ് മുറുകി ദൃഢമായിരിയ്ക്കുന്നു, വികാരമൂർച്ഛയിൽ അവൾ പ്രകമ്പനം കൊള്ളുന്നു, അവളുടെ ശ്വാസഗതി അതി തീവ്രമായിരിയ്ക്കുന്നു, നിർവൃതിയിൽ മിഴികൾ പാതി കൂപ്പിയ നിലയിൽ, രതിക്രീഡയുടെ ഉത്തുംഗ ശൃംഗത്തിൽ അവൾ വിഹരിയ്ക്കയാണ്. എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപകന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.

ശ്രമജലകണഭര സുഭഗശരീരാ
പരിപതി തോരസി രതിരണധീരാ
കാപി മധുരിപുണാ 
വിലസതി യുവതിരധികഗുണാ

രാസകേളിയുടെ അദ്ധ്വാനത്താൽ ഉതിർന്ന വിയർപ്പിൽ കുളിച്ച ആ സുന്ദരിയുടെ ശരീരം പ്രകാശ കിരണങ്ങളേറ്റ് മിന്നിത്തിളങ്ങുന്നു. അവൾ രതിയുദ്ധത്താൽ ആഗതമായ തളർച്ചയിൽ കാമുകന്റെ വിരിമാറിൽ വിശ്രമിയ്ക്കുകയാണ്. എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപകന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.

ശ്രീജയദേവഭണിതഹരിരമിതം
കലികലുഷം ജനയതു പരിശമിതം
കാപി മധുരിപുണാ 
വിലസതി യുവതിരധികഗുണാ

കവിയായ ജയദേവൻ രചിച്ച ഈ കൃഷ്ണലീലാഗീതം എല്ലാവരെയും കലിയുടെ അപഹാരങ്ങളിൽ നിന്നും, ശ്രീഹരിയുടെ കൃപയാൽ രക്ഷിയ്ക്കുവാൻ പ്രാപ്തമാകട്ടേ! എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപ കന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.

No comments:

Post a Comment