Saturday 13 June 2015

അഷ്ടപദി 13 - കഥിതസമയേപി ഹരി ( Ashtapadi 13 - Kathithasamayepi Hari )

(രാധയുടെ സഖി വീണ്ടും കൃഷ്ണന്റെ സമീപത്തേയ്ക്ക് പോവുകയും, തിരിച്ച് വരാൻ താമസം നേരിടുകയും ചെയ്തപ്പോൾ രാധയുടെ മനസ്സിൽ നിറഞ്ഞ ആശങ്കയാണീ അഷ്ടപദിയിൽ 

രാഗം - ആഹിരി)



കഥിത സമയേപി ഹരിരഹഹ! ന യയൌവനം
മമ വിഫല മിദമമലരൂപമപി യൌവനം
യാമിഹേ കമിഹ ശരണം 
സഖീജന വചന വഞ്ചിതാഹം

ഹോ.. ഇനിയെന്ത്? ഞാൻ എന്ത് ചെയ്യണം? കൃഷ്ണൻ ഈ ലതാനികുഞ്ജത്തിലേയ്ക്ക് വരാമെന്ന് ഏറ്റിരുന്ന സമയം കഴിഞ്ഞിരിയ്ക്കുന്നു, അവൻ വന്നില്ല. എന്റെ കുറ്റമറ്റ സൗന്ദര്യത്തിനും, നിറഞ്ഞ യൗവ്വനത്തിനും ഇനി എന്ത് വിലയാണുള്ളത്? ആരാണെനിയ്ക്കിനി ഒരഭയം? അതോ ഞാൻ നിരാശയുടെ കയങ്ങളിൽ മുങ്ങിത്താണു പോകുമോ? എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് ഞാൻ കബളിയ്ക്കപ്പെട്ടുവോ?

യദനുഗമനായ നിശി ഗഹനമപിശീലിതം
തേന മമ ഹൃദയമിദം അസമശരകീലിതം
യാമിഹേ കമിഹശരണം 
സഖീജനവചനവഞ്ചിതാഹം

ഞാൻ ഈ ഇരുൾ കട്ടപിടിച്ച് ഭീതിദമായ കാനനത്തിൽ ആരെയാണോ കാത്തിരിയ്ക്കുന്നത്, ആരുടെ നിർദ്ദേശങ്ങൾ ആണോ പിന്തുടർന് അനുസരിച്ചും ശീലിച്ചത്? അതേ കൃഷ്ണൻ മന്മഥന്റെ അസ്ത്രങ്ങളാൽ എന്റെ ഹൃദയം തുളച്ച ശേഷം എന്നെ വേദനിയ്ക്കാൻ ഇവിടെ തനിച്ച്ചാക്കിയിരിയ്ക്കുന്നു. ആരാണെനിയ്ക്കിനി ഒരഭയം? എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് ഞാൻ കബളിയ്ക്കപ്പെട്ടുവോ?


മമ മരണംവവരം അതിവിതഥ കേതനാ
കിമിതി വിഷഹമി വിരഹാനലമചേതനാ
യാമിഹേ കമിഹശരണം 
സഖീജനവചനവഞ്ചിതാഹം 

എന്റെ ഈ ശരീരം പ്രയോജനം ഇല്ലാത്തതായിരിയ്ക്കുന്നു, എനിയ്ക്കിനി മരണമാണ് കാമ്യം. ഇപ്പോൾ തന്നെ വിരഹം എന്നെ പാതി മരിച്ച നിലയിലാക്കിയിരിയ്ക്കുന്നു. ശരീരവും, മനസ്സും ഒരു പോലെ തീയാലെന്ന പോലെ ചുട്ടു പൊള്ളിയ്ക്കുന്ന ഈ വിരഹത്തെ ഞാൻ എങ്ങനെ അതിജീവിയ്ക്കും? ആരാണെനിയ്ക്കിനി ഒരഭയം? എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് ഞാൻ കബളിയ്ക്കപ്പെട്ടുവോ?

അഹഹ! കലയാമി ന വലയാദിമണിഭൂഷണം
ഹരിവിരഹദഹന വഹനേന ബഹുഭൂഷണം
യാമിഹേ കമിഹശരണം 
സഖീജനവചനവഞ്ചിതാഹം

ഹോ..എന്റെ രത്നങ്ങൾ പതിച്ച കനകകങ്കണങ്ങൾ ഇപ്പോൾ വിലയില്ലാത്തതായിരിയ്ക്കുന്നു, കൃഷ്ണന്റെ വിരഹത്താൽ ഉയരുന്ന തീയിൽ ഞാൻ ഉരുകുമ്പോൾ അമൂല്യാഭരണങ്ങൾ കാക്കപ്പൊന്നും, കുപ്പിച്ചില്ലുമായി തോന്നുന്നു. 
ആരാണ് നിയ്ക്കിനി ഒരഭയം? എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് ഞാൻ കബളിയ്ക്കപ്പെട്ടുവോ?

മാമഹഹ! വിധുരയതി മധുരമധുയാമിനി
കാപി ഹരിമനുഭവതി കൃതസുകൃതകാമിനി
യാമിഹേ കമിഹശരണം 
സഖീജനവചനവഞ്ചിതാഹം

ഹോ.. മുഴുവൻ ഉന്മാദം വാരിവിതറുന്ന ഈ വസന്ത സുന്ദര രാവുകൾ എനിയ്ക്ക് കൂടുതൽ ദുഖമല്ലാതെ മറ്റൊന്നും കൊണ്ടുവരുന്നില്ലല്ലോ! മറ്റേതോ സുന്ദരിയായ ഗോപകന്യക അവളുടെ പുണ്യത്താൽ കൃഷ്ണന്റെ സാമീപ്യവും, ആനന്ദവും അനുഭവിയ്ക്കുന്നുണ്ടാവണം. 
ആരാണെനിയ്ക്കിനി ഒരഭയം? എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് ഞാൻ കബളിയ്ക്കപ്പെട്ടുവോ?


കുസുമ സുകുമാരതനു മതനുശരലീലയാ
സ്രഗപി ഹൃദി ഹന്തി മാം അതിവിഷമശീലയാ
യാമിഹേ കമിഹശരണം 
സഖീജനവചനവഞ്ചിതാഹം

കാമിനിമാരുടെ ഹൃദയങ്ങളിൽ മാരശരങ്ങളാൽ മുറിവേൽപ്പിച്ച് രസിയ്ക്കുക എന്നത് കാമദേവന്റെ വെറും വിനോദമാണ്. എന്റെ തനുവും മനവും പുഷ്പ്പസമാനമായി മൃദുലവും, ബലഹീനവും ആകയാൽ പുഷ്പ്പഹാരങ്ങൾ പോലും എനിയ്ക്ക് വേദനയാകുന്നു. 
ആരാണെനിയ്ക്കിനി ഒരഭയം? എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് ഞാൻ കബളിയ്ക്കപ്പെട്ടുവോ?

അഹമിഹ നിവസാമി ന ഗണിതവനവേതസാ
സ്മരതി മധുസൂദനോ മാമപി ന ചേതസാ
യാമിഹേ കമിഹശരണം 
സഖീജനവചനവഞ്ചിതാഹം

കൃഷ്ണന്റെ സാമീപ്യമൊന്നു മാത്രം പ്രതീക്ഷിച്ച്, ഞാൻ ഈ കാടിന്റെ ഉരുളും, ഭയാനകതയും തൃണവത്ഗണിച്ചിവിടെ അവനെ കാത്തിരിയ്ക്കുന്നു. അവനോ ഹൃദയപൂർവ്വം എന്നെ സ്മരിയ്ക്കാൻ പോലും തയ്യാറാകുന്നുമില്ല. 
ആരാണെനിയ്ക്കിനി ഒരഭയം? എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് ഞാൻ കബളിയ്ക്കപ്പെട്ടുവോ?

ഹരി ചരണശരണ ജയദേവകവിഭാരതീ
വസതു ഹൃദി യുവതിരിവ കോമളകലാവതി
യാമിഹേ കമിഹശരണം 
സഖീജനവചനവഞ്ചിതാഹം

ഹരിയുടെ പാദാരവിന്ദങ്ങളിൽ അഭയം തേടുന്ന കവി ജയദേവന്റെ ഈ വരികൾ, സഹൃദയരുടെ മനസ്സുകളെ സുകുമാരകലകളിൽ പ്രാവീണ്യം സിദ്ധിച്ച യുവസുന്ദരിയെ പോലെ രസിപ്പിയ്ക്കട്ടേ ! 
രാധയുടെ മനസ്സിൽ നിറഞ്ഞ ആശങ്കകൾ ഒഴിയുന്നില്ല.. ആരാണെനിയ്ക്കിനി ഒരഭയം? എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് ഞാൻ കബളിയ്ക്കപ്പെട്ടുവോ?

No comments:

Post a Comment